Connect with us

National

ശിവഗംഗ കസ്റ്റഡി മരണം: അജിത് കുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

കേസിലെ സി ബി ഐ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യമെങ്കില്‍ സാക്ഷിക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി.

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. കേസിലെ സി ബി ഐ അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ആവശ്യമെങ്കില്‍ സാക്ഷിക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നേരത്തെ അഞ്ചുലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയത്. ഇതിനു പുറമെ, കുടുംബത്തിന് വീട് വെക്കാന്‍ സ്ഥലവും സഹോദരന് സര്‍ക്കാര്‍ ജോലിയും നല്‍കിയിരുന്നു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് അജിത് കുമാര്‍ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

തമിഴ്നാട്ടിലെ ശിവഗംഗയിലായിരുന്നു കേസിനാസ്പദമായ സംഭവം. മദപുരം കാളിയമ്മന്‍ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ അജിത് കുമാര്‍ എന്ന 27-കാരനെയാണ് തിരുപുവനം പോലീസ് മോഷണക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പിന്റെ കീഴിലുളള ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിലെത്തിയ ഭക്തയുടെ പരാതിയിലാണ് പോലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ സ്ത്രീ അജിത് കുമാറിനോട് കാര്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നാലെ കാറിലുണ്ടായിരുന്ന പത്തുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്നായിരുന്നു ആരോപണം. എന്നാല്‍ കാര്‍ ഓടിക്കാന്‍ അറിയാത്ത അജിത് കുമാര്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ മറ്റൊരാളുടെ സഹായം തേടിയിരുന്നെന്നാണ് വിവരം. ഒരുമണിക്കൂറിനുശേഷം കാറിന്റെ താക്കോല്‍ തിരികെ കൊടുക്കുകയും ചെയ്തു. ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസ് അജിത്തിനെ കസ്റ്റഡിയിലെടുത്തു. ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും വീണ്ടും കസ്റ്റഡിയിലെടുത്തു. താമസിയാതെ അജിത് മരിച്ചുവെന്ന് പോലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു.

കേസില്‍ മദ്രാസ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അന്വേഷണം സി ബി ഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ സി ബി സി ഐ ഡിയുടെ പ്രത്യേക സംഘവും കേസ് അന്വേഷിക്കുന്നുണ്ട്.

 

 

Latest