International
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി; യു എസ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയില്‍ 89 ഇന്ത്യന്‍ വംശജരും
അധികരമേറ്റ ആദ്യ ദിവസം തന്നെ അതിര്‍ത്തിയില്‍ 'ദേശീയ അടിയന്തരാവസ്ഥ' പ്രഖ്യാപിച്ച ട്രംപ്, കുറ്റവാളികളായ വിദേശികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു
വാഷിങ്ടണ്‍ | അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കുറ്റവാളികളുടെ പട്ടികയില്‍ 89 ഇന്ത്യന്‍ വംശജരും . പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്.
അമേരിക്കയില്‍ അനധികൃതമായി താമസിക്കുകയും ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. കുറ്റവാളികളുടെ പേര്, ചിത്രം, അവര്‍ ചെയ്ത കുറ്റം, രാജ്യം എന്നീ വിവരങ്ങള്‍ wow.dhs.gov എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൊലപാതകം, ലൈംഗിക അതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഏകദേശം 25,000 പേരാണ് ഈ ഡാറ്റാബേസിലുള്ളത്.ഈ പട്ടികയിലുള്ളവരില്‍ 89 പേര്‍ ഇന്ത്യന്‍ വംശജരാണെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കി.
അധികരമേറ്റ ആദ്യ ദിവസം തന്നെ അതിര്‍ത്തിയില്‍ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച ട്രംപ്, കുറ്റവാളികളായ വിദേശികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
‘നമ്മുടെ സമൂഹത്തെ ഭയപ്പെടുത്തിയ രാക്ഷസന്മാര്‍’ എന്നാണ് കുറ്റവാളികളെ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ നിയമപരമായി താമസിക്കാന്‍ അവകാശമില്ലാത്തവര്‍ ഇവിടെ തുടരാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഭരണകൂടം.
ട്രംപിന്റെ ഈ നടപടിക്കെതിരെ ഡെമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്‍ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.




