From the print
ആതിഥേയത്തിലും വയനാടന്‍ ടച്ച്
ആതിഥ്യ മര്യാദയില്‍ ഒട്ടും കുറവ് വരുത്താതെയാണ് വയനാട് കേരളയാത്രയെ നെഞ്ചേറ്റത്.
വയനാട് ജില്ലാ അതിർത്തിയായ ലക്കിടിയിൽ കേരളയാത്രാ സംഘത്തെ ജില്ലാ നേതാക്കൾ സ്വീകരിക്കുന്നു
കല്‍പറ്റ | കേരള മുസ്‌ലിം ജമാഅത്ത് കേരളയാത്രയുടെ അഞ്ചാം ദിനമായ ഇന്നലെ മാമലകള്‍ കടന്ന് വയനാട്ടിലെത്തിയ യാത്രാ സംഘത്തെ ആവോളം വിരുന്നൂട്ടി വയനാട്. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ ജില്ലയിലെ പ്രാസ്ഥാനിക നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. ശേഷം യാത്രയെത്തിയത് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെ ദാറുല്‍ ഫലാഹ് ക്യാമ്പസിലേക്കാണ്.
യാത്ര ദാറുല്‍ ഫലാഹിലേക്ക് പുറപ്പെട്ട വിവരം ലഭിച്ചപ്പോള്‍ തന്നെ സ്ഥാപനത്തിന് മുന്നിലെ കല്‍പ്പറ്റ- താമരശ്ശേരി റോഡില്‍ ജില്ലാ നേതാക്കളും ദാറുല്‍ ഫലാഹ് മാനേജ്മെന്റും വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന നീണ്ട നിര പതാകയുമേന്തി കാത്തുനിന്നു.
യാത്രയെത്തിയപ്പോള്‍ ആവേശഭരിതമായ അന്തരീക്ഷത്തിലാണ് ക്യാമ്പസിലേക്ക് സ്വീകരിച്ചാനയിച്ചത്. രുചിയൂറുന്ന പ്രകൃതിദത്തമായ തേങ്ങാവെള്ളവും കാന്താരി മോരും ചായയും മധുരപലഹാരങ്ങളുമെല്ലാം നല്‍കിയാണ് സത്കാരമൊരുക്കിയത്.
കേരളയാത്രാ സംഘത്തിന് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിരുന്നത് ദാറുല്‍ ഫലാഹിലും പരിസരങ്ങളിലുമായിരുന്നു. ആതിഥ്യ മര്യാദയില്‍ ഒട്ടും കുറവ് വരുത്താതെയാണ് വയനാട് കേരളയാത്രയെ നെഞ്ചേറ്റത്.



