Connect with us

From the print

ദേശീയശ്രദ്ധ നേടി ബിരിയാണിയും അങ്കണ്‍വാടി ഭക്ഷണ മെനുവും

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അങ്കണ്‍വാടി ഭക്ഷണ മെനുവും മുട്ടയും പാലും നല്‍കുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാര്‍ഡും രാജ്യത്തെ മികച്ച ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന അങ്കണ്‍വാടി ഭക്ഷണ മെനുവും മുട്ടയും പാലും നല്‍കുന്ന പോഷകബാല്യം പദ്ധതിയും കുഞ്ഞൂസ് കാര്‍ഡും രാജ്യത്തെ മികച്ച ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തില്‍ അവതരിപ്പിച്ചു. ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാറിലാണ് ബെസ്റ്റ് പ്രാക്ടീസ് പദ്ധതിയായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതികള്‍ അവതരിപ്പിച്ചത്.

വനിതാ ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫാണ് പ്രസന്റേഷന്‍ നടത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി വനിതാ ശിശുവികസന വകുപ്പ് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിയ പ്രധാന പദ്ധതികളാണ് മുട്ടയും പാലും നല്‍കുന്ന പോഷകബാല്യം പദ്ധതിയും അങ്കണ്‍വാടി ഭക്ഷണ മെനുവും കുഞ്ഞൂസ് കാര്‍ഡും. ആഴ്ചയില്‍ രണ്ട് ദിവസം ആരംഭിച്ച മുട്ടയും പാലും പദ്ധതി ആഴ്ചയില്‍ മൂന്ന് ദിവസമാക്കി. അങ്കണ്‍വാടി പ്രീ സ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ‘കുഞ്ഞൂസ് കാര്‍ഡ്’ പുറത്തിറക്കിയത്. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ശിശുരോഗ വിദഗ്ധരും തിരുവനന്തപുരം സി ഡി സിയിലെ വിദഗ്ധരും ഉള്‍പ്പെടുന്ന ടെക്നിക്കല്‍ കമ്മിറ്റി രൂപവത്കരിച്ചാണ് ഇത്തരമൊരു കാര്‍ഡ് പുറത്തിറക്കിയത്.

അങ്കണ്‍വാടിയില്‍ ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആദ്യമായി ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയത്.

പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു തയ്യാറാക്കിയത്. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്.

 

Latest