Kerala
വി എസിനെതിരെ വിദ്വേഷ പരാമര്‍ശം: നാല് പേര്‍ക്കെതിരെ പരാതി
മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്മദ് കബീര്‍ കുന്നംകുളം, ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി

തിരുവനന്തപുരം | അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നാല് പേര്‍ക്കെതിരെ പരാതി. വിലാപയാത്ര നടക്കുന്ന സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നുവെന്ന് കാണിച്ച് മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്മദ് കബീര്‍ കുന്നംകുളം എന്നിവര്‍ക്കെതിരെ ജലീല്‍ പുനലൂര്‍ എന്നയാള്‍ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി. വി എസിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹ്മദിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂര്‍ പോലീസില്‍ ഡി വൈ എഫ്ഐയാണ് പരാതി നല്‍കിയത്.
വി എസ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപകരമായ കമന്റുകളും പോസ്റ്റുകളും വന്നിരുന്നു. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ് കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹ്മദ് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും അധിക്ഷേപിച്ചു.
വി എസിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഒരു അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തിയിരുന്നു.