Connect with us

Kuwait

ജനാധിപത്യത്തിന് വേണ്ടി ഉണർന്നിരിക്കുക: ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി 

സ്വാതന്ത്ര്യദിന സംഗമം നടത്തി ഐ സി എഫ്

Published

|

Last Updated

കുവൈത്ത് | കേട്ടു കേൾവിയില്ലാത്ത വിധത്തിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ ഓരോ പൗരന്റെയും ജാഗ്രത അനിവാര്യമാണെന്നും മതേതരകക്ഷികൾ ജനാധിപത്യത്തോടും രാജ്യത്തോടുമുള്ള ബാധ്യതകൾ വിസ്മരിച്ച് അശ്രദ്ധരായതിന്റെ പരിണതിയാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം അഭിപ്രായപ്പെട്ടു.  ഐ സി എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി സാൽമിയ എക്സലൻസി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ജാഗ്രതകൾ മറന്ന് ഇനിയും ഉറക്കം നടിച്ചു മുന്നോട്ട് പോയാൽ മതേതര ഇന്ത്യയുടെ ഭാവി അവതാളത്തിലാകും. ഗാന്ധിജിയെ പോലും ചരിത്രത്തിൽ നിന്ന് മായ്ച്ചു കളഞ്ഞു. പകരം സ്വാതന്ത്ര്യ സമരത്തെ പന്നിൽ നിന്ന് കുത്തിയവരെ ധീര ദേശാഭിമാനികൾ ആയി വാഴിക്കുന്ന വൈകൃതങ്ങൾ രാജ്യത്തിന്റെ ശോഭ കെടുത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷെ എങ്ങനെ മറച്ചു പിടിക്കാൻ ശ്രമിച്ചാലും മുഴുവൻ മത സമൂഹവും കൈ കോർത്തു നിന്ന് പോരാടി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ചരിത്രയാഥാർഥ്യം ഇല്ലാതെയാവുകയില്ലെന്നും
നാനാ ജാതി മതസ്ഥർ തോളുരുമ്മി ജീവിക്കുന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യം മരിച്ചു പോകില്ലെന്ന പ്രതീക്ഷ നൽകുന്ന തരത്തിൽ ജനാധിപത്യ സമൂഹത്തിന്റെ പുതിയ ഉണർവ്വുകൾ ആശാവാഹമാണെന്നും സഖാഫി പറഞ്ഞു.
നീതി സ്വതന്ത്രമാകട്ടേ എന്ന ശീർഷകത്തിൽ നടന്ന സ്വാതന്ത്ര്യ ദിന സംഗമം ഐ സി എഫ് ഇൻ്റർനാഷണൽ കൗൺസിൽ പ്ലാനിംഗ് ബോർഡ്‌ കൺവീനർ അബ്ദുല്ല വടകര ഉദ്ഘാടനം നിർവഹിച്ചു. കുവൈത്ത് ഐ സി എഫ് പ്രസിഡന്റ്‌ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. ഐ. സി എഫ് കുവൈത്ത് നാഷണൽ ജനറൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ പ്രസംഗിച്ചു. പ്രവാസി വായന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി നിർവഹിച്ചു. ശുക്കൂർ മൗലവി, അഹ്മദ് സഖാഫി, അബ്ദുൽ അസീസ് സഖാഫി, സയ്യിദ് സാദിഖ്‌ തങ്ങൾ,  ശബീർ സാസ്കോ, ലത്തീഫ് തോണിക്കര സംബന്ധിച്ചു.

Latest