National
ജമ്മു കാശ്മീരിന് സംസ്ഥാന പദവി പുനസഃസ്ഥാപിക്കണം; ഹരജി നാളെ സുപ്രീം കോടതി പരിഗണിക്കും
ജമ്മു കശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാത്തത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസം എന്ന ആശയത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡൽഹി | ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും. കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പ്രകാരം ജമ്മു കാശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാൻ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
2024 ഒക്ടോബറിൽ സഹൂർ അഹമ്മദ് ഭട്ട്, ഇർഫാൻ ഹാഫിസ് ലോൺ എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ഹർജി ഫയൽ ചെയ്തത്. ജമ്മു കശ്മീരിന് സമയബന്ധിതമായി സംസ്ഥാന പദവി തിരികെ നൽകാത്തത് ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമായ ഫെഡറലിസം എന്ന ആശയത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2023 ഡിസംബർ 11-ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കവേ, ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു.
ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സംസ്ഥാന പദവി ഇല്ലാതാക്കുന്നത് ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
10 വർഷത്തിന് ശേഷം 2024 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 1 വരെ ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന പൊതുതിരഞ്ഞെടുപ്പും സമാധാനപരമായാണ് നടന്നത്. അതിനാൽ, സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിന് സുരക്ഷാപരമായ തടസ്സങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.