Connect with us

editorial

സുപ്രീം കോടതി വിധിയും സെലിബ്രിറ്റികളുടെ വിയോജിപ്പും

മൃഗസ്‌നേഹം വേണം. പക്ഷേ, അതിരു കടക്കരുത്. കോടതി ചൂണ്ടിക്കാട്ടിയതു പോലെ മനുഷ്യജീവനോളം വലുതല്ല നായ്ക്കളും അവക്ക് തെരുവില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും.

Published

|

Last Updated

തെരുവുനായകളെ കൂട്ടിലടക്കുന്നത് ക്രൂരതയാണത്രെ. ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറിലടക്കണമെന്ന സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കവെ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയാണ് അത് ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ടത്. നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ചു വരുന്ന മാനുഷികവും “ശാസ്ത്രീയ’വുമായ സമീപനത്തിന് വിരുദ്ധമാണ് നായ്ക്കളെ ഷെല്‍ട്ടറിലടക്കുന്നതെന്നാണ് രാഹുലിന്റെ പക്ഷം. ശബ്ദമില്ലാത്ത ഈ ആത്മാക്കള്‍ തുടച്ചുനീക്കപ്പെടേണ്ട പ്രശ്‌നങ്ങളല്ലെന്ന് ഒരു വളര്‍ത്തുനായയെ കൈയിലേന്തി നായവര്‍ഗത്തോടുള്ള സ്‌നേഹം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പാകെ പ്രകടിപ്പിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

മുന്‍ കേന്ദ്ര മന്ത്രി മേനകാ ഗാന്ധി, ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂര്‍, ക്രിക്കറ്റ് താരം രോഹിത് ശര്‍മയുടെ ഭാര്യ റിത്ക സജ്‌ദേഹ തുടങ്ങി ചില സെലിബ്രിറ്റികളും സുപ്രീം കോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. കൂട്ടിലടക്കുന്നത് തെരുവുനായകളുടെ സ്വാതന്ത്ര്യം ഹനിക്കലാണത്രെ. ഷെല്‍ട്ടറില്‍ നായകള്‍ക്ക് വേണ്ടത്ര പരിചരണം ലഭിക്കാനിടയില്ല. അവ കേവലം തെരുവുനായകളല്ല; തെരുവുകളിലെ ചായക്കടക്ക് മുമ്പില്‍ ഒരു ബിസ്‌കറ്റിനു വേണ്ടി കാത്തുനില്‍ക്കുന്ന ജീവികളാണ്. രാത്രിയിലെ കാവല്‍ക്കാരാണ്. ശബ്ദമില്ലാത്തവരെ സംരക്ഷിക്കാത്തവര്‍ അത്മാവ് നഷ്ടപ്പെട്ടവരാണ്… എന്നിങ്ങനെ പോകുന്നു സെലിബ്രിറ്റികളുടെ തെരവുനായ പ്രേമത്തെ ചൊല്ലിയുള്ള വാചകമടി.

ഡല്‍ഹിയില്‍ തെരുവുനായ ആക്രമണവും പേവിഷബാധ മരണവും വര്‍ധിച്ച സാഹചര്യത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നഗരത്തിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനു പുറത്തെവിടെയെങ്കിലും ഷെല്‍ട്ടറില്‍ അടക്കാന്‍ ഉത്തരവിട്ടത്. ഇതുസംബന്ധിച്ച നടപടികള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ഡല്‍ഹി ഭരണകൂടത്തോടും സമീപ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ് (യു പി), ഗുരുഗ്രാം (ഹരിയാന) നഗര അധികൃതരോടും കോടതി നിര്‍ദേശിക്കുകയും ചെയ്തു. മൃഗസ്‌നേഹം പറഞ്ഞ് ആരെങ്കിലും ഇതിനു തടസ്സം നിന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി പരമോന്നത കോടതി.

ഡല്‍ഹിയില്‍ നായകളുടെ ജനന നിയന്ത്രണത്തിനു വേണ്ടി സ്ഥാപിച്ച കേന്ദ്രങ്ങള്‍ പ്രവർത്തനക്ഷമമാക്കിയാൽ നായ്ക്കളെപിടികൂടി കൂട്ടിലടക്കാതെ തന്നെ പ്രശ്‌നം പരിഹരിക്കാവുന്നതല്ലേയെന്ന, മൃഗസ്‌നേഹികള്‍ക്ക് വേണ്ടി ഹജരായ അഭിഭാഷകന്റെ ചോദ്യത്തിന്, പേവിഷബാധയേറ്റു മരിച്ച കുട്ടികളുടെ ജീവന്‍ തിരിച്ചു നല്‍കാന്‍ ഈ മൃഗസ്‌നേഹികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമാകുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. നായ്ക്കളുടെ ഭീഷണിയില്ലാതെ കുഞ്ഞുങ്ങള്‍ക്ക് സ്വതന്ത്രമായി തെരുവിലൂടെ നടക്കാന്‍ കഴിയണം. കുറച്ചു മൃഗസ്‌നേഹികള്‍ക്കു വേണ്ടി ഇനിയും കുഞ്ഞുങ്ങളെ ബലികൊടുക്കാനാകില്ലെന്ന് കടുത്ത സ്വരത്തില്‍ പ്രതികരിക്കുകയും ചെയ്തു കോടതി.

