Connect with us

Prathivaram

വാടിയിലെ സ്നേഹപ്പൂ

മുഹ്‌യിദ്ദീൻ പള്ളിയിലെ ഔദ്യോഗിക സേവനം അവസാനിപ്പിച്ച് വാടിയിൽ ഉസ്താദ് കൊടിയത്തൂരിലേക്ക് മടങ്ങുമ്പോൾ, 53 വർഷങ്ങൾക്കപ്പുറം വന്നെത്തിയ നഗരത്തോടോ, ഏറ്റെടുത്ത ജോലിയോടോ അല്ല യാത്ര പറഞ്ഞിറങ്ങുന്നത്. കോഴിക്കോട് നഗരത്തിന്റെ തന്നെ ഇമാമായി, നിശ്ശബ്ദനായ പ്രബോധകനായി, മൂന്ന് തലമുറയുടെ ഗുരുനാഥനായി വാടിയിൽ ഉസ്താദ് മാറിക്കഴിഞ്ഞിരുന്നു. ഈ നിശ്ശബ്ദ സേവനത്തിന്റെ ചരിത്രം കൂടാതെ കഴിഞ്ഞ നൂറ്റാണ്ടിലെ കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം പൂർണമാകില്ലെന്നു സാരം.

Published

|

Last Updated

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടിക്കടുത്ത് കസ്തൂരിപ്പറമ്പ് ഇടവഴിയിലെ വാടിയില്‍ മുഹ്‌യിദ്ദീൻ പള്ളിയുടെ മിഹ്‌റാബില്‍ നിന്ന് അവസാന ഇമാമത്തും കഴിഞ്ഞ് മുഹമ്മദ് മുസ്‌ലിയാര്‍ പടിയിറങ്ങുമ്പോൾ, കോഴിക്കോട് കേന്ദ്രമായി ഉയർന്നുവന്ന മലബാറിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിന്റെ കഴിഞ്ഞ ആറ് പതിറ്റാണ്ട് നീണ്ട ചരിത്രത്തിൽ നിന്നും മറ്റൊരേടുകൂടി അവസാനിക്കുകയാണ്. മലബാറിൽ ഇന്ന് കാണുന്ന മുസ്‌ലിംകളുടെ സാമൂഹിക ഉണർവിലേക്ക് നയിച്ച ആലോചനകളുടെയും ചർച്ചകളുടെയും കേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്ന പ്രദേശങ്ങളാണ് വലിയങ്ങാടിയും ഹൽവാ ബസാറും. ഈ പ്രദേശങ്ങളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് മലബാറിലെ മുസ്‌ലിംകളുടെ മതവും കച്ചവടവും കഴിഞ്ഞ നൂറ്റാണ്ടിൽ വളർന്നു വലുതായത്. ആ വളർച്ചയുടെ ചരിത്രം പേറി നിൽക്കുന്ന വാടിയില്‍ മുഹ്‌യിദ്ദീൻ പള്ളിയിലേക്ക് 1969 ന്റെ അവസാനത്തിലാണ് കൊടിയത്തൂര്‍കാരനായ എന്‍ മുഹമ്മദ് മുസ്‌ലിയാര്‍ ഇമാമായി എത്തുന്നത്. ആ സമാഗമം വാടിയില്‍ പള്ളി എന്ന ചെറിയ മുഹ്‌യിദ്ദീൻ പള്ളിയുടെയും മുഹമ്മദ് മുസ്‌ലിയാരുടെയും ജീവിതത്തിൽ ഒട്ടേറെ വഴിത്തിരിവുകൾ സമ്മാനിച്ചു. കൊടിയത്തൂർകാരൻ മുഹമ്മദ് മുസ്‌ലിയാർ പതിയെ പതിയെ വാടിയിൽ ഉസ്താദ് ആയി. ചെറിയ മുഹ്‌യിദ്ദീൻ പള്ളിയുടെയും വാടിയിൽ ദേശക്കാരുടെയും ഇലയനക്കങ്ങളിൽ മുഹമ്മദ് മുസ്‌ലിയാർ നിത്യ സാന്നിധ്യമായി. മുഹ്‌യിദ്ദീൻ പള്ളിയിലെ ഔദ്യോഗിക സേവനം അവസാനിപ്പിച്ച് വാടിയിൽ ഉസ്താദ് കൊടിയത്തൂരിലേക്ക് മടങ്ങുമ്പോൾ, 53 വർഷങ്ങൾക്കപ്പുറം വന്നെത്തിയ നഗരത്തോടോ, ഏറ്റെടുത്ത ജോലിയോടോ അല്ല യാത്ര പറഞ്ഞിറങ്ങുന്നത്. കോഴിക്കോട് നഗരത്തിന്റെ തന്നെ ഇമാമായി, നിശ്ശബ്ദനായ പ്രബോധകനായി, മൂന്ന് തലമുറയുടെ ഗുരുനാഥനായി വാടിയിൽ ഉസ്താദ് മാറിക്കഴിഞ്ഞിരുന്നു. ഈ നിശ്ശബ്ദ സേവനത്തിന്റെ ചരിത്രം കൂടാതെ കഴിഞ്ഞ നൂറ്റാണ്ടിലെ കോഴിക്കോട്ടെ മുസ്‌ലിംകളുടെ ചരിത്രം പൂർണമാകില്ലെന്നു സാരം.

പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും ആയിരുന്ന എ കെ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാരുമായുള്ള സൗഹൃദമാണ് മുഹമ്മദ് മുസ്‌ലിയാരെ കോഴിക്കോട് നഗരത്തിൽ എത്തിച്ചത്. പെരുവള്ളൂർ കൂർമത്ത് ശംസുദ്ദീൻ മുസ്‌ലിയാരുടെ ദർസിൽ മൊടക്കയിൽ പള്ളിയിലായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ പഠനം. അതിനു മുന്പ് പുത്തൂർ പള്ളിയിൽ കുഞ്ഞാലൻ മുസ്‌ലിയാരോടൊപ്പം അൽപ്പകാലം പഠിച്ചു. ശേഷം ഇരുമ്പുചോല, ചെറുമുറ്റം, ഒളവട്ടൂർ എന്നിവിടങ്ങളിൽ ആയിരുന്നു സേവനം. ഒളവട്ടൂരിലെ ജോലി സമയത്താണ് അവിടെ മുദർരിസ് ആയിരുന്ന എ കെ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാരുമായുള്ള ബന്ധം തുടങ്ങുന്നത്. ഒളവട്ടൂരിൽ നിന്നും ഐക്കരപ്പടിയിലെ ദർസിലേക്ക് പോയ സുഹൃത്തിനെ കാണാൻ ചെന്നതായിരുന്നു മുഹമ്മദ് മുസ്‌ലിയാർ. അവിടെ നിന്നും മുഹമ്മദ് മുസ്‌ലിയാരെയും കൂട്ടി എ കെ ഉസ്താദ് നേരെ ഹലുവാ ബസാറിലേക്ക് പോയി. വാടിയിൽ പള്ളിയിലെ ഇമാമായി നിയമനം. “അന്ന് വാടിയിൽ പള്ളി മുതവല്ലി ഭരണത്തിനു കീഴിൽ ആയിരുന്നു. ബാഫഖി തങ്ങളുടെ പാണ്ഡ്യാലയിലെ കണക്കെഴുത്തുകാരൻ ആലിക്കോയ കുഞ്ഞി ആയിരുന്നു മുതവല്ലി. വാങ്ക് കൊടുക്കലായിരുന്നു ടെസ്റ്റ്. ഓതുന്ന കാലത്തേ പള്ളിയിൽ വാങ്ക് കൊടുക്കൽ എന്റെ ശീലമായിരുന്നു. വാടിയിൽ പള്ളിയിൽ അന്ന് സ്പീക്കർ ഒന്നും ഇല്ല. മരം കൊണ്ടുണ്ടാക്കിയ പള്ളിയായിരുന്നു. കണ്ടാൽ മുച്ചുന്തി പള്ളിയുടെ ചെറിയ പതിപ്പ് എന്ന് തോന്നും. മുകളിലത്തെ നിലയിൽ കയറി ഞാൻ വാങ്ക് കൊടുത്തു. മുതവല്ലിക്ക് വാങ്ക് ഇഷ്ടമായി. അന്നവിടെ നിന്ന നിർത്തമാണിപ്പോൾ 53 വർഷം കഴിഞ്ഞത്’ – കോഴിക്കോട് നഗരത്തിൽ ആദ്യമായി എത്തിയ ആ കാലത്തെ മുഹമ്മദ് മുസ്‌ലിയാർ ഓർമിച്ചെടുത്തു.

