From the print
മാനവിക ഐക്യം വിളംബരം ചെയ്ത് സ്‌നേഹ സംഗമം
വര്‍ഗീയ, ലഹരി വിപത്തുകള്‍ക്കെതിരെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കേരളയാത്രയുടെ ഭാഗമായി നടന്ന സ്നേഹ സംഗമം.
കേരളയാത്രക്ക് വയനാട്ടിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ ടി സിദ്ദീഖ് എം എൽ എ സംസാരിക്കുന്നു
കല്‍പ്പറ്റ | വര്‍ഗീയ, ലഹരി വിപത്തുകള്‍ക്കെതിരെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് കേരളയാത്രയുടെ ഭാഗമായി നടന്ന സ്നേഹ സംഗമം ആവശ്യപ്പെട്ടു. വര്‍ഗീയതയെന്ന ദുര്‍ഭൂതത്തെ പിടിച്ചുകെട്ടണം. ദേശീയ വൈജാത്യങ്ങളെ ഒന്നിപ്പിച്ച് കൊണ്ടുപോകുന്ന ശാസ്ത്രീയ രാഷ്ട്രീയ സംവിധാനമാണ് മതേതരത്വമെന്ന് വിഷയാവതരണം നടത്തിയ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല പറഞ്ഞു. കണ്‍വെട്ടത്ത് നടക്കുന്ന തിന്മകള്‍ക്കെതിരെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘ്പരിവാറിന് സമാനമായ വര്‍ഗീയത തന്നെയാണ് ജമാഅത്തെ ഇസ്്‌ലാമിക്കെന്ന് മുന്‍ എം എല്‍ എയും സി പി എം നേതാവുമായ സി കെ ശശീന്ദ്രന്‍ പറഞ്ഞു. രാജ്യത്ത് എല്ലാ വര്‍ഗീയ- തീവ്രവാദ നിലപാടുകളും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മതം നോക്കാതെ യോജിച്ചുനില്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നിപ്പിക്കാന്‍ ഭരണകൂടം തന്നെ ശ്രമിക്കുന്ന സാഹചര്യത്തില്‍ മനുഷ്യര്‍ക്കൊപ്പം എന്ന മുദ്രാവാക്യം വലിയ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്്ടി ഹംസ പറഞ്ഞു. കേരളയാത്ര കേരളത്തിന് വലിയ പ്രതീക്ഷയാണെന്ന് ഡി വൈ എഫ് ഐ നേതാവ് ഫ്രാന്‍സിസ് പറഞ്ഞു. ഒന്നിച്ചിരിക്കുന്ന ഇടങ്ങള്‍ നഷ്ടപ്പെടുന്നതായി നീലഗിരി കോളജ് എം ഡി ഡോ. റാശിദ് ഗസ്സാലി പറഞ്ഞു. മികച്ച സൗഹൃദങ്ങള്‍ നഷ്ടമാകുന്നു. നമ്മളും നമ്മളുടെ ആളുകളുമായും ചുരുങ്ങിപ്പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം കൂട്ടായ്മകള്‍ക്ക് ഐക്യദാര്‍ഢ്യപ്പെടാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് പറഞ്ഞു. കേരളം മതേതരത്വത്തിന്റെ പൂങ്കാവനമാണ്. എന്നാല്‍, രാസലഹരി ഉള്‍പ്പെടെയുള്ളവ നമ്മുടെ സ്വാസ്ഥ്യം കെടുത്തുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഹാരിസ് പറഞ്ഞു.
മനുഷ്യര്‍ക്കൊപ്പം നില്‍ക്കാന്‍ മനുഷ്യത്വം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യനെ തേടുന്ന യാത്രയാണ് കേരള യാത്രയെന്ന് വടുവഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മനോജ് പറഞ്ഞു. ഏതെങ്കിലും ജാതിയിലും മതത്തിലും പെട്ട മനുഷ്യനെയല്ല തേടുന്നത്. വിശ്വ സാഹോദര്യത്തിന്റെ മനുഷ്യനെയാണ് തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിയുണ്ടാകുമ്പോള്‍ മാത്രം ഒന്നിച്ചിരിക്കുന്നതിന് പകരം അതിന് മുമ്പ് തന്നെ ഒന്നിച്ചിരിക്കാനുള്ള ശ്രമമാണ് ഈ യാത്രയിലൂടെ നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ലിന്റോ ജോസും മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിക്കുന്ന യാത്രയാണിതെന്ന് ജനതാദള്‍ നേതാവ് പി പി ഷൈജലും പറഞ്ഞു.
സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി കെ ഉസ്മാന്‍ ഹാജി, യൂസുഫ്, ഡോ. ദഹര്‍ മുഹമ്മദ്, ഗിരീഷ് പെരുന്തട്ട, ശംസാദ്, പി സി അബു ശദ്ദാദ് സംസാരിച്ചു. കെ ഒ അഹ്മദ് കുട്ടി ബാഖവി, കെ എസ് മുഹമ്മദ് സഖാഫി സംബന്ധിച്ചു.




