Connect with us

From the print

കരുത്താകാന്‍ തേജസ് 

97 വിമാനങ്ങള്‍ വ്യോമസേനക്ക് ലഭിക്കും. 62,370 കോടിയുടെ കരാര്‍ ഒപ്പുവെച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വ്യോമസേനക്ക് കരുത്താകാന്‍ കൂടുതല്‍ തേജസ് യുദ്ധവിമാനങ്ങള്‍. 97 തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ക്ക് വേണ്ടിയുള്ള 62,370 കോടി രൂപയുടെ വന്‍ പ്രതിരോധ കരാറില്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച് എ എല്‍) കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവെച്ചു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള മിഗ്- 21 വിമാനങ്ങള്‍ നിര്‍ത്തലാക്കാനിരിക്കെ വ്യോമസേനയുടെ ആധുനികവത്കരണവും യുദ്ധശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ കരാറില്‍ ഒപ്പുവെച്ചത്.

68 സിംഗിള്‍ സീറ്റ് യുദ്ധവിമാനവും 29 ട്വിന്‍ സീറ്റ് ട്രെയിനറുകളുമാണ് കരാറിന്റെ ഭാഗമായി വ്യോമസേനക്ക് ലഭിക്കുക. 2027-28ല്‍ ആദ്യഘട്ട വിതരണം നടക്കും. ഇതിന് ശേഷം ആറ് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിമാനങ്ങളും എച്ച് എ എല്‍ ലഭ്യമാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.

2021 ഫെബ്രുവരിയില്‍ 83 തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 48,000 കോടിയുടെ കരാര്‍ എച്ച് എ എല്ലുമായി ഒപ്പുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമാനങ്ങള്‍ വ്യോമസേനക്ക് ലഭിച്ചിട്ടില്ല. കരാര്‍ പ്രകാരമുള്ള രണ്ട് വിമാനം ഈ മാസം ലഭ്യമാകുമെന്നാണ് എച്ച് എ എല്‍ അറിയിച്ചത്. യു എസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്‌സില്‍ നിന്ന് എന്‍ജിന്‍ ലഭിക്കാനുള്ള കാലതാമസമാണ് വിമാനം കൈമാറാന്‍ വൈകിപ്പിക്കുന്നതെന്നാണ് വിശദീകരണം. ഡിസംബറില്‍ ഏഴെണ്ണം കൂടി എത്തും. ഓരോ വര്‍ഷവും 20 എന്‍ജിനുകള്‍ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എച്ച് എ എല്‍ വ്യക്തമാക്കി.

തേജസ് യുദ്ധവിമാനം സമയത്ത് നിര്‍മിച്ചുനല്‍കാത്തതില്‍ വ്യോമസേനാ മേധാവി അമര്‍പ്രീത് സിംഗ് എച്ച് എ എല്ലിനെ നേരത്തേ വിമര്‍ശിച്ചിരുന്നു. തേജസിന്റെ മാര്‍ക്ക് 2 പതിപ്പിന്റെ വികസനം അന്തിമഘട്ടത്തിലാണ്. തേജസ് മാര്‍ക്ക് 2 വിന്റെ 200 യൂനിറ്റുകള്‍ വ്യോമസേന വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തദ്ദേശീയമായാണ് തേജസ് വിമാനങ്ങള്‍ നിര്‍മിക്കുന്നതെന്നതുകൊണ്ട് മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.