Connect with us

Kerala

അര്‍ഹരായവരെയെല്ലാം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും; അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി

പട്ടികയില്‍ പേര് ചേര്‍ത്തുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | അര്‍ഹരായവരെയെല്ലാം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അടിയന്തര നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കരട് പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായുള്ള ബോധവത്ക്കരണം നടത്തും. പട്ടികയില്‍ പേര് ചേര്‍ത്തുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുന്നതിന് ഉടന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രേഖകള്‍ കിട്ടുന്നതിനായി ഏതെങ്കിലും ഫീസ് നല്‍കേണ്ടതുണ്ടെങ്കില്‍ അത് ഈ കാലയളവില്‍ ഒഴിവാക്കും.

പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാത്ത രീതിയില്‍ ഹിയറിങ് കേന്ദ്രങ്ങള്‍ സംവിധാനിക്കും. ഇതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനും ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഹിയറിങ് കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ വളണ്ടിയര്‍മാരുടെ സേവനവും ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്താനും കലക്ടര്‍മാര്‍ ശ്രദ്ധിക്കണം.

ഓണ്‍ലൈനായി അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. ഇതിന് അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് കുറയ്ക്കുന്നതിന് ഐ ടി വകുപ്പിന് നിര്‍ദേശം നല്‍കി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിങ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണം. ഇ ആര്‍ ഒ, എ ഇ ആര്‍ ഒ, അഡീഷണല്‍ എ ഇ ആര്‍ ഒ തസ്തികകളില്‍ വിരമിക്കല്‍ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തണം. പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം എല്‍ പി എ ആര്‍ (വിരമിക്കുന്നതിനു മുമ്പുള്ള അവധി) അനുവദിക്കുകയും വേണം.

ഇക്കാലയളവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പാടില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ അവധി അനുവദിക്കരുത്. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിക്കണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

 

 

---- facebook comment plugin here -----