Kerala
വി എസ് ജനവികാരത്തിന്റെ നേതാവ്:ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത
ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം.

തിരുവല്ല \ സമരങ്ങളിലൂടെ നടന്നു നീങ്ങിയ ജനവികാരത്തിന്റെ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി വി എസ് അച്യൂതാനന്ദന്‍ എന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി വിഷയങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ച അദ്ദേഹം എല്ലാ അവസരങ്ങളിലും ജനത്തോടൊപ്പം നിന്നു.
കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളി സമരങ്ങളിലൂടെ വളര്‍ന്ന അദ്ദേഹം എല്ലാ തൊഴിലാളികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. ജീവിതാനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ പാഠപുസ്തകം. പരിസ്ഥിതി സംരക്ഷണവും ഭൂസംരക്ഷണവുമൊക്കെ പ്രധാന വിഷയമാക്കി. നെല്‍വയല്‍ സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് നടപ്പിലാക്കിയതും ശ്രദ്ധേയമായിരുന്നു. വി.എസ്.അച്യുതാനന്ദന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ശബ്ദമാണെന്ന് മെത്രാപ്പൊലീത്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.