പുറംലോകവുമായുള്ള കോഴിക്കോട് നഗരത്തിന്റെ വിപുലമായ ബന്ധത്തിന്റെ ചരിത്ര സാക്ഷ്യം കൂടിയായിരുന്നു വാടിയിൽ പള്ളി. വലിയ വീട്ടിൽ കോയക്കുട്ടിക്ക എന്നയാൾ കൊടുത്ത സ്ഥലത്താണ് പള്ളി. അതിന്റെ നിർമാണത്തിലും പരിപാലനത്തിലും വലിയ തോതിൽ സഹായിച്ചത് ഭട്കലിൽ നിന്നും കോഴിക്കോട്ടെത്തി തുണിക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന വ്യാപാരി കുടുംബങ്ങൾ ആയിരുന്നു. ബറാമികൾ എന്നറിയപ്പെടുന്ന, മലബാർ തീരത്തെ യമനീ പാരമ്പര്യത്തിന്റെ തുടർച്ചക്കാരായ ഇത്തരം കച്ചവടക്കാരുടെ വിപുലമായ ശൃംഖല തന്നെ ഉള്ള പ്രദേശമായിരുന്നു വാടിയിൽ. വലിയങ്ങാടിയിലെ കച്ചവടത്തിലെ പ്രധാന പങ്കാളികളും അവരായിരുന്നു. പുറം ലോകം എന്ന പോലെ മലബാറിലെ മുസ്‌ലിംകളുടെ അകം ലോകത്തെയും പരസ്പരം ബന്ധിപ്പിക്കുന്നതിൽ ഈ പ്രദേശത്തിന് വലിയ പങ്കുണ്ടായിരുന്നു. സമസ്തയുടെ ആദ്യകാല ഓഫീസ് പ്രവർത്തിച്ച ഹൽവാ ബസാർ, ബാഫഖി തങ്ങളുടെ പാണ്ഡ്യാല എന്നിവ അക്കാലത്തെ മുസ്‌ലിംകളുടെ പ്രധാനപ്പെട്ട ഒരു കണക്റ്റിംഗ് പ്ലെയ്സ് ആയിരുന്നു. ട്രെയിൻ, ബസ്, ബോട്ട് സർവീസുകളെ ആശ്രയിക്കുന്ന യാത്രക്കാരും ഇതിലൂടെ കടന്നു പോകും. ഇവരിൽ ഭൂരിഭാഗവും നിസ്കാരത്തിനു വേണ്ടി ആശ്രയിച്ചിരുന്നത് വാടിയിൽ പള്ളി ആയിരുന്നു.

