Articles
പാര്‍ലിമെന്റില്‍ പഹല്‍ഗാമും ബിഹാറും പുകയും
സര്‍ക്കാര്‍ രണ്ട് തവണ സര്‍വകക്ഷി യോഗം വിളിക്കുകയും മന്ത്രിമാരും പാര്‍ലിമെന്റ് അംഗങ്ങളും ഉള്‍പ്പെടുന്ന സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് പര്യടനത്തിന് അയക്കുകയും ചെയ്‌തെങ്കിലും പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. പ്രത്യേക സമ്മേളനം ചേര്‍ന്നാല്‍ ഉപയോഗിക്കാനായി കരുതിവെച്ച ആയുധങ്ങള്‍ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം പുറത്തെടുക്കും.

പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍, ബിഹാര്‍ വോട്ടര്‍ പട്ടികയിലെ രാഷ്ട്രീയ ഇടപെടല്‍, അഹമ്മദാബാദ് വിമാന അപകടം എന്നീ ചോദ്യങ്ങള്‍ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ നേരിടേണ്ടി വരും. സമ്മേളനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഇന്നലെ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലും പ്രതിപക്ഷം ഈ കാര്യങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. ഇന്ന് ആരംഭിക്കുന്ന പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഞായറാഴ്ച പറയുകയുണ്ടായി.
ശനിയാഴ്ച പ്രതിപക്ഷ കൂട്ടായ്മയായ “ഇന്ത്യ’ മുന്നണിയിലെ 24 പാര്‍ട്ടികളുടെ വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം “ഇന്ത്യ’ മുന്നണി മുഴുവന്‍ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ചേരുന്ന ആദ്യ യോഗമാണിത്. യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുകയുണ്ടായില്ല. ആം ആദ്മി പാര്‍ട്ടി മുന്നണി ബന്ധം വിഛേദിക്കുന്നതായി അറിയിച്ചിരുന്നു. അതേസമയം പലതവണ യോഗത്തില്‍ നിന്ന് വിട്ടുനിന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് കഴിഞ്ഞ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. സര്‍ക്കാറിനെതിരെ പാര്‍ലിമെന്റില്‍ ഒരുമിച്ചു നില്‍ക്കാന്‍ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.
മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ യോഗം വെള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വീട്ടില്‍ ചേര്‍ന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലിമെന്റ് സമ്മേളനം വിളിച്ചു കൂട്ടണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ രണ്ട് തവണ സര്‍വകക്ഷി യോഗം വിളിക്കുകയും മന്ത്രിമാരും പാര്‍ലിമെന്റ് അംഗങ്ങളും ഉള്‍പ്പെടുന്ന സംഘത്തെ വിവിധ രാജ്യങ്ങളിലേക്ക് പര്യടനത്തിന് അയക്കുകയും ചെയ്‌തെങ്കിലും പ്രത്യേക പാര്‍ലിമെന്റ് വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു. പ്രത്യേക സമ്മേളനം ചേര്‍ന്നാല്‍ ഉപയോഗിക്കാനായി കരുതിവെച്ച ആയുധങ്ങള്‍ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം പുറത്തെടുക്കും. ഇന്ത്യ നിഷേധിച്ചിട്ടും തന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ വെടിനിര്‍ത്തിയതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തെ കുറിച്ച് ചോദ്യം ഉയരുമെങ്കിലും പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാര്‍ലിമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയുമോ എന്ന് കാണേണ്ടിയിരിക്കുന്നു. ചൈനയും പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളിലുണ്ടായ മാറ്റം തുടങ്ങിയ വിഷയങ്ങളിലും പ്രതിപക്ഷം സര്‍ക്കാറിന്റെ വിശദീകരണം ആവശ്യപ്പെട്ടേക്കും.
