Ongoing News
ടി 20 ലോകകപ്പ്; ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

അബൂദബി | ടി 20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍. സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് കിവീസ് കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 167 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ശേഷിക്കെ ന്യൂസിലന്‍ഡ് മറികടന്നു. 47 പന്തില്‍ 72 റണ്‍സ് അടിച്ച് തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഡാരല്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ വിജയശില്‍പ്പിയായത്.മിച്ചല്‍ തന്നെയാണ് കളിയിലെ താരം.
16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 110 എന്ന നിലയില്‍ പരുങ്ങലിലായിരുന്ന കിവീസിനെ ജിമ്മി നീഷാമും ഓപ്പണര്‍ ഡാരില്‍ മിച്ചലും പുറത്തെടുത്ത അവിസ്മരണീയമായ ബാറ്റിംഗ് പാടവമാണ് വിജയത്തിലേക്ക് നയിച്ചത്. അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരില്‍ മിച്ചലും കിടിലന്‍ പ്രകടനം നടത്തുകയായിരുന്നു. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സം ലിയാം ലിവിംഗ്സ്റ്റണും രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് ഒരു വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ അര്‍ധ ശതകത്തിന്റെ ബലത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തത്. 51 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് മലന്‍ (30 പന്തില്‍ 41), ജോസ് ബട്ലര്‍(24 പന്തില്‍ 29) ലിവിംഗ്സ്റ്റ്(10 പന്തില്‍ 17) എന്നിവരും ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചു. ന്യൂസിലന്‍ഡിനായി ഇഷ് സോധിയും ജിമ്മി നീഷാമും ടിം സൗത്തിയും ഓരോ വിക്കറ്റെടുത്തു.