pala bishop issue
പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി; ബി ജെ പിയെ വിമര്‍ശിച്ച് കെ സി ബി സി
ബി ജെ പിയുടെ സഭാസ്‌നേഹം എത്രനാളത്തേക്കെന്നും സ്റ്റാന്‍ സ്വാമി വിഷയത്തില്‍ പ്രതികരിക്കാത്തവരാണ് സഭക്ക് പ്രതിരോധം തീര്‍ക്കാന്‍ വരുന്നതെന്നും കെ സി ബി സി മീഡിയ കമ്മീഷന്‍ വിമര്‍ശിച്ചു.
കോട്ടയം | നാര്‍ക്കോട്ടിക്‌സ് ജിഹാദ്, ലവ് ജിഹാദ് പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി. ഇന്ന് രാവിലെ ബിഷപ്പ് ഹൗസിലെത്തുകയായിരുന്നു ബി ജെ പി. എം പിയായ സുരേഷ് ഗോപി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയില്ലെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയക്കാരനായല്ല ബിഷപ്പിനെ കണ്ടതെന്നും എം പി എന്ന നിലക്കാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതിനിടെ, ബി ജെ പിയെയും സംസ്ഥാന സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ സി ബി സി രംഗത്തെത്തി. ബി ജെ പിയുടെ സഭാസ്‌നേഹം എത്രനാളത്തേക്കെന്നും സ്റ്റാന്‍ സ്വാമി വിഷയത്തില്‍ പ്രതികരിക്കാത്തവരാണ് സഭക്ക് പ്രതിരോധം തീര്‍ക്കാന്‍ വരുന്നതെന്നും കെ സി ബി സി മീഡിയ കമ്മീഷന്‍ വിമര്‍ശിച്ചു. പാലാ ബിഷപ്പ് ഉന്നയിച്ച ഗൗരവ വിഷയം ആരും പരിഗണിച്ചില്ലെന്നും കെ സി ബി സി പറയുന്നു.
അതിനിടെ, ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പിനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനുമാണ് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ സന്ദര്‍ശിച്ചത്.