27 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതായി 80 ദിവസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കുറ്റസമ്മതം നടത്തിയത് പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ്. ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം ലെഫ്റ്റനന്റ്ഗവര്‍ണര്‍ക്ക് മാത്രമാണോ എന്ന ചോദ്യവും ഉയര്‍ന്നേക്കാം. ലെഫ്റ്റനന്റ്ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയാണ്. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ഉണ്ടെങ്കിലും ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് നിലവില്‍ നാമമാത്ര അധികാരമേ ഉള്ളൂ. സുരക്ഷാ സംവിധാനം മുതല്‍ ജമ്മു കശ്മീരിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ന്യൂഡല്‍ഹിയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ലെഫ്റ്റനന്റ്ഗവര്‍ണറുടെ ഏറ്റുപറച്ചില്‍ വിരല്‍ ചൂണ്ടുന്നത് ഡല്‍ഹിക്കു നേരെയാണ്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തി സുരക്ഷ, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ പൂര്‍ണമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലാണ്.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി, മെയ് ഏഴിന് പുലര്‍ച്ചെ ഓപറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു. മൂന്ന് ദിവസത്തെ യുദ്ധത്തില്‍ ഒട്ടേറെ പാകിസ്താനികള്‍ കൊല്ലപ്പെടുകയും പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഏതാനും ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. എന്നിട്ടും പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ കണ്ടെത്താനോ അവരെ ഇല്ലാതാക്കാനോ ഇന്ത്യക്ക് ഇതുവരെയും സാധിച്ചിട്ടില്ല. ഇത് എന്തുകൊണ്ട് എന്ന വലിയ ചോദ്യവും ബാക്കിയാണ്. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടയിലാണ്, ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. അക്രമത്തിന്റെ ഉത്തരവാദിത്വം ദി റെസിഡന്റ്ഫ്രണ്ട് (ടി ആര്‍ എഫ്) എന്ന ഭീകര സംഘടന ഏറ്റെടുക്കുകയായിരുന്നു. 2019ല്‍ രൂപം കൊണ്ട ടി ആര്‍ എഫ് പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളായ ജയ്‌ശെ മുഹമ്മദ്, ലശ്കറെ ത്വയ്ബ എന്നിവയുടെ നിഴല്‍ സംഘടനയാണ്. ആക്രമണം നടന്നയുടനെ ഉത്തരവാദിത്വം ഏറ്റെടുത്ത ടി ആര്‍ എഫ് രണ്ട് ദിവസത്തിനു ശേഷം അവകാശവാദത്തില്‍ നിന്ന് പിറകോട്ട് പോയി. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ടി ആര്‍ എഫ് പിറകോട്ടു പോയതെന്ന് കശ്മീര്‍ ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയുടെ ആവശ്യപ്രകാരം ടി ആര്‍ എഫിനെ കഴിഞ്ഞദിവസം അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിക്കുകയുണ്ടായി. ടി ആര്‍ എഫ് തലവന്‍ ശൈഖ് സജ്ജാദ് ഗുല്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരാക്രമണം നടത്തിയ സംഘത്തിലുള്ളവരുടെ പേര് വിവരങ്ങളും ഫോട്ടോയും അടുത്ത ദിവസം തന്നെ ഇന്ത്യയുടെ ദേശീയ സുരക്ഷാ മന്ത്രാലയം പുറത്തുവിടുകയുണ്ടായി. ആദ്യം പുറത്തുവിട്ട ഫോട്ടോയില്‍ നാല് പേരാണുണ്ടായിരുന്നത്. എന്നാല്‍ എന്‍ ഐ എയുടെ റിപോര്‍ട്ടില്‍ ഇപ്പോള്‍ പറയുന്നത് അക്രമികള്‍ മൂന്ന് പേരെന്നാണ്. എന്‍ ഐ എയുടെ റിപോര്‍ട്ടിലുള്ളത് ആദ്യം പുറത്തുവിട്ടവരുടെ പേരുകള്‍ അല്ല. ആളും പേരും മാറിയിട്ടുണ്ട്. ഒടുവില്‍ പറഞ്ഞവരുടെ രേഖാചിത്രവും പുറത്തിറക്കുകയുണ്ടായി.