അതിരൂക്ഷമാണ് ഡല്‍ഹിയില്‍ തെരുവുനായ ശല്യം. 2023ല്‍ നായയുടെ കടിയേറ്റ നഗരവാസികളുടെ എണ്ണം 16,133 ആയിരുന്നെങ്കില്‍ 2024ല്‍ 25,210 ആയി ഉയര്‍ന്നു. പേവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. നായ്ക്കളെ ഭയന്ന് കുട്ടികള്‍ക്ക് തെരുവുകളില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇരുചക്രവാഹന യാത്രക്കാരും നായകളുടെ ആക്രമണത്തിന് ഇരയാകുന്നു. രണ്ടാഴ്ച മുമ്പാണ് രോഹിണിക്ക് സമീപം ഛാവിശര്‍മയെന്ന ആറ് വയസ്സുകാരി നായകടിയെ തുടര്‍ന്ന് പേയിളകി മരിച്ചത്. തെരുവുനായ ശല്യത്തിനു പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി നഗരത്തിലെ നൂറിലേറെ റസിഡന്റ്‌സ് അസ്സോസിയേഷനുകള്‍ ചേര്‍ന്ന് ഏപ്രില്‍ ഏഴിന് ധര്‍ണ നടത്തിയിരുന്നു. ഇതിനു പിന്നാലെ തെരുവുനായകളെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്് അധികൃതര്‍ പ്രഖ്യാപിച്ചു.

അതോടെ മൃഗസ്‌നേഹികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ജന്ദര്‍മന്തറില്‍ അവര്‍ പ്രതിഷേധ ധര്‍ണയും നടത്തി. പ്രശ്‌നം പരിഹാരമാകാതെ നീളുന്ന സാഹചര്യത്തിലാണ് പത്രവാര്‍ത്തകളെ ആധാരമാക്കി ജൂലൈ 28ന് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് കോടതി ഉത്തരവ്; ഞങ്ങള്‍ക്കിതില്‍ മറ്റു താത്പര്യങ്ങളില്ലെന്നും ജസ്റ്റിസുമാരായ പര്‍ദിവാലയും മഹാദേവനും വ്യക്തമാക്കുകയുണ്ടായി. അതേസമയം പിടികൂടി ഷെല്‍ട്ടറില്‍ അടച്ചതുകൊണ്ട് മാത്രം പ്രശ്‌നം പരിഹൃതമാകുമോ? അക്രമകാരികളായ നായകളെ കൊല്ലാനുള്ള അനുമതി കൂടി നല്‍കേണ്ടതുണ്ട്.

കാറിലും മറ്റു വാഹനങ്ങളിലും മാത്രം യാത്ര ചെയ്യുകയും ചുറ്റുമതിലുള്ള രമ്യഹര്‍മങ്ങളില്‍ താമസിക്കുകയും ചെയ്യുന്ന ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കോ സെലിബ്രിറ്റികള്‍ക്കോ പാവപ്പെട്ട കാല്‍നട യാത്രക്കാരുടെയും ചേരിപ്രദേശങ്ങളില്‍ അന്തിയുറങ്ങുന്നവരുടെയും പ്രയാസങ്ങളും തെരുവുനായ ശല്യത്തിന്റെ രൂക്ഷതയും അറിയണമെന്നില്ല. അതുകൂടി കണ്ടറിഞ്ഞു വേണം കോടതി വിധിക്കെതിരെ പ്രതികരിക്കാന്‍. അവര്‍ക്കോ മക്കള്‍ക്കോ നായ കടിയേറ്റു പേയിളകി മരിച്ചാല്‍ ഇതായിരിക്കുമോ നിലപാട്? മൃഗസ്‌നേഹം വേണം. പക്ഷേ, അതിരു കടക്കരുത്. കോടതി ചൂണ്ടിക്കാട്ടിയതു പോലെ മനുഷ്യജീവനോളം വലുതല്ല നായ്ക്കളും അവക്ക് തെരുവില്‍ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും.

രാജ്യത്തെമ്പാടും നിരപരാധികള്‍ മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന തരത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഈ സെലിബ്രിറ്റികളുടെ പ്രതികരണശേഷി എവിടെ പോകുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ദളിത് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായി നിഷ്ഠൂരമായി വധിക്കപ്പെടുന്നത് പതിവു വാര്‍ത്തയാണ്. ഇതൊന്നും ഇവര്‍ അറിഞ്ഞ ഭാവമേ നടിക്കാറില്ല. ബീഫിനെ ചൊല്ലി നിരപരാധികളെ വര്‍ഗീയാന്ധത ബാധിച്ച ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊല്ലുമ്പോഴും ഇവര്‍ മൗനികളാകുന്നു. തെരുവുനായകളോളം വിലയില്ലേ ഇവരുടെയൊന്നും ജീവന്?