Kerala
വാർഷിക പദ്ധതി ചർച്ചയിൽ നിന്ന് മന്ത്രിമാരെ ഒഴിവാക്കി ആസൂത്രണ ബോർഡ്
ബോർഡിന്റെ തീരുമാനത്തിൽ മന്ത്രിമാർ കടുത്ത അതൃപ്തിയിലാണ്.
തിരുവനന്തപുരം| സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുമായി നടത്താറുള്ള ചർച്ചകൾ ഒഴിവാക്കി സംസ്ഥാന ആസൂത്രണ ബോർഡ്. ആശയവിനിമയം ആവശ്യമുള്ള മന്ത്രിമാർ മുൻകൂട്ടി സമയവും ദിവസവും അറിയിച്ച് ചർച്ചയ്ക്ക് എത്തണമെന്നാണ് ബോർഡിന്റെ നിർദേശം. ഇതുസംബന്ധിച്ച് ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ മന്ത്രിമാർക്ക് കത്തയച്ചു. ബോർഡിന്റെ തീരുമാനത്തിൽ മന്ത്രിമാർ കടുത്ത അതൃപ്തിയിലാണ്.
വകുപ്പ് മേധാവികൾ, സെക്രട്ടറിമാർ, മന്ത്രിമാർ എന്നിവരുമായി ഘട്ടംഘട്ടമായി ചർച്ച നടത്തി വാർഷിക പദ്ധതി തയ്യാറാക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച വേണ്ടെന്ന നിലപാടിലാണ് ആസൂത്രണ ബോർഡ്. പകരം ചർച്ച ആവശ്യമുള്ള മന്ത്രിമാർ വൈസ് ചെയർമാനെ മുൻകൂട്ടി അറിയിക്കണമെന്നാണ് നിർദേശം.
ഈ നിർദേശത്തിലും മന്ത്രിമാർക്ക് അതൃപ്തിയുണ്ട്. ‘എല്ലാ മന്ത്രിമാർക്കും’ എന്ന് അഭിസംബോധന ചെയ്ത് ഒറ്റക്കത്തിലൂടെ വിവരം അറിയിച്ചതിലും പ്രോട്ടോക്കോൾ മര്യാദ പാലിച്ചില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.
വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നടക്കുന്ന ഘട്ടത്തിലാണ് ആസൂത്രണ ബോർഡിന്റെ തീരുമാനം. ഓരോ വകുപ്പിന്റെയും മുൻഗണനകൾ മനസിലാക്കി അതിനനുസരിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതിനാണ് വകുപ്പ് മേധാവികളുമായും സെക്രട്ടറിമാരുമായും മന്ത്രിമാരുമായും ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്താറുള്ളത്. ഇത്തവണ മന്ത്രിമാരുമായുള്ള ചർച്ച ഒഴിവാക്കിയെങ്കിലും വകുപ്പ് മേധാവികളുമായും സെക്രട്ടറിമാരുമായും ചർച്ചകൾ തുടരുന്നുണ്ട്.
Content Highlights: The Kerala State Planning Board has skipped customary pre-annual plan discussions with state ministers. Vice Chairman KM Chandrasekhar asked interested ministers to schedule meetings individually instead. This decision and the single generic letter sent have sparked strong discontent among ministers.

