National
അരുണാചല്‍ പ്രദേശില്‍ ബൈക്ക് യാത്രയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു
അരുണാചല്‍ പ്രദേശ് പോലീസില്‍ റേഡിയോ ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ചിക്സെങ് മാന്‍പങാണ് കൊല്ലപ്പെട്ടത്.
ഇറ്റാനഗര്‍| അരുണാചല്‍ പ്രദേശില്‍ ബൈക്ക് യാത്രക്കിടയിടെ പോലീസ് ഉദ്യോഗസ്ഥനെ കടുവ ആക്രമിച്ച് കൊന്നു. അരുണാചല്‍ പ്രദേശ് പോലീസില്‍ റേഡിയോ ഓപ്പറേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ചിക്സെങ് മാന്‍പങാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ദിബാഗ് താഴ്വരയിലെ അനിനി എന്ന പ്രദേശത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.വിവരം അറിഞ്ഞ പോലീസും വനം വകുപ്പ് അധികൃതരും പ്രദേശത്ത് ഉടന്‍ എത്തി പരിശോധനകള്‍ നടത്തിയതായി ലോവര്‍ ദിബാഗ് വാലി എസ്പി മനീഷ് ശൗര്യ പറഞ്ഞു.
കടുവയുടെ ആക്രമണമുണ്ടായ പാതയില്‍ ഇരുചക്ര വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയായ മയുദിയയ്ക്ക് സമീപം കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നിരോധനം. കുറച്ച് ദിവസങ്ങളായി ഒരു പെണ്‍കടുവയെയും മൂന്ന് കടുവ കുഞ്ഞുങ്ങളെയും പ്രദേശത്ത് കണ്ടതായി യാത്രികര്‍ അധികൃതരെ അറിയിച്ചിരുന്നു.
അതേസമയം, കടുവകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.


