Saudi Arabia
ഹജ്ജ്: പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തി
കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സുരക്ഷാ, സൈനിക ഏജന്‍സികളുടെ സംയുക്ത സുരക്ഷാ പദ്ധതികളാണ് ഈ വര്‍ഷം തയ്യാറാക്കിയിരിക്കുന്നത്.
മക്ക | സഊദി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍-ബസ്സാമി പുണ്യസ്ഥലങ്ങളില്‍ പങ്കെടുക്കുന്ന ഹജ്ജ് സുരക്ഷാ സേനയുടെയും അനുബന്ധ സൈനിക യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഫീല്‍ഡ് സന്ദര്‍ശനം നടത്തി. തീര്‍ഥാടകരുടെ സുരക്ഷയും സംരക്ഷണവും നിലനിര്‍ത്തുന്നതിനും സൗകര്യമൊരുക്കുന്നതിനുമായി സുരക്ഷാ സേനകള്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള സന്നദ്ധത ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബസാമി സ്ഥിരീകരിച്ചു. കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സുരക്ഷാ, സൈനിക ഏജന്‍സികളുടെ സംയുക്ത സുരക്ഷാ പദ്ധതികളാണ് ഈ വര്‍ഷം തയ്യാറാക്കിയിരിക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതന നിരീക്ഷണ ക്യാമറകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഹാജിമാരുടെ ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനും പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ചലനം ഉറപ്പാക്കുന്നതിനും സാങ്കേതിക വിദ്യകളിലൂടെ സാധ്യമാകും. സൂക്ഷ്മമായ ഗതാഗത പദ്ധതികളിലൂടെ പുണ്യ സ്ഥലങ്ങളിലെ വാഹന തിരക്ക് നിയന്ത്രിക്കല്‍, തീര്‍ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് സര്‍വീസ്, സിവില്‍ ഡിഫന്‍സ് സേവനങ്ങള്‍, എന്നിവയും ഇതിനകം സജ്ജമായിട്ടുണ്ട്.
‘അനുമതിയില്ലാതെ ഹജ്ജ് പാടില്ല’ എന്ന ഈ വര്‍ഷത്തെ ഹജ്ജ് മുദ്രാവാക്യം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം ജനറല്‍ അല്‍-ബസ്സാമി തന്റെ പര്യടനത്തിനിടെ ഊന്നിപ്പറഞ്ഞു. തീര്‍ഥാടകരുടെ എണ്ണം നിയന്ത്രിക്കുക, ഔദ്യോഗിക ഹജ്ജ് അനുമതിപത്രമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുക, ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹജ്ജ് സേവന രംഗത്തുള്ള എല്ലാ സേനകളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.







