Connect with us

From the print

ആര്‍ കെ രമേഷ്; നിര്‍മാണരംഗത്തെ സൗന്ദര്യശില്‍പ്പി

കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്ന കെട്ടിടങ്ങളും സൗധങ്ങളും പാര്‍ക്കുകളും ശിരസ്സുയര്‍ത്തി നില്‍ക്കുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | നിര്‍മാണരംഗത്ത് സൗന്ദര്യത്തിന്റെ സ്പര്‍ശം കൊണ്ടുവന്ന ആര്‍ക്കിടെക്ട് ആയിരുന്നു ഇന്നലെ അന്തരിച്ച ആര്‍ കെ രമേഷ്. കേരളത്തിലങ്ങോളമിങ്ങോളം അദ്ദേഹത്തിന്റെ ഭാവനയില്‍ പിറന്ന കെട്ടിടങ്ങളും സൗധങ്ങളും പാര്‍ക്കുകളും ശിരസ്സുയര്‍ത്തി നില്‍ക്കുന്നുണ്ട്. കോഴിക്കോട്ടായിരുന്നു പ്രധാന പ്രവര്‍ത്തന കേന്ദ്രമെങ്കിലും അദ്ദേഹം നാടുനീളെ സഞ്ചരിച്ചു. കോഴിക്കോട്ടെ മാനാഞ്ചിറ സ്‌ക്വയര്‍ ഇന്ന് കാണുന്ന വിധത്തില്‍ സംവിധാനം ചെയ്തത് അദ്ദേഹമായിരുന്നു.

1994ലാണ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരിക്കുന്നത്. അന്നത്തെ ജില്ലാ കലക്ടര്‍ അമിതാഭ് കാന്ത് ആയിരുന്നു പദ്ധതിയുടെ സൂത്രധാരന്‍. കേവലം മൈതാനമായിരുന്ന മാനാഞ്ചിറയെ ആളുകള്‍ക്ക് വിശ്രമിക്കാനും കാഴ്ചകള്‍ കാണാനുമുള്ള ഉദ്യാന സമാനമാക്കി മാറ്റിയത് അമിതാഭ്കാന്ത് ആണെങ്കിലും അതിനുവേണ്ടി ആര്‍ക്കിടെക്ട് വൈദഗ്ധ്യവും എന്‍ജിനീയറിംഗ് ബുദ്ധിയും പ്രയോഗിച്ചത് ആര്‍ കെ രമേഷ് ആയിരുന്നു. മാനാഞ്ചിറ സ്‌ക്വയര്‍ 31 വര്‍ഷത്തില്‍ എത്തുമ്പോഴും അതിന്റെ പകിട്ടിന് മങ്ങലേറ്റിട്ടില്ല. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ഇന്ന് കാണുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്ത് പരിഷ്‌കരിച്ചതും ആര്‍ കെ രമേഷ് നല്‍കിയ ഡിസൈന്‍ വഴിയായിരുന്നു.

കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിര്‍മിതികള്‍ക്ക് പിന്നിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. ബീച്ച് നവീകരണത്തിന്റെ ആദ്യ ഘട്ടം, സരോവരം ബയോപാര്‍ക്ക് അങ്ങനെ നീളുന്നു. മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക്, തിരൂര്‍ തുഞ്ചന്‍പറമ്പിലെ കെട്ടിടങ്ങള്‍, കോട്ടേജുകള്‍ എന്നിവയും അദ്ദേഹം രൂപകല്‍പ്പന ചെയ്തു. തിരുവനന്തപുരത്തെ ഇ എം എസ് അക്കാദമി കെട്ടിടം, നെയ്യാറ്റിന്‍കരയിലെ രാജീവ് ഗാന്ധി ഡവലപ്മെന്റ് സെന്റര്‍ എന്നിവയെല്ലാം അദ്ദേഹം ഡിസൈന്‍ ചെയ്ത പ്രമുഖ സ്ഥാപനങ്ങളാണ്. കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പറേഷന്‍ ഓഫീസുകളുടെ കെട്ടിടങ്ങളും ആര്‍ കെ രമേഷിന്റെ നിര്‍മാണ വൈദഗ്ധ്യത്തിന്റെ ഉദാഹരണങ്ങളായി കാണപ്പെടുന്നു.

കോഴിക്കോട് കെ എസ് ആര്‍ ടി സി കെട്ടിടം രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹമാണ്. ഇത് മാത്രമായിരിക്കും കുറച്ചൊരു വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ടാകുക. ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്ത കെട്ടിടമെന്ന പരാതി ഉണ്ടായിരുന്നു. ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണം എങ്ങനെ നടത്താം എന്നാണ് ആര്‍ കെ രമേഷ് പ്രധാനമായും ആലോചിച്ചത്. പരിസ്ഥിതി സൗഹൃദം നിലനിര്‍ത്തുന്ന നിര്‍മാണ സംവിധാനത്തെപ്പറ്റിയും അദ്ദേഹം ചിന്തിച്ചിരുന്നു.

കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സെമിനാറുകളിലും മറ്റും രമേഷ് പങ്കെടുക്കാറുണ്ടായിരുന്നു. ഭവനരഹിതര്‍ക്ക് വീട് വെക്കാനുള്ള സാങ്കേതിക സഹായം സൗജന്യമായി നല്‍കുന്ന ഭവനം എന്നൊരു പദ്ധതി അദ്ദേഹം നടത്തിയിരുന്നു. 2004 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, 2010ല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍മാണ്‍ പ്രതിഭാ പുരസ്‌കാരം എന്നിവ രമേഷിനെ തേടിയെത്തി.

ലളിതകലാ അക്കാദമിയില്‍ അംഗമായിരുന്നിട്ടുണ്ട്. ശാരീരിക അവശതകളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തില്‍. ആലപ്പുഴ ഹരിപ്പാട് ചിങ്ങോലി സ്വദേശിയാണ്.

പരേതനായ ആര്‍ കരുണാകരന്റെ മകനാണ്. അമ്മ: പരേതയായ കമലാഭായി. ജോലി ആവശ്യാര്‍ഥം കോഴിക്കോട്ട് എത്തിയ രമേഷ് ജയന്തിനഗര്‍ ഹൗസിംഗ് കോളനിയില്‍ ആയിരുന്നു താമസം. ഭാര്യ: എം പി ഗീത. സഹോദരങ്ങള്‍: സതീശന്‍, പരേതനായ സുന്ദരേശന്‍.

 

Latest