International
ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കണം; വെനസ്വേലക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ്
നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്കി
വാഷിംഗ്ടണ്‍ ഡിസി | പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ കീഴിലുള്ള വെനസ്വേലയുടെ പുതിയ ഭരണകൂടം ചൈന, റഷ്യ, ഇറാന്‍, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം പൂര്‍ണമായി വിച്ഛേദിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
വെനസ്വേലയെ കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കാന്‍ അനുവദിക്കുന്നതിന് മുന്‍പായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തില്‍ യുഎസുമായി മാത്രം പങ്കാളിത്തം പുലര്‍ത്തണമെന്നും ക്രൂഡ് ഓയില്‍ വില്‍ക്കുമ്പോള്‍ യുഎസിന് മുന്‍ഗണന നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാന്‍ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്കി.
വെനസ്വേലയില്‍ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്. നിലവില്‍ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.
യുഎസ് കഴിഞ്ഞയാഴ്ച വെനസ്വേല ആക്രമിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് തടവിലാക്കി നാടുകടത്തിയിരുന്നു. ഡെല്‍സി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെങ്കിലും വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.വെനസ്വേലയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജമാണ് ചൈന.
നിലവില്‍ എണ്ണ ടാങ്കറുകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ എണ്ണയുടെ വ്യാപാരനീക്കത്തെ ബാധിച്ചേക്കാമെന്നതിനാല്‍ വെനസ്വേലയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ യുഎസിന് സാധിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സെനറ്റര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ അവസാനത്തോടെ വെനസ്വേല എണ്ണക്കിണറുകള്‍ അടച്ചുതുടങ്ങി. ഈ സ്ഥിത തുടരുന്നത് വെനസ്വേലയുടെ സമ്പദ്വ്യവസ്ഥയെ സാരമയി ബാധിക്കും.അതിനിടെ വെനസ്വേലയിലെ ഇടക്കാല ഭരണകൂടം 30 ദശലക്ഷം മുതല്‍ 50 ദശലക്ഷം ബാരല്‍ വരെ എണ്ണ യുഎസിന് കൈമാറുമെന്നും ആ എണ്ണ വിപണിവിലയ്ക്ക് വില്‍ക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.