“സമസ്തയുടെ അക്കാലത്തെ നേതാക്കൾ എല്ലാം തന്നെ ഇവിടെ വന്നു പോയിട്ടുണ്ട്. സലാം വീട്ടി തിരിഞ്ഞു നോക്കിയാൽ തലയെടുപ്പുള്ള പണ്ഡിതന്മാരായിരിക്കും പിന്നിൽ. അതു കാണുമ്പോൾ ഒരു ബേജാറാണ്. വടകര മമ്മദ് ഹാജി, ശംസുൽ ഉലമ, കോട്ടുമല, വാണിയമ്പലം, അമാനത്ത് കോയണ്ണി മുസ്‌ലിയാർ, ……ആ ലിസ്റ്റ് നീണ്ടതാണ്. അവരൊക്കെ പള്ളിയിൽ സമയവും ചെലവഴിക്കും. നാട്ടുകാരോട് സംസാരിക്കും. അതിന്റെയൊരു സൗഭാഗ്യം ഈ നാട്ടിലുണ്ട്’ – മുഹമ്മദ് മുസ്‌ലിയാർ പറഞ്ഞു. “ഇ കെ ഹസ്സൻ മുസ്‌ലിയാരെ മാത്രമാണ് നമുക്ക് സമയത്തോടെ കിട്ടാതിരുന്നത്. അദ്ദേഹം കാസർകോട് ഖാസി ആയിരുന്നല്ലോ. യാത്രക്കിടയിൽ ആയിരിക്കും പള്ളിയിലേക്ക് വരുന്നത്. അതുകൊണ്ടു മിക്കപ്പോഴും തിരക്കിലായിരിക്കും. നിസ്കാരമാവട്ടെ ജംഉം ക്വസ്റും. നിങ്ങളോടൊപ്പം എപ്പോഴാണൊന്ന് നിസ്കരിക്കുക മുഹമ്മദ് മുസ്‌ലിയാരേ എന്ന് ഹസ്സൻ മുസ്‌ലിയാർ തമാശയും പറയും. എ പി ഉസ്താദാകട്ടെ ദൂര സ്ഥലങ്ങളിൽ പോയി വഅള് പറഞ്ഞു വരുമ്പോൾ പാതിരാത്രിയാകും. പൂനൂർ ഭാഗത്തേക്കുള്ള ബസൊക്കെ അപ്പോഴേക്കും പോയിട്ടുണ്ടാകും. ഞാൻ പുലർച്ചെ എണീറ്റു നോക്കുമ്പോൾ ഉസ്താദ് പള്ളിയുടെ വരാന്തയിൽ പുതപ്പു പോലും ഇല്ലാതെ കിടന്നുറങ്ങുന്നുണ്ടാകും. ഉസ്താദിന് ദൂരെ എവിടെയെങ്കിലും വഅള് ഉണ്ടെന്നറിഞ്ഞാൽ പിന്നെ ഞാൻ അകം പള്ളി തുറന്നിടും. വലിയ സൗകര്യങ്ങൾ ഒന്നും അക്കാലത്തില്ല. അകം പള്ളിയിൽ നിന്നും പുറത്തേക്കുള്ള ഉമ്മറപ്പടി തലയിണയാക്കിയാണ് ഉസ്താദ് ഉറങ്ങുക. സുബ്ഹിക്ക് എണീറ്റ് നിസ്കാരവും കഴിഞ്ഞു അതിരാവിലെ പൂനൂരിലേക്ക് പോകുന്ന വെസ്റ്റേൺ ബസ് പിടിക്കാൻ ഓടും. അക്കാലത്തെ സ്ഥിരം അനുഭവമായിരുന്നു അത്.’- കാന്തപുരം ഉസ്താദിന്റെ വളർച്ചയുടെ പടവുകൾ അടുത്തുനിന്നു കണ്ട മുഹമ്മദ് മുസ്‌ലിയാരുടെ വാക്കുകളിൽ ആ കാലഘട്ടത്തിന്റെ വികാരം തുളുമ്പുന്നുണ്ട്.

