From the print
വയനാടിന്റെ സമഗ്ര വികസനം ചര്‍ച്ചയാക്കി പ്രയാണം
റെയില്‍വേയോ വിമാനത്താവളമോ ഇല്ലാത്ത വയനാട് ഗതാഗത സൗകര്യത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍.
കല്‍പ്പറ്റ | റെയില്‍വേയോ വിമാനത്താവളമോ ഇല്ലാത്ത വയനാട് ഗതാഗത സൗകര്യത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും ചുരം കയറി വേണം വയനാട്ടിലെത്താന്‍. മണ്ണിടിച്ചിലോ അപകടങ്ങളോ ഉണ്ടായാല്‍ ചുരത്തിലൂടെ യാത്ര നിലക്കും. ചുരത്തില്‍ യാത്രക്കാര്‍ മണിക്കുറുകള്‍ ഒറ്റപ്പെട്ടു പോകുന്ന സംഭവങ്ങള്‍ നിരവധിയാണ്.
മെച്ചപ്പെട്ട ചികിത്സാ സൗകര്യമില്ലാത്ത വയനാട്ടുകാര്‍ അത്യാസന്ന ഘട്ടങ്ങളില്‍ ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജാണ്. രോഗികളെയും കൊണ്ട് ചുരമിറങ്ങേണ്ടിവരുന്ന ആംബുലന്‍സുകള്‍ പോലും ചുരത്തില്‍ നിരന്തരം കുടുങ്ങുന്നതായും നേതാക്കള്‍ പറഞ്ഞു.
തുരങ്കപാത പ്രതീക്ഷയുണര്‍ത്തുന്നുണ്ടെങ്കിലും ചിപ്പിലിത്തോട് ബദല്‍ റോഡ്, പടിഞ്ഞാറത്തറ- പൂഴിത്തോട് ചുരമില്ലാ പാത തുടങ്ങിയവക്ക് വേണ്ടി നിരന്തരം ആവശ്യങ്ങളുയരുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.
കര്‍ണാടകയിലേക്കുള്ള രാത്രി യാത്രാ നിരോധം 15 വര്‍ഷമായി തുടരുകയാണ്. മുത്തങ്ങ വഴി രാത്രി ഒമ്പതിന് ശേഷവും ബാവലി വഴി വൈകിട്ട് ആറിന് ശേഷവും യാത്രാ വിലക്കേര്‍പ്പെടുത്തിയത് വയനാട്, കോഴിക്കോട് ജില്ലകളിലെ കച്ചവടക്കാരെയും വിദ്യാര്‍ഥികളെയും സഞ്ചാരികളെയുമുള്‍പ്പെടെ കാര്യമായി ബാധിക്കുന്നുണ്ട്. മൈസൂരു, ബെംഗളൂരു നഗരങ്ങളില്‍ ഉപരിപഠനം നടത്തുന്ന വയനാട്ടിലെയും പരിസര ജില്ലകളിലെയും നൂറുകണക്കിന് വിദ്യാര്‍ഥികളെ ഇത് വലിയ പ്രതിസന്ധിയിലാക്കുന്നു.
ആരോഗ്യ മേഖലയില്‍ ഏക ആശ്രയമായ വയനാട് മെഡിക്കല്‍ കോളജ് ഇന്നും റഫറല്‍ മെഡിക്കല്‍ കോളജായാണ് തുടരുന്നത്. അടിയന്തര ചികിത്സക്ക് ചുരമിറങ്ങുമ്പോഴേക്കും രോഗികള്‍ മരിക്കുന്ന നിരവധി കേസുകളുണ്ടായിട്ടുണ്ട്. ഇതിന് പരിഹാരമായി മാനന്തവാടിയിലെ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സ ലഭിക്കാനാവശ്യമായ ഇടപെടല്‍ വേണം.
വയനാട്ടുകാരുടെ കാലങ്ങളായുള്ള വലിയ സ്വപ്നമാണ് റെയില്‍പാത. വയനാട്ടിലൂടെ കടന്നുപോകുന്ന നഞ്ചന്‍ കോഡ്-നിലമ്പൂര്‍ റെയില്‍ പാതക്ക് 1921ലാണ് ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും നടപടിയായില്ല.
വന്യമൃഗശല്യം മൂലം നിരവധി മനുഷ്യ ജീവനുകള്‍ പൊലിയുന്നു. ജീവന്‍ നഷ്ടത്തിനും പരുക്കുകള്‍ക്കും പുറമെ വന്‍തോതില്‍ കൃഷിയിടങ്ങളും നശിപ്പിക്കുന്നു. ജനങ്ങള്‍ ഭീതിയിലാണ്. സര്‍ക്കാര്‍ അടിയന്തര പരിഹാരം കാണണം.
വിളനാശവും വിലത്തകര്‍ച്ചയും വയനാട്ടിലെ കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മിക്കവരും കാര്‍ഷിക മേഖലയെ ആശ്രയിച്ചുകഴിയുന്നവരാണ്. കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭ്യമാക്കണം. താങ്ങുവില നിശ്ചയിക്കാനും വിളകള്‍ കേടുകൂടാതെ സംഭരിക്കാനും കൂടുതല്‍ സംവിധാനങ്ങള്‍ വേണം. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് മറ്റു സംസ്ഥാനങ്ങളെയോ ജില്ലകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ് ഇപ്പോഴും വയനാട്ടുകാര്‍ക്ക്. ഈ മേഖലയില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ കൂടുതല്‍ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണം. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയായി ബാധിക്കുന്ന നാടായി വയനാട് മാറിയിട്ടുണ്ട്. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ മാപ്പിംഗ് പുനഃപരിശോധിച്ച് പെട്ടെന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ജില്ലയില്‍ ആരംഭിക്കണമെന്നും നേതാക്കള്‍ അവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫല്‍ ഫൈസി തെന്നല, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി, ജനറല്‍ സെക്രട്ടറി എസ് ശറഫുദ്ദീന്‍ സംബന്ധിച്ചു.



