Connect with us

Kerala

വിലാപയാത്ര തുടങ്ങി; വി എസിനെ ഒരുനോക്ക് കാണാൻ ജനസാഗരം | LIVE

പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകും

Published

|

Last Updated

തിരുവനന്തപുരം| അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കവടിയാറിലെ വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് എത്തിച്ച ഭൗതിക ദേഹം അവിടെ പൊതുദർശനം പൂർത്തിയാക്കി ഉച്ചക്ക് രണ്ടരയോടെയാണ് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദൻ മാസ്റ്റർ, സംസ്ഥാനത്തിന്റെ മന്ത്രിമാർ തുടങ്ങി നിരവധിപേർ ദർബാർഹാളിൽ വിഎസിന് ആദരാഞ്ജലികൾ അർപ്പിച്ചു.

ദേശീയപാതയിലൂടെയാണ് വിലാപയാത്ര കടന്നുപോകുന്നത്. വഴിയരികിലെല്ലാം പ്രവർത്തകരുടെ നീണ്ട നിരയുണ്ട്. വിവിധ പോയിന്റുകളിൽ പ്രവർത്തകർക്ക് അന്തിമോപചാരമർപ്പിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആലപ്പുഴ പുന്നപ്രയിലെത്തിക്കുന്ന മൃതദേഹം വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. ആലപ്പുഴ പൊലീസ് റീക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിനുശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കും. തുടർന്ന്‌ സർവകക്ഷി അനുശോചനയോഗം നടക്കും.

വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

പരീക്ഷകളടക്കം മാറ്റി വച്ചിട്ടുണ്ട്.വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

ദേഹാസ്വാസ്ഥ്യത്തെതുടർന്ന്‌ കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‍യുടി ആശുപത്രിയിൽ‌ വി എസിനെ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയായിരുന്നു മരണം.

LIVE FROM DARBAR HALL

 

 

Latest