പണ്ഡിതന്മാർ മാത്രമല്ല, സാധാരണക്കാരുടെയും എക്കാലത്തെയും ആശ്രയമായിരുന്നു വാടിയിൽ പള്ളി. അതോടൊപ്പം, വിദൂര ദിക്കുകളില്‍ നിന്ന് പഠനത്തിനും കച്ചവടത്തിനും മറ്റും കോഴിക്കോട്ടെത്തുന്നവര്‍ക്ക് ഒരത്താണിയായിരുന്നു ആ പള്ളിയിലെ ഇമാം. ഫാറൂഖ് കോളജ്, മീഞ്ചന്ത ഗവ. ആര്‍ട്‌സ് കോളജ് തുടങ്ങിയ ഉന്നത കലാലയങ്ങളില്‍ പഠിക്കാനെത്തുന്നവര്‍ക്ക് അക്കാലത്ത് കോഴിക്കോട് നഗരത്തില്‍ താമസസൗകര്യം ഉണ്ടായിരുന്നില്ല. സ്വന്തമായി ഒരു താമസ സ്ഥലം കണ്ടെത്താനുള്ള വലിയ സാമ്പത്തിക ബുദ്ധിമുട്ട് വേറെയും. ഈ സമയത്ത് നിരവധി വിദ്യാര്‍ഥികളാണ് വാടിയില്‍ പള്ളിയില്‍ ഉസ്താദിനൊപ്പം ഉണ്ടും ഉറങ്ങിയും ജീവിച്ച് ഉന്നതങ്ങള്‍ കയറിയത്. വിദ്യാർഥികൾക്ക് വേണ്ട താമസ- ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതിനൊപ്പം പഠനാവശ്യത്തിനുള്ള മറ്റു സഹായങ്ങളും വാടിയിൽ ചെയ്തു നല്‍കിയിരുന്നു. കോഴിക്കോടിന്റെ വിദൂര ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുമെല്ലാം അക്കാലത്ത് വാടിയില്‍ പള്ളിയില്‍ താമസിച്ച് ഉന്നത പഠനം നടത്തിയിരുന്നവര്‍ നിരവധിയാണ്. ഒരർഥത്തിൽ കോഴിക്കോട് നഗരത്തിലെ മുസ്‌ലിം വിദ്യാർഥികളുടെ ആദ്യത്തെ ഹോസ്റ്റൽ കൂടിയായിരുന്നു വാടിയിൽ പള്ളി. പള്ളിയിൽ അഭയം തേടി എത്തുന്നവർക്ക് മുന്നിൽ പള്ളി അടച്ചിടരുത് എന്ന വാടിയിൽ ഉസ്താദിന്റെ ആവശ്യം പള്ളിക്കാരും അംഗീകരിച്ചതോടെ, നഗരത്തിലെ മറ്റെല്ലാ പള്ളികളും അടച്ചിട്ടാലും വാടിയിൽ പള്ളിയുടെ വാതിൽ എപ്പോഴും തുറന്നു തന്നെ കിടന്നു.

