Connect with us

National

'കോൺഗ്രസിന്റേത് വൃത്തികെട്ട രാഷ്ട്രീയം'; എ ഐ ഉച്ചകോടിക്കിടെ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച് പ്രധാനമന്ത്രി

കോൺഗ്രസ് ഇതിനകം തന്നെ നഗ്നരാണ്, പിന്നെ എന്തിനാണ് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതെന്ന് പ്രധാനമന്ത്രിയുടെ പരിഹാസം

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിൽ നടന്ന ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടില്ലാ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒരു പരിപാടിയെ കോൺഗ്രസ് തങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയത്തിനായി ഉപയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മീററ്റിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം കൈവരിക്കുന്ന വിജയങ്ങളെ ഉൾക്കൊള്ളാൻ ചില പാർട്ടികൾക്ക് സാധിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എ ഐ കോൺഫറൻസിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. എന്നാൽ ആഗോള പ്രാധാന്യമുള്ള ഈ വേദിയെ കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു. കോൺഗ്രസ് ഇതിനകം തന്നെ നഗ്നരാണ്, പിന്നെ എന്തിനാണ് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. എ ഐ ഉച്ചകോടി ബി ജെ പിയുടെ പരിപാടിയല്ലെന്നും അതൊരു ദേശീയ ദൗത്യമായിരുന്നുവെന്നും കോൺഗ്രസ് ഓർക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയുമായുള്ള വ്യാപാര കരാറിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉച്ചകോടി നടന്ന ഹാളിലേക്ക് ഷർട്ടില്ലാതെ അതിക്രമിച്ചു കയറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ചിത്രങ്ങളുള്ള ടി ഷർട്ടുകൾ പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ അഞ്ച് ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടു.

Latest