Connect with us

Kerala

കണ്ണപുരം സ്‌ഫോടനം: പ്രതി അനൂപ് മാലിക്കിനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തേക്കും

പ്രതി അനൂപ് മാലിക്ക് തുടര്‍ച്ചയായ സ്‌ഫോടനക്കേസുകളില്‍ പങ്കാളിയായ സാഹചര്യത്തിലാണ് നീക്കം.

Published

|

Last Updated

കണ്ണൂര്‍ | കണ്ണപുരം സ്‌ഫോടനത്തിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. പ്രതി അനൂപ് മാലിക്ക് തുടര്‍ച്ചയായ സ്‌ഫോടനക്കേസുകളില്‍ പങ്കാളിയായ സാഹചര്യത്തിലാണ് നീക്കം. അനൂപ് മാലിക്കിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലികിനെ ഇന്നലെ കാഞ്ഞങ്ങാട് നിന്നാണ് കണ്ണപുരം പോലീസ് പിടികൂടിയത്. സ്‌ഫോടക വസ്തു നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ഫോടനത്തില്‍ അനൂപ് മാലികിന്റെ ബന്ധു കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചിരുന്നു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കള്‍ സഫോടനം നടന്ന വീട്ടില്‍ നിര്‍മിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെയായിരുന്നു നിര്‍മാണം.

2016ലെ പൊടിക്കുണ്ട് സ്ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്‌ഫോടനത്തില്‍ തകര്‍ന്നത്. സ്‌ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നേരത്തെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് ഉഗ്ര സ്‌ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു. കീഴറ ഗോവിന്ദനെന്ന മുന്‍ അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഇവരില്‍ ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.

 

Latest