വലിയ പണ്ഡിതനോ പ്രഭാഷകനോ എഴുത്തുകാരനോ മുദർരിസോ ഒന്നും ആയിരുന്നില്ലെങ്കിലും ഉത്തമ പ്രബോധകന്റെ എല്ലാ ഗുണങ്ങളും സമ്മേളിച്ചിരുന്ന വ്യക്തിയാണ് വാടിയിൽ മുഹമ്മദ് മുസ്‌ലിയാര്‍. ഏതു പ്രായത്തിലുള്ളവരോടും പിതാവായും ജ്യേഷ്ഠ സഹോദരനായും ഒരുവേള ആത്മസുഹൃത്തായുമെല്ലാം ഇടപെടുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. സ്‌നേഹത്തില്‍ ചാലിച്ച നർമങ്ങളും ഉപദേശങ്ങളുമായാണ് അദ്ദേഹം ഇടപെടുക. കഴിഞ്ഞ ആറേഴ് പതിറ്റാണ്ടിനിടെ വലിയങ്ങാടിയിൽ ജനിച്ചുവളർന്ന ഓരോ മനുഷ്യരുടെ ജീവിതത്തിൽ ആ സ്നേഹത്തിന്റെ ജീവ സ്പർശം ഉണ്ടായിട്ടുണ്ടാകും. അവരുടെയൊക്കെ ജീവിതത്തിൽ ആ സൗഹൃദം വലിയ പരിവർത്തനങ്ങളും കൊണ്ടുവന്നിട്ടുണ്ടാകും. നഗരത്തിന്റെയകത്ത് കിടക്കുന്ന ഒരു പ്രദേശത്തെ കുറിച്ചുള്ള നമ്മുടെ മുൻധാരണകളെല്ലാം വാടിയിൽ പള്ളിയിലെത്തിയാൽ ഇല്ലാതാകും. അവിടെ ഏറ്റവും കൂടുതൽ ഉണ്ടാവുക ചെറുപ്പക്കാരും കുട്ടികളുമായിരിക്കും. പള്ളിയിലെ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത് ചെറുപ്പക്കാരായിരിക്കും. വാടിയിൽ ഉസ്താദ് ദൂരെ മാറി നിന്ന് ഇതെല്ലാം നോക്കുന്നുണ്ടാകും. മുഹമ്മദ് മുസ്‌ലിയാരുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വളര്‍ന്നവരാണ് ഇപ്പോഴത്തെ ഉമറാക്കളിൽ ഭൂരിഭാഗവും. മഹല്ലിലെ ഓരോരുത്തര്‍ക്കും നിസ്‌കാരത്തിന് നേതൃത്വം നൽകാനും തെറ്റുകൂടാതെ ഖുർആൻ പാരായണം ചെയ്യാനും ദൈനംദിന ജീവിതത്തിലെ മറ്റു ഔറാദുകൾ ചൊല്ലാനുമുള്ള പരിശീലനം നൽകുന്നതിൽ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു അദ്ദേഹം. ആ മാറ്റം വാടിയിൽ പള്ളിയിൽ പോകുന്ന ആരും എളുപ്പത്തിൽ ശ്രദ്ധിക്കുകയും ചെയ്യും.

വാടിയിൽ പ്രദേശത്ത് ഓരോരുത്തരെ കുറിച്ചും നാട്ടുകാരെക്കാള്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നത് ഉസ്താദിനായിരുന്നുവെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഓരോ വീട്ടിലെയും പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കുമെല്ലാം പരിഹാരം ഉസ്താദിന്റെ കൈയില്‍ ഉണ്ടായിരുന്നു. സുബ്ഹിക്കും രാത്രിയിലും എല്ലാവരും പള്ളിയിലെത്തണമെന്നത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു. ആരെങ്കിലും വിട്ടുപോയാൽ അന്വേഷിക്കുകയും പള്ളിയിലെത്തിക്കാന്‍ ആവശ്യമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യും. നിരന്തര ബന്ധം ഉള്ളതുകൊണ്ട് തന്നെ ആളുകളുടെ ചെറിയ മാറ്റം പോലും അദ്ദേഹം എളുപ്പം കണ്ടെത്തും. തിരുത്തേണ്ടത് തിരുത്തുകയും ചെയ്യും. അതിലൊന്നും നാട്ടുകാർക്ക് ഒട്ടും പരിഭവം ഇല്ലതാനും. വാടിയിൽ ഉസ്താദ് ഇല്ലെങ്കിലേ അവർക്ക് പരാതിയും പരിഭവവും ഉള്ളൂ.

