Kerala
വയനാട് ഡി സി സി പ്രസിഡന്റിന് മര്‍ദനം: നാല് പ്രാദേശിക നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍
മര്‍ദനത്തിന് നേതൃത്വം കൊടുത്ത സാജന്‍ കടുപ്പില്‍, തോമസ് പാഴൂക്കാല, ജോര്‍ജ് ഇടപ്പാട്, സുനില്‍ പാലമറ്റം എന്നിവരെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കല്‍പ്പറ്റ | വയനാട് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനെ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടിയുടെ നാല് പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്സ്. മര്‍ദനത്തിന് നേതൃത്വം കൊടുത്ത സാജന്‍ കടുപ്പില്‍, തോമസ് പാഴൂക്കാല, ജോര്‍ജ് ഇടപ്പാട്, സുനില്‍ പാലമറ്റം എന്നിവരെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടിക്ക് പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയതിന്റെ പേരിലാണ് നടപടി. സംഭവത്തില്‍ ഇവരുടെ പങ്കാളിത്തം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവിലെ മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരവിപ്പിക്കുകയും കമ്മിറ്റിയുടെ ചുമതല ഡി സി സി ജനറല്‍ സെക്രട്ടറി കെ രാജേഷ് കുമാറിന് നല്‍കുകയും ചെയ്തിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടിയെടുത്തതെന്ന് ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.
മുള്ളന്‍കൊല്ലി മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം.