Connect with us

Ongoing News

അമ്പമ്പോ! വമ്പന്‍ റെക്കോര്‍ഡ്; ഭീമന്‍ തുക പ്രതിഫലത്തില്‍ ലിവര്‍പൂള്‍ വനിതാ താരം ആഴ്‌സനലില്‍ 

ലിവര്‍പൂള്‍ എഫ് സിയുടെ കനേഡിയന്‍ മുന്‍നിര താരം ഒലിവിയ സ്മിത്തിനെയാണ്‌ 10 ലക്ഷം പൗണ്ട് (11,54,33,600 രൂപ) തുകയ്ക്ക്‌ ആഴ്‌സനല്‍ വിലയ്ക്ക് വാങ്ങിയത്.

Published

|

Last Updated

ലണ്ടന്‍ | റെക്കോഡ് തുക പ്രതിഫലത്തില്‍ വനിതാ ഫുട്‌ബോള്‍ താരത്തിന്റെ ക്ലബ് മാറ്റം. ലിവര്‍പൂള്‍ എഫ് സിയുടെ കനേഡിയന്‍ ഫോര്‍വേഡ്‌ ഒലിവിയ സ്മിത്താണ് കൂടുമാറിയ താരം. 10 ലക്ഷം പൗണ്ട് (11,54,33,600 രൂപ) എന്ന ഭീമമായ തുകയ്ക്കാണ് 20കാരിയായ ഒലിവിയയെ ആഴ്‌സനല്‍ വിലയ്ക്ക് വാങ്ങിയത്. ഒരു വനിതാ ഫുട്‌ബോള്‍ താരത്തിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ഈ വര്‍ഷമാദ്യം അമേരിക്കന്‍ പ്രതിരോധ നിര താരം നവോമി ഗിര്‍മയെ ഒമ്പതു ലക്ഷം പൗണ്ടിന് (1,03,90,194 രൂപ) ചെല്‍സിയ വാങ്ങിയതാണ് ഇതിനു മുമ്പത്തെ വന്‍ പ്രതിഫല തുക.

2024 ജൂലൈയിലാണ് ഒലിവിയ പോര്‍ച്ചുഗല്‍ ക്ലബായ സ്‌പോര്‍ട്ടിങില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി 25 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഒമ്പത് ഗോളുകള്‍ സ്വന്തം പേരിലെഴുതി. ലിവര്‍പൂളിന്റെ പ്ലെയര്‍ ഓഫ് ദി സീസണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഒലിവിയ വനിതാ സൂപ്പര്‍ ലീഗ് റൈസിങ് സ്റ്റാര്‍ അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ കാനഡയുടെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നിലയിലും ഒലിവിയ ചരിത്രം സൃഷ്ടിച്ചിരുന്നു. 2019ല്‍ 15-ാം വയസ്സിലാണ് താരം കാനഡക്കു വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. 2023 ഫിഫ ലോകകപ്പിലും 2024 കോണ്‍കാകാഫ് ഗോള്‍ഡ് കപ്പിലും ഒലിവിയ കാനഡക്കായി കളിച്ചിരുന്നു. കോണ്‍കാകാഫ് കപ്പില്‍ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Latest