ഉസ്താദിന്റെ ഏറ്റവും വലിയ പ്രബോധന മാര്‍ഗം ഭക്ഷണ വിതരണമായിരുന്നു. തനിക്ക് വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഒരിക്കലും അദ്ദേഹം തനിച്ചിരുന്ന് കഴിച്ചിരുന്നില്ല. പള്ളിയില്‍ വരുന്നവരോ അതുവഴി പോകുന്നവരോ ആയ ആരെയെങ്കിലും വിളിച്ചിരുത്തി ഒരുമിച്ചായിരിക്കും കഴിക്കുക. ചിലപ്പോള്‍ ഉസ്താദിന് കഴിക്കാന്‍ ഹോട്ടലില്‍ നിന്നോ മറ്റ് വീടുകളില്‍ നിന്നോ വീണ്ടും ഭക്ഷണം എത്തിക്കേണ്ടിയും വരാറുണ്ട്. ഭക്ഷണം വൈകിയാലോ, ഇല്ലാതായാലോ ഒരു പരിഭവവും അദ്ദേഹത്തിനില്ല. പള്ളിയില്‍ നടക്കുന്ന എല്ലാ പരിപാടികളിലും വിഭവ സമൃദ്ധമായി ഭക്ഷണം വിളമ്പണം എന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. അതിനാവശ്യമായ ഫണ്ട് ഉസ്താദ് തന്നെ സ്വന്തമായി എടുക്കുകയോ സമാഹരിക്കുകയോ ചെയ്യും. വിശുദ്ധ റമസാനും റബീഉല്‍ അവ്വലുമായിരുന്നു ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളുടെ സുവര്‍ണ കാലം. വലിയങ്ങാടിയിലെ തൊഴിലാളികളും മുതലാളിമാരും നാട്ടുകാരും ഉള്‍പ്പെടെ നോമ്പുതുറക്കാനെത്തുന്നവര്‍ക്കെല്ലാം വിഭവ സമൃദ്ധമായ ഇഫ്താറായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. ഇത് സാമ്പത്തികമായി പ്രയാസം നേരിടുന്നവരും കഠിനമായ ജോലികളില്‍ ഏര്‍പ്പെടുന്നവരുമായ വലിയങ്ങാടിയിലെ തൊഴിലാളികള്‍ക്കും യാത്രക്കാർക്കും വലിയൊരാശ്വാസമായിരുന്നു. റബീഉൽ അവ്വലിലും അങ്ങനെ തന്നെ. റമസാന്‍ 17നോടനുബന്ധിച്ച് വാടിയില്‍ പള്ളിയില്‍ ജനകീയമായി ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ച നടത്തും. ഇതിലേക്ക് കൊടിയത്തൂരിലെ തന്റെ വീട്ടില്‍ തയ്യാറാക്കിയ ഇറച്ചിക്കറിയും മറ്റുമാണ് വിളമ്പുക. തികയാതെ വന്നാല്‍ മറ്റൊരു ദിവസം അവരെ വിളിച്ച് വിരുന്നൂട്ടും. ഉസ്താദിന്റെ വീട്ടിൽ വിരുന്നു പോകുന്നത് നാട്ടുകാരുടെയും അവരെ സത്കരിക്കുന്നത് ഉസ്താദിന്റെയും ശീലമാണ്. കൊടിയത്തൂർ കഴുത്തൂട്ടി പുറായിൽ മഹല്ലുകാരും വാടിയിൽ ദേശത്തുകാരും പരസ്പരം പരിചയമായത് ഉസ്താദിന്റെ ഈ സത്്കാരങ്ങളിലൂടെയാണ്. നാട്ടിലും ദീനീരംഗത്ത് സജീവവും മഹല്ല് പ്രസിഡന്റുമായിരുന്നു മുഹമ്മദ് മുസ്‌ലിയാർ. ഈ പ്രബോധന പ്രവർത്തനങ്ങളുടെയെല്ലാം പിന്തുണക്കാരായി ഭാര്യ ഫാത്വിമയും മക്കളും കുടുംബവും ഇപ്പോഴുമുണ്ട്. തന്റെ ഉസ്താദ് ശംസുദ്ദീൻ മുസ്‌ലിയാരുടെ ബന്ധുകൂടിയാണ് ഉങ്ങുങ്കൽ സ്വദേശിനിയായ ഭാര്യ ഫാത്വിമ.