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയവര്‍ കൃത്യത്തിനു ശേഷം ആകാശത്തേക്ക് വെടിവെച്ച് ആഹ്ലാദം പങ്കുവെച്ചു എന്ന ദൃക്‌സാക്ഷി വിവരണവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അക്രമം നടന്ന് മൂന്ന് മാസമാകാറായിട്ടും പ്രതികള്‍ കാണാമറയത്ത് തുടരുകയാണ്. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അക്രമികളെ സഹായിച്ചവരെ കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരര്‍ക്ക് ഭക്ഷണം നല്‍കുകയും അഭയം നല്‍കുകയും ചെയ്ത തദ്ദേശീയരായ രണ്ട് പേര്‍ എന്‍ ഐ എ കസ്റ്റഡിയിലാണ്. ഇവര്‍ സ്വമേധയാ ചെയ്തതാണോ അതല്ല തോക്കിന്‍ മുനയില്‍ നിര്‍ത്തി ചെയ്യിപ്പിച്ചതാണോ എന്ന സംശയം മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പ്രകടിപ്പിച്ചിട്ടുണ്ട്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ജയിലിലാണ്. പഹല്‍ഗാം അക്രമം നടന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി മൂവായിരത്തോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുറെ പേരെ വിട്ടയച്ചു എങ്കിലും നിരപരാധികളായ പലരും മോചനം കാത്ത് ജയിലില്‍ കഴിയുകയാണ്. തീവ്രവാദികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ഒമ്പത് വീടുകളെങ്കിലും സ്‌ഫോടനം നടത്തിയും ബുള്‍ഡോസര്‍ ഉപയോഗിച്ചും തകര്‍ക്കുകയുണ്ടായി. ഒമ്പത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നപ്പോള്‍ സ്‌ഫോടനത്തില്‍ തൊട്ടടുത്ത ഒട്ടേറെ വീടുകള്‍ വാസയോഗ്യമല്ലാതായി.
ദക്ഷിണ കശ്മീരില്‍ തകര്‍ത്ത വീടുകളിലൊന്ന് ആദില്‍ തോക്കറുടേതായിരുന്നു. എന്‍ ഐ എ ഇപ്പോള്‍ പറയുന്നത് ആദില്‍ തോക്കര്‍ക്ക് പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ല എന്നാണ്. തകര്‍ക്കപ്പെട്ട വീടുകളില്‍ മറ്റൊന്ന് കുപ്്വാര ജില്ലയിലെ നരികൂട്ട് ഗ്രാമത്തിലെ ഫാറൂഖ് തീദ്വയുടെ പിതാവിന്റേതാണ്. 35 വര്‍ഷം മുമ്പ് കാണാതായ ഫാറൂഖിന് വീടുമായി ബന്ധമുണ്ടായിരുന്നില്ല. പക്ഷേ, ഫാറൂഖിന്റെ മാതാപിതാക്കളും സഹോദരന്മാരും എന്തിന്റെയോ പേരില്‍ തെരുവില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം അല്‍ത്താഫ് എന്ന യുവാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയി. പിന്നീട് ബന്ധുക്കള്‍ കാണുന്നത് മൃതദേഹമാണ്. ആടിനെ മേയ്ച്ചു കുടുംബം പുലര്‍ത്തുന്ന അല്‍ത്താഫിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു. ഒട്ടേറെ നിരപരാധികള്‍ ജയിലില്‍ കഴിയുമ്പോള്‍, യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് ആരുടെ കുറ്റം കൊണ്ടായിരിക്കും? ഓപറേഷന്‍ സിന്ദൂറിന്റെ യഥാര്‍ഥ വിജയം അവകാശപ്പെടാന്‍ സാധിക്കുക കാണാമറയത്തുള്ള ഈ പ്രതികളെ പിടികൂടുമ്പോഴാണ്.