International
ലോകം ഇരുട്ടിലാകുമോ? ഇറാന്റെയും ഖത്തറിന്റെയും വാതക പാടങ്ങളിൽ മിസൈൽ ആക്രമണം; ഇന്ധന വിപണിയിൽ വൻ പ്രത്യാഘാതം
യുദ്ധം വ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനം വർധിച്ച് ബാരലിന് 108 ഡോളറിന് മുകളിലെത്തി.
ദോഹ | പശ്ചിമേഷ്യയിൽ ഇസ്റാഈൽ – ഇറാൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക പാടമായ സൗത്ത് പാഴ്സിലെ ഇറാന്റെ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഖത്തറിനും സൗദി അറേബ്യക്കും നേരെ ഇറാൻ മിസൈൽ വർഷം നടത്തി. ഇതോടെ ആഗോള ഇന്ധന വിപണി കൂപ്പുകുത്തുമെന്ന ഭീതിയിലാണ് ലോകം. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതിന് പിന്നാലെ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ ആക്രമണം ഉണ്ടായത് ഇന്ധനവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
ഇറാന്റെ ഇന്ധന സ്രോതസ്സുകളുടെ 80 ശതമാനവും കൈകാര്യം ചെയ്യുന്ന അസലൂയ തീരത്തെ സൗത്ത് പാഴ്സ് വാതക പാടത്തിന് നേരെയാണ് ബുധനാഴ്ച ഇസ്റാഈൽ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഖത്തറിലെ എൽ എൻ ജി ഹബ്ബായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് നേരെ ഇറാൻ മിസൈലുകൾ തൊടുത്തു. ആക്രമണത്തിൽ റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു.
ഇതിനിടെ റിയാദ് ലക്ഷ്യമാക്കി വന്ന നാല് ബാലിസ്റ്റിക് മിസൈലുകളും കിഴക്കൻ മേഖലയിലെ വാതക കേന്ദ്രത്തിന് നേരെ വന്ന ഡ്രോണുകളും തകർത്തതായി സൗദി അറേബ്യ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച ഇറാന്റെ നടപടിയെ ഖത്തർ ശക്തമായി അപലപിക്കുകയും രണ്ട് മുതിർന്ന ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
മേഖലയിലെ സൈനിക താവളങ്ങളിൽ നിന്ന് സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയും പ്രകൃതിവാതക വിലയും കുതിച്ചുയരുകയാണ്. യുദ്ധം വ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനം വർധിച്ച് ബാരലിന് 108 ഡോളറിന് മുകളിലെത്തി. അമേരിക്കയിൽ ഡീസൽ വില ഗാലണിന് 5 ഡോളർ കടന്നു.
യുഎസ് – ഇസ്റാഈൽ സഖ്യത്തിന് നേരെ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ ആസ്ഥാനമായുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം പടരുന്നത് നിയന്ത്രിക്കാനായില്ലെങ്കിൽ ലോകം മുഴുവൻ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി.
ഇതിനിടെ ലെബനാൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്റാഈൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മാഈൽ ഖത്തീബിനെയും സുരക്ഷാ മേധാവി അലി ലാറിജാനിയെയും ഇസ്റാഈൽ വധിച്ചു. തിരിച്ചടിയായി ഇറാൻ ഇസ്റാഈലിന് നേരെ ക്ലസ്റ്റർ മിസൈലുകൾ പ്രയോഗിച്ചു.
യുദ്ധം തുടങ്ങിയ ഫെബ്രുവരി 28ന് ശേഷം ഇറാനിൽ മൂവായിരത്തിലധികം പേരും ലെബനാനിൽ തൊള്ളായിരത്തോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
Summary
The U.S.-Israeli conflict with Iran has escalated into a major regional energy war, with targeted strikes on Iran’s South Pars gas field and retaliatory Iranian missile attacks on Qatar’s Ras Laffan and Saudi Arabia. This unprecedented targeting of civilian energy infrastructure has pushed Brent crude prices above $108 per barrel and threatened 20% of the world’s LNG supply. As casualties mount in Lebanon and Iran, and top officials are assassinated, the global community fears a total collapse of energy security and a wider international economic shock.


