Connect with us

National

പ്രായപൂർത്തിയാകാത്ത ശിഷ്യന്മാരെ ലൈംഗികമായി പീഡിപ്പിച്ചു; സ്വാമി അവിമുക്തേശ്വരാനന്ദിനെതിരെ പോക്സോ കേസെടുക്കാൻ ഉത്തരവ്

വാരണാസിയിലെ വിദ്യാമഠം ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം.

Published

|

Last Updated

ന്യൂഡൽഹി | ജ്യോതിർമഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ പ്രയാഗ്‌രാജ് പ്രത്യേക കോടതി ഉത്തരവിട്ടു. ആശ്രമത്തിലെ അന്തേവാസികളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഝൂൻസി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒയോട് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സ്പെഷ്യൽ ജഡ്ജി വിനോദ് കുമാർ ചൗരസ്യ നിർദ്ദേശിച്ചു.

ശ്രീ കൃഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റ് അധ്യക്ഷൻ അശുതോഷ് ബ്രഹ്മചാരി മഹാരാജും മറ്റുള്ളവരും നൽകിയ ഹർജിയിലാണ് കോടതി നടപടി. വാരണാസിയിലെ വിദ്യാമഠം ആശ്രമത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. പീഡനത്തിനിരയായ കുട്ടികളുടെ മൊഴികളും പരാതിക്കാർ സമർപ്പിച്ച സി ഡി ഉൾപ്പെടെയുള്ള തെളിവുകളും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഭാരതീയ ന്യായ സംഹിതയിലെ (BNS) 69, 74, 75, 76, 79, 109 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസ് എടുക്കുന്നത്. സ്വാമി അവിമുക്തേശ്വരാനന്ദിനെ കൂടാതെ അദ്ദേഹത്തിന്റെ ശിഷ്യൻ മുകുന്ദാനന്ദ ഗിരിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവുണ്ട്.

---- facebook comment plugin here -----

Latest