കഴിഞ്ഞ 53 വര്‍ഷത്തിനിടെ വളരെ കുറഞ്ഞ തവണ മാത്രമാണ് അദ്ദേഹം നാട്ടില്‍ പോയിരുന്നത്. പെരുന്നാള്‍ ദിവസം രാവിലെ എല്ലാം കഴിഞ്ഞ് നാട്ടില്‍ പോകുന്ന അദ്ദേഹം അടുത്ത ദിവസം തന്നെ തിരികെയെത്തി വാടിയിലുകാരോടൊപ്പമുണ്ടാകും. എന്നാല്‍, ഇതിനിടക്ക് തന്നെ തന്റെ മക്കളെയും കുടുംബത്തെയുമെല്ലാം സന്ദര്‍ശിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. ആരെ സന്ദർശിക്കുമ്പോഴും കൈയിൽ എന്തെങ്കിലും വിഭവങ്ങൾ ഉണ്ടാകും. നാട്ടിൽ പോയി വരുന്ന ഉസ്താദിന്റെ കൈയിലും ഒരു പൊതിയുണ്ടാകും. മിഠായിയോ മധുര പലഹാരങ്ങളോ ഹോട്ടല്‍ വിഭവങ്ങളോ വിട്ടിലെ നാടന്‍ വിഭവമോ ഒക്കെയാകും അതിൽ. പള്ളിയുടെ അയൽവാസികൾക്കും കുട്ടികൾക്കും ഉള്ള സമ്മാനമാണത്. ആ സമ്മാനത്തിൽ കണ്ണും നട്ട്, നാട്ടില്‍ പോയി വരുന്ന ഉസ്താദിനെയും കാത്ത് കുട്ടികളിരിക്കും.

ചെറിയ വരുമാനമേ ഉള്ളൂവെങ്കിലും പ്രയാസം അനുഭവിക്കുന്നവരെ മനസ്സിലാക്കി തന്റെ സമ്പത്ത് അവർക്കു കൂടി വീതം വെക്കുക അദ്ദേഹത്തിന്റെ ശീലമാണ്. നാട്ടിലെയും വാടിയിലെയും എല്ലാ സംരംഭങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് ഉണ്ടാകും. ഭക്ഷണമാകട്ടെ, സമ്പത്താകട്ടെ മറ്റെന്തെങ്കിലും വിഭവങ്ങൾ ആകട്ടെ കിട്ടുന്നതെന്തും മറ്റുള്ളവരുമായി പങ്കുവെക്കും. എന്നാൽ ഇതൊന്നും അദ്ദേഹത്തെ ഒരിക്കലും പ്രയാസത്തിൽ ആക്കിയിട്ടുമില്ല. മക്കളുടെ കല്യാണം, വീട് നിര്‍മാണം പോലുള്ള ഭാരിച്ച ചെലവുകൾ ഉണ്ടായപ്പോഴും ഉസ്താദിന്റെ ചിട്ടകളിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പള്ളിയിൽ എല്ലാ ആളുകൾക്കും പൊതുവായി ക്ലാസ്സുകൾ എടുക്കുന്നതിനു പകരം ഓരോ പ്രായത്തിൽ ഉള്ളവർക്കും വെവ്വേറെ ക്ലാസ്സുകൾ എടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്ത് തരം ചോദ്യങ്ങളും അനുഭവങ്ങളും ചോദിക്കാനും പങ്കുവെക്കാനും ആ ക്ലാസ്സുകളിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ആ സംശയങ്ങളുടെയെല്ലാം ഉത്തരമായി വാടിയിൽ പ്രദേശത്തുകാരുടെ മുന്നിൽ മുഹമ്മദ് മുസ്‌ലിയാരുടെ വിനീതമായ ജീവിത മാതൃകകളാണ് ഉണ്ടായിരുന്നത്.
എങ്ങനെ ഇതെല്ലാം സാധിക്കുന്നു എന്നു ചോദിച്ചപ്പോള്‍ ഒന്നേ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നുള്ളൂ. അല്ലാഹുവിന്റെ തൗഫീഖ്, അല്ലാതെന്ത്!

 

53 വര്‍ഷത്തെ സേവനത്തിനു ശേഷം വാടിയിൽ മുഹ്‌യിദ്ദീൻ പള്ളിയിൽ നിന്ന് മടങ്ങുന്ന എൻ മുഹമ്മദ് മുസ്്ലിയാർ പ്രദേശവാസികൾക്കൊപ്പം

Siraj Live sub editor 9744663849

Latest