Ongoing News
ഐ എസ് എല്‍ അനിശ്ചിതാവസ്ഥ: ആശങ്കക്കിടയിലും പ്രതീക്ഷ കൈവിടുന്നില്ലെന്ന് ഛേത്രി
ശാന്തരായിരിക്കുക. ഈ പ്രതികൂലാവസ്ഥയെ നമ്മള്‍ ഒരുമിച്ചു നേരിടും. കൂടുതല്‍ മികവ് കൈവരിക്കാനുള്ള പരിശീലനം തുടരുക. ഫുട്‌ബോള്‍ പുനരാരംഭിക്കുക തന്നെ ചെയ്യും.

മുംബൈ | ഐ എസ് എല്‍ 2025-26 സീസണ്‍ അനിശ്ചിതാവസ്ഥയിലായതില്‍ ആശങ്കയും നിരാശയും പ്രകടിപ്പിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി. ‘ ഇന്ത്യന്‍ ഫുട്‌ബോള്‍ നിലവില്‍ നേരിടുന്ന പ്രതികൂല സാഹചര്യം കടുത്ത ആശങ്കയുണര്‍ത്തുന്നതാണ്. വിഷയത്തില്‍ വിഷമം പ്രകടിപ്പിച്ചുള്ള സന്ദേശങ്ങള്‍ എന്റെ സ്വന്തം ക്ലബില്‍ നിന്ന് മാത്രമല്ല, മറ്റ് ക്ലബുകളില്‍ നിന്നുള്ള കളിക്കാരും സ്റ്റാഫ് അംഗങ്ങളും ഫിസിയോമാരും മറ്റും എനിക്ക് അയച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ എല്ലാവരും നിലവിലെ അനിശ്ചിതാവസ്ഥയില്‍ വിഷമത്തിലും വേദനയിലും ആധിയിലുമാണ്.’-ഛേത്രി ട്വിറ്ററില്‍ കുറിച്ചു.
‘നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഐ എസ് എല്‍ നടത്താന്‍ അധികൃതര്‍ വലിയ ശ്രമം നടത്തുന്നുവെന്നത് ആശ്വാസകരാണ്. ഉടനെയോ അല്‍പം വൈകിയോ ആശാവഹമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. നടന്നുവരുന്ന കാര്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാന്‍ എനിക്ക് കഴിയില്ലെങ്കിലും ശാന്തരായിരിക്കാന്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്. ഈ പ്രതികൂലാവസ്ഥയെ നമ്മള്‍ ഒരുമിച്ചു നേരിടും. കൂടുതല്‍ മികവ് കൈവരിക്കാനുള്ള പരിശീലനം തുടരുക. ഫുട്‌ബോള്‍ പുനരാരംഭിക്കുക തന്നെ ചെയ്യും.’- ഛേത്രി കൂട്ടിച്ചേര്‍ത്തു.
മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ (M R A) പുതുക്കുന്നതില്‍ ഐ എസ് എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (FSDL) അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) തമ്മില്‍ നിലവിലുള്ള തര്‍ക്കമാണ് ഐ എസ് എല്‍ അനിശ്ചിതാവസ്ഥയിലാകാന്‍ ഇടയാക്കിയത്.