Kerala
മൂന്നുകല്ല് കുടിവെള്ള പദ്ധതി അഴിമതി ആരോപണം; അന്വേഷണത്തിന് കോന്നി ഡിവൈഎസ്പിക്കു നിര്‍ദേശം
ഡിവൈഎസ്പി ബന്ധപ്പെട്ടവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി.

സീതത്തോട് | സീതത്തോട് മൂന്നുകല്ല് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണത്തെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോന്നി ഡിവൈഎസ്പിക്കു നിര്‍ദേശം. സൊസൈറ്റി അംഗം എം.ഡി. സ്റ്റാലിന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍ദേശമുണ്ടായത്. അന്വേഷണത്തിന് ഉത്തരവ് ലഭിച്ചതോടെ ഡിവൈഎസ്പി ബന്ധപ്പെട്ടവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ തേടി.
വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപീകരിച്ച മൂന്നുകല്ല് കുടിവെള്ള പദ്ധതി സൊസൈറ്റിയുടെ നടത്തിപ്പ് ചുമതല സിപിഐ പ്രാദേശിക നേതാക്കള്‍ക്കാണ്. സൊസൈറ്റിയുടെ പേരിലുള്ള പണം തട്ടിച്ചതും ആള്‍മാറാട്ടം നടത്തി പ്രസിഡന്റിന്റെ കള്ള ഒപ്പിട്ട് സര്‍ക്കാരിലേക്ക് രേഖകള്‍ സമര്‍പ്പിച്ചതുമായ വിഷയത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എം.ഡി. സ്റ്റാലിന്‍ പറഞ്ഞു. സൊസൈറ്റിയുടെ പൊതുയോഗം വര്‍ഷങ്ങളായി നടക്കുന്നില്ല. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടി ലഭിച്ചപ്പോഴാണ് ആള്‍മാറാട്ടം നടത്തി രേഖകള്‍ സമര്‍പ്പിച്ചത് ശ്രദ്ധയില്‍പെട്ടതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയതെന്നും പറയുന്നു.