Kuwait
വ്യോമയാന മേഖലയില്‍ ഉഭയകക്ഷി സഹകരണം; ധാരണയിലെത്തി ഇന്ത്യയും കുവൈത്തും
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പുതിയ കരാറിന് അന്തിമരൂപമായത്.

കുവൈത്ത് സിറ്റി | വ്യോമയാന മേഖലയില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിന് പുതിയ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പുതിയ കരാറിന് അന്തിമരൂപമായത്. കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) പ്രസിഡന്റ് ഹമൂദ് മുബാറക്, ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സമീര്‍ കുമാര്‍, എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.
വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്തുക, സാങ്കേതിക അറിവ് കൈമാറ്റം നടത്തുക, വ്യോമയാന മേഖലയിലെ പുതിയ ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ പ്രധാന വിഷയങ്ങളായിരുന്നു ചര്‍ച്ചയെന്നും ഷെയ്ഖ് ഹമൂദ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വ്യോമഗതാഗത വിപണിയെ വികസിപ്പിക്കാന്‍ പുതിയ കരാര്‍ സഹായകരമാകും വിധമാണ് തീരുമാനം. വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കല്‍ കൂടുതല്‍ കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തല്‍, അന്താരാഷ്ട്ര മാനേജ്‌മെന്റ് രീതികള്‍, എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകളും കൂടിക്കാഴ്ചയില്‍ നടന്നു.
കുവൈത്ത് എയര്‍വേയ്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ക്യാപ്റ്റന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഫഖാന്‍, ജസീറ എയര്‍വേയ്‌സ് ചെയര്‍മാന്‍ മര്‍വാന്‍ ബുദായ്, ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ മിഷ്അല്‍ അല്‍ ശമാലി, വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കുവൈത്തിലെയും ഇന്ത്യയിലെയും യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും കൂടുതല്‍ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഈ ധാരണാപത്രം വഴി സാധ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.