Kozhikode
സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷ നവംബര്‍ 29ന്
കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ 3200 സെന്ററുകളിലാണ് പരീക്ഷ നടക്കുക.
കോഴിക്കോട്|സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത മദ്‌റസകളിലെ മൂന്ന് മുതല്‍ +2 കൂടിയ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ അധിക നൈപുണി വളര്‍ത്തിയെടുക്കാനും മദ്‌റസാ പഠനത്തോട് താല്പര്യം വര്‍ദ്ധിപ്പിക്കാനും മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനും വേണ്ടി നടത്തുന്ന സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ രണ്ടാംഘട്ടം മെയിന്‍ പരീക്ഷ നവംബര്‍ 29ന് ശനിയാഴ്ച രാവിലെ പത്തുമണി മുതല്‍ 12 മണി വരെ നടക്കുന്നതാണ്.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലെ 3200 സെന്ററുകളിലാണ് പരീക്ഷ നടക്കുക. പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളില്‍ നിന്നും നിശ്ചിത യോഗ്യത നേടിയ തെരഞ്ഞെടുക്കപ്പെട്ട 102500 വിദ്യാര്‍ത്ഥികളാണ് മെയിന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത്. പൂര്‍ണ്ണമായും OMR സാങ്കേതികവിദ്യ ഉപയോഗിച്ച് സിവില്‍ സര്‍വീസ് പരീക്ഷയുടെ മാതൃകയിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
ഒരു ചീഫ് എക്‌സാമിനറും 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഇന്‍വിജിലേറ്ററും ഉള്‍പ്പെടെ പ്രത്യേകം പരിശീലനം നേടിയ 6500 അധ്യാപകര്‍ മെയിന്‍ പരീക്ഷക്ക് നേതൃത്വം നല്‍കും. ഇന്‍വിജിലേറ്റര്‍മാരുടെ സ്റ്റഡി ക്ലാസും ചോദ്യ പേപ്പര്‍ വിതരണവും ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 28ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് നടക്കുന്നതാണ്. ഡിവിഷന്‍ സൂപ്രണ്ടുമാരുടെ പരിശീലനവും മെയിന്‍ പരീക്ഷ ഉരുപ്പടികളുടെ വിതരണവും വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ നടക്കും.
ഇതു സംബന്ധമായി ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇ.യഅ്ഖൂബ് ഫൈസി ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ് സാഹിബ്, എന്‍.അലി അബ്ദുള്ള, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട്, സി.പി സൈതലവി മാസ്റ്റര്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുല്‍ അസീസ് ഫൈസി കാട്ടുകുളങ്ങര, ഫസല്‍ മാസ്റ്റര്‍ മര്‍കസ്, സി.എച്ച് അബ്ദുല്‍ കരീം ഹാജി എന്നിവര്‍ സംബന്ധിച്ചു.


