Connect with us

Ongoing News

210 ല്‍ ഒതുങ്ങി ദക്ഷിണാഫ്രിക്ക; രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ രണ്ടിന് 57

Published

|

Last Updated

കേപ് ടൗണ്‍ | കേപ് ടൗണിനെ ഇന്ത്യ പേസ് ടൗണാക്കി മാറ്റിയപ്പോള്‍ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 210 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയത്. ഷാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റെടുത്തു.

രണ്ടാം ഇന്നിംഗ്‌സില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റിന് 57 റണ്‍സെന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (പത്ത്), മായങ്ക് അഗര്‍വാള്‍ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കഗീസോ റബാഡ, മാര്‍കോ ജെന്‍സണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. ചേതേശ്വര്‍ പുജാര (ഒമ്പത്), വിരാട് കോലി (14) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിംഗ്സില്‍ നേടിയ 13 അടക്കം ഇന്ത്യക്ക് നിലവില്‍ 70 റണ്‍സ് ലീഡായി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 223 റണ്‍സിന് പുറത്തായിരുന്നു.

72 റണ്‍സെടുത്ത കീഗന്‍ പീറ്റേഴ്‌സണ്‍ ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. തെംബ ബാവുമ 28, കേശവ് മഹാരാജ് 25, റസീ വാന്‍ഡര്‍ ദ്യുസ്സന്‍ 21 റണ്‍സെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് എയ്ഡന്‍ മാര്‍ക്രത്തെയാണ് ആദ്യം നഷ്ടമായത്. 22 പന്തുകളില്‍ നിന്ന് എട്ട് റണ്‍സെടുത്ത മാര്‍ക്രത്തെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. ടീം സ്‌കോര്‍ 45ല്‍ നില്‍ക്കെ കേശവ് മഹാരാജിന്റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ഉമേഷ് യാദവ് ആഞ്ഞടിച്ചു. നാലാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച കീഗന്‍ പീറ്റേഴ്‌സണും ദസ്സനും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്നെടുത്ത 67 റണ്‍സ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സില്‍ നിര്‍ണായകമായി. 112ല്‍ നില്‍ക്കെ ദ്യുസ്സനെ പുറത്താക്കി ഉമേഷ് കൂട്ടുകെട്ട് പൊളിച്ചു. കോലിക്ക് ക്യാച്ച്.

പിന്നീട് ഒരുമിച്ച ബാവുമയും പീറ്റേഴ്‌സണും ചേര്‍ന്ന് 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 റണ്‍സെടുത്ത ബാവുമയെ വിരാട് കോലിയുടെ കൈയിലെത്തിച്ച് ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. അതേ സ്‌കോറില്‍ നില്‍ക്കെ കെയ്ല്‍ വരെയ്‌നയെ (പൂജ്യം) പന്തിന്റെ കൈകളിലെത്തിച്ച് ഷമി ആഞ്ഞടിച്ചു. മാര്‍ക്കോ ജെന്‍സണിനെ (ഏഴ്) ബുംറ ബൗള്‍ഡാക്കി. റബാഡ (15) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഠാക്കൂര്‍ അനുവദിച്ചില്ല. ഒളിവിയര്‍ പത്ത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ക്യാച്ചില്‍ കോലിക്ക് സെഞ്ച്വറി
കേപ്ടൗണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നൂറ് ക്യാച്ചുകള്‍ തികച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ തെംബ ബാവുമയെ ക്യാച്ചെടുത്താണ് കോലി നേട്ടം സ്വന്തമാക്കിയത്.

Latest