Connect with us

From the print

കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനം: 43.65 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

1,137 വീടുകളുടെ വൈദ്യുതീകരണത്തിനുള്ള ശിപാർശ അംഗീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം | പൊഴിയൂര്‍, കൊല്ലംകോട് പ്രദേശങ്ങളിലെ കടലാക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 43.65 കോടി രൂപയുടെ പദ്ധതികള്‍ക്ക് മന്ത്രിസഭായോഗം തത്ത്വത്തില്‍ അംഗീകാരം നല്‍കി. നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഡിസൈന്‍ അംഗീകരിച്ച 1.2 കിലോമീറ്റര്‍ ഭാഗത്താണ് പ്രവൃത്തി നടത്തുക. ചെല്ലാനം പദ്ധതിയില്‍ അവലംബിച്ച മാതൃകയില്‍ പി എം യു/കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ച് കെ ഐ ഐ ഡി സിയെ എസ് പി വിയായി ചുമതലപ്പെടുത്തി കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാനാണ് തീരുമാനം. കെ എസ് ആര്‍ ടി സി, കെ ടി ഡി എഫ് സിക്ക് നല്‍കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല വായ്പകളില്‍ ബാക്കി നില്‍ക്കുന്ന പലിശയും മറ്റ് പിഴകളും ചേര്‍ത്ത് ആകെ 436.49 കോടി രൂപ ഒഴിവാക്കി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പട്ടികവര്‍ഗ വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ധര്‍ത്തി ആബ ജന്‍ ജാതീയ ഗ്രാം ഉത്കര്‍ഷ് അഭിയാനില്‍ ഉള്‍പ്പെട്ട 1,097 വീടുകളും റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം അഡീഷനല്‍ പ്രപ്പോസല്‍ പ്രകാരമുള്ള 40 വീടുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ 1,137 വീടുകളുടെ വൈദ്യുതീകരണത്തിനുള്ള ശിപാര്‍ശ അംഗീകരിച്ച് കേന്ദ്രത്തെ അറിയിക്കും. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും.

തുടക്കത്തില്‍ അഞ്ചാം ക്ലാസ്സിലേക്ക് 35 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കും. പുതുതായി ഒരു യു പി എസ് എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റന്‍ഡന്റ്, വാച്ച്മാന്‍, മെയില്‍/ഫീമെയില്‍ വാര്‍ഡന്‍, മെയില്‍/ഫീമെയില്‍ ആയ, അസ്സിസ്റ്റന്റ് കുക്ക്, പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നിങ്ങനെ ആറ് അനധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. പുതുശ്ശേരി ഭാഗം തട്ടാരുപടി എറത്തുവയല റോഡ് പ്രവൃത്തിക്ക് 4,35,96,753 രൂപയുടെ ടെന്‍ഡര്‍ അംഗീകരിച്ചു.

കണ്ണൂര്‍ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡില്‍ സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിച്ച് പൊതുഭരണ വകുപ്പിന് കീഴിലുള്ള സെക്ഷന്‍ ഓഫീസറെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. അസ്സിസ്റ്റന്റ്, സ്റ്റെനോടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, കാഷ്വല്‍ സ്വീപ്പര്‍ തസ്തികകളില്‍ കരാര്‍/ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അനുമതി നല്‍കി. നാഷനല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പഞ്ചകര്‍മ ചെറുതുരുത്തി സ്ഥാപനത്തിന് പാട്ടത്തിന് നല്‍കിയിരുന്ന തൃശൂര്‍ ചെറുതുരുത്തി വില്ലേജിലെ 2.0984 ഹെക്ടര്‍ ഭൂമിയുടെ പാട്ടം പുതുക്കി നല്‍കും.

2021 മേയ് 25 കണക്കാക്കി 25 വര്‍ഷത്തേക്ക് പ്രതിവര്‍ഷം ആറൊന്നിന് 100 രൂപ നിരക്കിലാണ് നല്‍കുക. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ മൂന്ന് ടൂറിസ്റ്റ് ഓഫീസര്‍ തസ്തികകള്‍ നിര്‍ത്തലാക്കി ഒരു ലെയ്സണ്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കാനും തീരുമാനമായി.

 

Latest