Ongoing News
2023-24ല്‍ റെക്കോര്‍ഡ് റവന്യൂ വരുമാനം സ്വന്തമാക്കി ബി സി സി ഐ; 59 ശതമാനം സംഭാവനയും ഐ പി എലില്‍ നിന്ന്
9,741.7 കോടി രൂപയാണ് ബോര്‍ഡ് നേടിയത്. ഐ പി എല്‍ ആണ് ഇതില്‍ 59 ശതമാനം തുകയും സംഭാവന ചെയ്തത്. 5,761 കോടിയാണ് ഇതുവഴിയുള്ള വരുമാനം.

മുംബൈ | 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് റവന്യൂ വരുമാനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ). 9,741.7 കോടി രൂപയാണ് ബോര്‍ഡ് നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) ആണ് ഇതില്‍ 59 ശതമാനം തുകയും സംഭാവന ചെയ്തത്. 5,761 കോടിയാണ് ഇതുവഴിയുള്ള വരുമാനം. റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദി ഹിന്ദു ബിസിനസ് ലൈനാണ് ഈ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 2007ല്‍ തുടക്കമിട്ട ശേഷം വിജയകരമായി മുന്നോട്ട് പോകുന്ന ഐ പി എല്‍ ആണ് ബി സി സി ഐയുടെ പ്രധാന റവന്യൂ സ്രോതസ്സ്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളുടെ സംപ്രേക്ഷണാവകാശം ഉള്‍പ്പെടെ ഐ പി എല്‍ ഇതര മീഡിയ റൈറ്റ്സ് വിറ്റതില്‍ നിന്ന് 361 കോടിയാണ് ബി സി സി ഐക്ക് ലഭിച്ചത്. രഞ്ജി ട്രോഫി ഉള്‍പ്പെടെ ക്രിക്കറ്റിന്റെ വിവിധ തലങ്ങളില്‍ കളിക്കാര്‍ക്ക് അവസരങ്ങള്‍ നല്‍കുന്ന ഉറവിടമായും ഐ പി എല്‍ മാറിയിട്ടുണ്ട്.
രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സി കെ നായിഡു ട്രോഫി തുടങ്ങി ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങള്‍ വാണിജ്യവത്ക്കരിക്കുന്നതിലൂടെ വലിയ സാധ്യതകളാണ് ബി സി സി ഐക്ക് മുന്നില്‍ തുറന്നുകിടക്കുന്നതെന്ന് റെഡിഫ്യൂഷന്‍ മേധാവി സന്ദീപ് ഗോയല്‍ പറഞ്ഞു. നിലവില്‍ ബി സി സി ഐക്ക് 30,000 കോടി രൂപയ്ക്ക് അടുത്തു വരുന്ന കരുതല്‍ ധനമുണ്ട്. ഇതില്‍ ആയിരം കോടിയാണ് പ്രതിവര്‍ഷം പലിശയിനത്തില്‍ മാത്രം ലഭിക്കുന്നത്. സ്പോണ്‍സര്‍ഷിപ്പുകള്‍ വിപുലപ്പെടുത്തല്‍, മീഡിയ ഡീലുകള്‍, മത്സരദിന വരുമാനം എന്നിവയിലൂടെ 10-12 ശതമാനം വാര്‍ഷിക വളര്‍ച്ചയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈവര്‍ഷം ഓപറേഷന്‍ സിന്ദൂറിന്റെ കാലയളവില്‍ തടസ്സം നേരിട്ടെങ്കിലും ഐ പി എലിന്റെ പ്രകടനം സ്ഥിരതയുള്ളതും പ്രതിസന്ധികളില്‍ നിന്ന് തിരിച്ചുവരവിന് ശേഷിയുള്ളതുമാണെന്നാണ് വിലയിരുത്തല്‍.