National
ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടുപേർ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമായി പിടിയിൽ
പാകിസ്താൻ ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബ, ഐ എസ് ഐ, ബംഗ്ലാദേശ് കേന്ദ്രമായുള്ള ഭീകര ഗ്രൂപ്പുകൾ എന്നിവയുടെ പിന്തുണയോടെയാണ് ഇവർ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം
ന്യൂഡൽഹി | ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ടുപേർ തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമായി പിടിയിലായി. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ വസ്ത്രനിർമ്മാണ യൂണിറ്റുകളിൽ നിന്ന് മിസാനുർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിറ്റൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരടക്കം ആറുപേരെയും പശ്ചിമ ബംഗാളിൽ നിന്ന് രണ്ടുപേരെയുമാണ് പിടികൂടിയത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനുമുണ്ട്. പാകിസ്താൻ ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബ, ഐ എസ് ഐ, ബംഗ്ലാദേശ് കേന്ദ്രമായുള്ള ഭീകര ഗ്രൂപ്പുകൾ എന്നിവയുടെ പിന്തുണയോടെയാണ് ഇവർ ഗൂഢാലോചന നടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നത്. ഇവരിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ഡൽഹി പോലീസിന് കൈമാറും.
ഏകദേശം പത്തുദിവസം മുമ്പ് ഡൽഹിയിലെയും കൊൽക്കത്തയിലെയും മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ പത്തിടങ്ങളിൽ ‘ഫ്രീ കശ്മീർ’, ‘സ്റ്റോപ്പ് ജെനോസൈഡ് ഇൻ കശ്മീർ’ എന്നീ പോസ്റ്ററുകൾ ഇവർ പതിപ്പിച്ചിരുന്നു. ഭീകര സംഘടനകളിൽ നിന്ന് നേരിട്ടോ സോഷ്യൽ മീഡിയ വഴിയോ ഇവർക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ ഹാൻഡ്‌ലറുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. ഡൽഹി ചെങ്കോട്ടയ്ക്ക് സമീപവും ചാന്ദ്‌നി ചൗക്കിലെ ക്ഷേത്രം ഉൾപ്പെടെ പ്രധാന ആരാധനാലയങ്ങളിലും ലശ്കറെ ത്വയ്യിബ ഐ ഇ ഡി സ്ഫോടനത്തിന് പദ്ധതിയിടുന്നതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഫെബ്രുവരി 6-ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ആത്മഹത്യാ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ഈ നീക്കമെന്നാണ് സൂചന.
2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ ഭീകര പദ്ധതികൾ ഉദ്യോഗസ്ഥർ തകർക്കുന്നത്. അന്ന് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടറായ ഉമർ മുഹമ്മദാണ് അന്ന് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചിരുന്നത്. പ്രതിയുടെ കൂട്ടാളികളായ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. ആദിൽ റാതർ എന്നിവരെ അറസ്റ്റ് ചെയ്യുകയും 2,900 കിലോ സ്ഫോടകവസ്തുക്കൾ ഹരിയാനയിൽ നിന്ന് പിടികൂടുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിലാണ് അന്ന് സ്ഫോടനം നടത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


