Connect with us

Kerala

സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം നാളെ

സംഭരിച്ചത് രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ

Published

|

Last Updated

തിരുവനന്തപുരം | സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ  വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കും.

തൊഴിൽ മന്ത്രി വി ശിവൻകുട്ടി, തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, എം എൽ എമാരായ ആൻ്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി കെ രാജു, പൊതു വിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ്, നഗരസഭാ കൗൺസിലർ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

സപ്ലൈകോ സബ്സിഡി- നോൺ സബ്സിഡി ഉത്പന്നങ്ങൾക്ക് പുറമെ കൈത്തറി, കുടുംബശ്രീ, മിൽമ ഉത്പന്നങ്ങളും പച്ചക്കറിയും പ്രത്യേക സ്റ്റാളുകളിൽ ലഭ്യമാവും. കരകുളം സ‍ർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള കാസ്ക്കോ വില്ലേജിൽ നിന്നും വിളവെടുത്ത ജൈവ പച്ചക്കറി ഉത്പന്നങ്ങളാണ് ചന്തയിൽ ലഭ്യമാക്കുക

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിലവിൽ നല്കിവരുന്ന എട്ട് കിലോ സബ്സിഡി അരിയ്ക്കു പുറമെ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്സിഡി നിരക്കിൽ നല്കുന്ന മുളകിന്റെ അളവ് അരക്കിലോയിൽ നിന്നും ഒരു കിലോയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് പ്രമുഖ റീട്ടെയിൽ ചെയിനുകളോട് കിടപിടിക്കുന്ന ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നല്കുന്നുണ്ട്.