Connect with us

Kerala

കെ സുധാകരന് സീറ്റില്ല; പുലര്‍ച്ചെ ചര്‍ച്ച അവസാനിച്ചു; നേതാക്കള്‍ മടങ്ങി

കൊച്ചിയില്‍ വി ഡി സതീശന്‍ തന്റെ നോമിനിയായ മുഹമ്മദ് ഷിയാസിനു സീറ്റുറപ്പിച്ചു.

Published

|

Last Updated

ഡല്‍ഹി | കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതിയില്ല. കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. ഈ തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും കേരളത്തിലെ സീറ്റുകളില്‍ അന്തിമ ധാരണയായില്ല. ചര്‍ച്ച പൂര്‍ത്തിയാക്കി കെപിസിസി അധ്യക്ഷന്‍ നാട്ടിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശനും പുലര്‍ച്ചെ നാല് മണിയോടെ കേരളത്തിലേക്ക് മടങ്ങും.

കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ഥികളുമായി ഇന്ന് പട്ടികയിറങ്ങും. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. പെരുമ്പാവൂരില്‍ എല്‍ദോസിന് പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. കൊച്ചിയില്‍ വി ഡി സതീശന്‍ തന്റെ നോമിനിയായ മുഹമ്മദ് ഷിയാസിനു സീറ്റുറപ്പിച്ചു. ഉദുമ,പട്ടാമ്പി,പെരുമ്പാവൂര്‍,വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലെത്താന്‍ കഴിഞ്ഞില്ല. സമവായമാകാത്ത സീറ്റുകളിലെ തീരുമാനം ഖാര്‍ഗെയ്ക്ക് വിട്ടു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി സുധാകരന്‍ കേരള ഹൗസില്‍ നിന്ന് എന്‍ഒസി വാങ്ങിയിരുന്നു.
90 സീറ്റുകളിലും സ്ഥാനാര്‍ഥികളായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. അഞ്ച് സീറ്റുകളില്‍ ആശയവിനിമയം തുടരുകയാണ്. ഇതില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും. എംപിമാര്‍ മത്സരിക്കുന്നത് ലിസ്റ്റ് വരുമ്പോള്‍ അറിയാമെന്നും കെ സുധാകരനുമായി ഫോണില്‍ സംസാരിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

താനല്ല സ്ഥാനാര്‍ത്ഥികളെക്കുറിച്ച് പറയേണ്ടതെന്നായിരുന്നു ചര്‍ച്ച കഴിഞ്ഞ് പുറത്തേക്ക് വന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. എംപിമാര്‍ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു. തര്‍ക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റില്‍ ചര്‍ച്ച തുടരും. ബാക്കി സീറ്റുകളില്‍ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാര്‍ഥികളെ എ ഐ സി സി പ്രഖ്യാപിക്കുമെന്നും നല്ല സ്ഥാനാര്‍ത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.