articles
സിറിയയിലെ ഇസ്റാഈൽ ലക്ഷ്യം
ദമസ്‌കസിൽ ഇസ്‌റാഈൽ സേന വ്യോമാക്രമണം നടത്തിയതോടെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് സിറിയ കൂപ്പുകുത്തിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾ അശ്ശർആ സർക്കാറിനെ പിന്തുണക്കുകയും അസദ് കാലത്തെ ഉപരോധങ്ങൾ നീക്കി സിറിയയെ സുസ്ഥിരതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ തയ്യാറാകുകയും ചെയ്യുന്ന ഘട്ടമാണിത്. ഇറാനെയും റഷ്യയെയും അകറ്റിനിർത്താനാണ് ഈ സ്‌നേഹ പ്രകടനങ്ങളെല്ലാമെന്ന സംശയമുണർത്തുന്നതാണ് ജൂത രാഷ്ട്രത്തിന്റെ ഇടപെടൽ.

ദക്ഷിണ സിറിയയിലെ പ്രധാന നഗരമാണ് അസ്സുവൈദ. രാജ്യത്തെ 14 ഗവർണറേറ്റുകളിലൊന്നായ സുവൈദാ ഗവർണറേറ്റിന്റെ തലസ്ഥാനം. ഡ്രൂസ് എന്ന് വിളിക്കപ്പെടുന്ന സവിശേഷ മതവിഭാഗത്തിൽപ്പെട്ടവരുടെ കേന്ദ്രമെന്ന നിലയിലാണ് ഈ പ്രദേശം വാർത്തകളിൽ നിറയാറുള്ളത്. അൽ മുവഹ്ഹിദീൻ എന്ന് സ്വയം വിളിക്കുന്ന ശിയാ അവാന്തര വിഭാഗമായ ഇക്കൂട്ടർ സിറിയയിലെ മതന്യൂനപക്ഷവിഭാഗമാണ്. സിറിയ, ലബനാൻ, ഇസ്‌റാഈൽ, ജോർദാൻ എന്നിവിടങ്ങളിലായി എട്ട് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ഡ്രൂസ് വിശ്വാസികളുണ്ടെന്നാണ് കണക്ക്. വിവിധ വിശ്വാസധാരയുടെ മിശ്രിതമായ ഡ്രൂസുകൾക്ക് ആ പേര് വരുന്നത് മുഹമ്മദ് ബിൻ ഇസ്മാഈൽ അദ്ദറാസി എന്ന പത്താം നൂറ്റാണ്ടിലെ പണ്ഡിതനിൽ നിന്നാണ്. അറബ് സംസ്‌കാരിക സവിശേഷതകളാണ് ഈ വിഭാഗം പിന്തുടരുന്നത്. അദ്ദാറിസിയെയാണ് ഈ മതവിഭാഗത്തിന്റെ സ്ഥാപകനായി കണക്കാക്കുന്നതെങ്കിലും ഒരു ഘട്ടം പിന്നിട്ടപ്പോൾ അദ്ദേഹം സ്വയം ദൈവമായി രംഗത്തുവന്നുവെന്നും അനുയായികൾ അദ്ദേഹത്തെ കൈയൊഴിഞ്ഞുവെന്നുമാണ് ചരിത്രം. അദ്ദേഹം ഒടുവിൽ തൂക്കിലേറ്റപ്പെടുകയാണ് ചെയ്തത്. അതേ കാലത്ത് ജീവിച്ചിരുന്ന ഹംസ ബിൻ അലിയുടെ നേതൃത്വമാണ് ഡ്രൂസുകൾ അംഗീകരിച്ചത്. പക്ഷേ, അദ്ദാറിസിയിൽ നിന്ന് വന്ന പേര് അങ്ങനെ തന്നെ കിടന്നു- ഡ്രൂസ്.
സിറിയയിലെ അസ്സുവൈദ ഇവരുടെ പ്രധാന കേന്ദ്രമായി തുടർന്നു. ഈ പ്രദേശത്തിന്റെ സ്വയംഭരണം തങ്ങൾക്ക് ലഭിക്കണമെന്ന ലക്ഷ്യത്തിൽ നിരവധി തവണ ഡ്രൂസുകൾ ആയുധമെടുത്തിട്ടുണ്ട്. ബശ്ശാറുൽ അസദിന്റെ കാലത്ത് മൃദു സമീപനമാണ് അദ്ദേഹം ഈ വിഭാഗത്തോട് പുലർത്തിയിരുന്നത്. അസദ് വാഴ്ച അവസാനിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഹൈഅത്ത് തഹ്‌രീർ അൽ ശാമിന്റെ നേതാവ് അഹ്്മദ് ഹുസൈൻ അശ്ശറഅ് (അബൂ മുഹമ്മദ് അൽ ജൂലാനി)യുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരം ഏറ്റെടുത്തതോടെ ഡ്രൂസുകളും സുന്നി വിഭാഗമായ ബദവികളും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമായി. സർക്കാറിന്റെ പിന്തുണ സുന്നികൾക്കുണ്ടെന്നും തങ്ങൾ വംശീയ ഉൻമൂലനത്തിന്റെ വക്കിലാണെന്നും ഡ്രൂസ് വിഭാഗത്തിലെ ഒരു സംഘം ആരോപിക്കുന്നു.
