National
സമുദ്രയാന്‍ പര്യവേഷണ ദൗത്യ വാഹനത്തിന്റെ ആദ്യ പരീക്ഷണം വിജയം
സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാന്‍ അഥവാ ഡീപ്പ് ഓഷ്യന്‍ മിഷന്റെ ലക്ഷ്യം.

ന്യൂഡല്‍ഹി| ഇന്ത്യയുടെ സമുദ്രഗവേഷണ പദ്ധതി സമുദ്രയാന്റെ ജലവാഹന പരീക്ഷണം വിജയകരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയുടെ ഡയറക്ടര്‍ ജി എ രാംദാസും രണ്ട് മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി പരീക്ഷണ വാഹനം ജലത്തില്‍ ഏഴ് മീറ്റര്‍ താഴ്ചയില്‍ ഒന്നര മണിക്കൂര്‍ ചെലവഴിച്ചു. സമുദ്രപര്യവേഷണവും, കടലിന്റെ അടിത്തട്ടിലെ ധാതുക്കളുടെ പഠനവുമാണ് സമുദ്രയാന്‍ അഥവാ ഡീപ്പ് ഓഷ്യന്‍ മിഷന്റെ ലക്ഷ്യം. 2018ലാണ് പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടിലെ പോളിമെറ്റാലിക് നൊഡ്യൂളുകളെ പറ്റിയുള്ള പഠനമാണ് പ്രധാന ലക്ഷ്യം.
ഐസ്ആര്‍ഒയാണ് ദൗത്യത്തിനുള്ള മത്സ്യ 6000 എന്ന പ്രത്യേക പേടകം നിര്‍മ്മിച്ചു നല്‍കുന്നത്. തിരുവനന്തപുരം വിഎസ്എസ്‌സിയിലെ മെറ്റീരിയല്‍സ് ആന്റ് മെക്കാനിക്കല്‍ എന്റിറ്റിക്കാണ് നിര്‍മ്മാണ ചുമതല. ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മാണം. വലിയ മര്‍ദ്ദം അതിജീവിക്കേണ്ടതിനാല്‍ ഗോളാകൃതിയിലാണ് നിര്‍മ്മിതി. എന്നാല്‍ പര്യവേഷണ പദ്ധതി നിര്‍വഹണം നാഷണല്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി തന്നെയാണ്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 75,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയില്‍ പൊളിമെറ്റാലിക് നൊഡ്യൂള്‍ പര്യവേഷണം നടത്താന്‍ ഇന്ത്യ അന്താരാഷ്ട്ര സീബെഡ് അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. 380 മില്യണ്‍ ടണ്‍ പൊളിമെറ്റാലിക് നൊഡ്യൂള്‍ ഈ പ്രദേശത്തുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇതില്‍ 4.7 മില്യണ്‍ ടണ്‍ നിക്കലും, 4.29 മില്യണ്‍ ടണ്‍ ചെമ്പും, 0.55 മില്യണ്‍ ടണ്‍ കൊബാള്‍ട്ടും 92.59 മില്യണ്‍ ടണ്‍ മാഗ്‌നീസും ഉള്‍പ്പെടുന്നു. 4077 കോടി രൂപയോളമാണ് സമുദ്ര പര്യവേഷണ പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മൂന്ന് പേരടങ്ങുന്ന സംഘത്തെ സമുദ്ര അടിത്തട്ടിലേക്ക് അയക്കുകയാണ് ലക്ഷ്യം. സമുദ്രോപരിതലത്തില്‍ നിന്ന് 6 കിലോമീറ്റര്‍ താഴ്ചയില്‍ 72 മണിക്കൂര്‍ നീളുന്ന ദൗത്യം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.