Kerala
യുവ ഡോക്ടറുടെ ആത്മഹത്യ: പ്രതി റുവൈസിന്റെ പിതാവ് ഒളിവില്‍
ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയപ്പോഴാണ് റുവൈസിന്റെ പിതാവ് ഒളിവില്‍ പോയ വിവരം അറിയുന്നത്.

തിരുവനന്തപുരം | മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ ഷഹ്‌ന ആത്മഹത്യ ചെയ്ത കേസിലെ പ്രതി റുവൈസിന്റെ പിതാവ് ഒളിവില്‍. റുവൈസും കുടുംബവും വന്‍ സ്ത്രീധനം ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്ന് ഷഹ്‌നയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സ്ത്രീധനമോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിക്കുന്നതെന്നും വിവാഹ വാഗ്ദാനം നല്‍കി ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യമെന്നും ഷഹ്നയുടെ ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. ഒന്നരക്കിലോ സ്വര്‍ണവും ഏക്കര്‍ കണക്കിന് വസ്തുവും ചോദിച്ചാല്‍ കൊടുക്കാന്‍ എന്റെ വീട്ടുകാരുടെ കൈയില്‍ ഇല്ലെന്നും ഷഹ്‌ന കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.
ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം വീട്ടിലെത്തിയപ്പോഴാണ് റുവൈസിന്റെ പിതാവ് ഒളിവില്‍ പോയ വിവരം അറിയുന്നത്. ഇയാളെ വൈകാതെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.
സുഹൃത്ത് വിവാഹ വാഗ്ദാനം നല്‍കി ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷഹ്‌ന മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം പി ജി വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതി റുവൈസിനെ കോടതി ഡിസംബര്‍ 21 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.