പ്രദേശത്തിന്റെ മേധാവിത്വത്തിനായി അസ്സുവൈദയിൽ നടക്കുന്ന ഏറ്റുമുട്ടൽ പതുക്കെ സിറിയയുടെ പുതിയ പ്രതിസന്ധിയായി വളരുകയാണ്. ഏതാനും ദിവസമായി തുടരുന്ന സംഘർഷത്തിൽ ഇരു വിഭാഗങ്ങളിലുമായി 300ലധികം പേർ മരിച്ചു. ബദവീ വിഭാഗത്തിൽപ്പെട്ടവർ ഡ്രൂസ് വിഭാഗത്തിൽപ്പെട്ട വഴിയോര കച്ചവടക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതാണ് ഇപ്പോഴത്തെ സംഘർഷത്തിന് തുടക്കമിട്ടതെന്നാണ് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്യുന്നത്. പിന്നാലെ, ഡ്രൂസുകൾ ബദവീ വിഭാഗത്തിൽപ്പെട്ട ചിലരെ തട്ടിക്കൊണ്ടുപോയി. ആ പ്രശ്‌നം തത്കാലം ഒത്തുതീർന്നെങ്കിലും സംഘർഷം അവസാനിച്ചില്ല. സ്വാഭാവികമായും സൈന്യം രംഗത്തിറങ്ങി. സൈന്യം പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ഡ്രൂസ് വിഭാഗം വാദിച്ചു. അതോടെ സംഘർഷം കൂടുതൽ രൂക്ഷമാകുകയായിരുന്നു. വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ലംഘിക്കപ്പെടുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.
അസദ് വീഴുകയും സിറിയയിൽ ഇറാന്റെ സ്വാധീനം തളരുകയും ചെയ്തതോടെ അവിടേക്ക് കടന്നു കയറാൻ നേരത്തേ തന്നെ കരുക്കൾ നീക്കിത്തുടങ്ങിയ ഇസ്‌റാഈൽ ഈ സംഘർഷത്തിലേക്ക് ചാടിയിറങ്ങിയിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ ലേകവിശേഷം. ഡ്രൂസ് വിഭാഗത്തിന്റെ സംരക്ഷണ വേഷമണിഞ്ഞാണ് വരവ്. ഇസ്‌റാഈൽ അധിനിവിഷ്ട ജൂലാൻ കുന്നുകളിൽ ഡ്രൂസ് വിശ്വാസികളുണ്ട് എന്നതും ഇസ്‌റാഈലിലെ ചെറു ന്യൂനപക്ഷമാണ് ഇവരെന്നതുമാണ് നെതന്യാഹു സർക്കാർ ഉപയോഗിക്കുന്ന ന്യായം.
ദമസ്‌കസിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിന് നേരെ ഇസ്‌റാഈൽ സേന വ്യോമാക്രമണം നടത്തിയതോടെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് സിറിയ കൂപ്പുകുത്തിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങൾ അശ്ശർആ സർക്കാറിനെ പിന്തുണക്കുകയും അസദ് കാലത്തെ ഉപരോധങ്ങൾ നീക്കി സിറിയയെ സുസ്ഥിരതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ അമേരിക്കയടക്കമുള്ളവർ തയ്യാറാകുകയും ചെയ്യുന്ന ഘട്ടമാണിത്. ഇറാനെയും റഷ്യയെയും അകറ്റിനിർത്താനാണ് ഈ സ്‌നേഹ പ്രകടനങ്ങളെല്ലാമെന്ന സംശയമുണർത്തുന്നതാണ് ജൂത രാഷ്ട്രത്തിന്റെ ഇടപെടൽ. സയണിസ്റ്റ് അതിർത്തി വ്യാപന മോഹങ്ങൾക്ക് കാലൂന്നി നിൽക്കാനുള്ള റിമോട്ട് കൺട്രോൾഡ് സിറിയ ഉറപ്പാക്കാനാണോ പാശ്ചാത്യരുടെ നീക്കമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. അങ്ങനെങ്കിൽ പതിറ്റാണ്ടിലേറെ നീണ്ട സംഘർഷത്തിന്റെയും പലായനത്തിന്റെയും അസ്ഥിരതയുടെയും ദുരന്തകാലം തന്നെയാണ് സിറിയൻ ജനതയെ കാത്തിരിക്കുന്നതെന്ന് വേദനയോടെ പറയേണ്ടിവരും.
ഡ്രൂസ് വിഭാഗത്തെ മാത്രമല്ല, അലവൈറ്റുകളെയും മറ്റ് വംശീയ ന്യൂനപക്ഷളെയുമെല്ലാം സർക്കാറിന്റെ ഭാഗമാക്കാൻ അശ്ശർആ ശ്രമിച്ചിട്ടുണ്ടെന്നതാണ് യാഥാർഥ്യം. പഴയ അൽഖാഇദ പാരമ്പര്യം നിഴലിക്കരുതെന്ന നിർബന്ധം അദ്ദേഹത്തിനും സംഘത്തിനുമുണ്ട്. എന്നാൽ ആഭ്യന്തര സംഘർഷം തകിടം മറിച്ച നിയമ വാഴ്ച അത്ര പെട്ടെന്ന് തിരിച്ചുവരില്ലല്ലോ. ആയുധം കൈവശം വെക്കുന്ന ഒരു മിലീഷ്യയും അത് ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കില്ല. അതുകൊണ്ട് ഏത് സംഘർഷത്തേയും ഉരുക്കുമുഷ്ടിയിൽ നേരിടാൻ സർക്കാർ തയ്യാറാകേണ്ടിവരും. സുവൈദയിൽ സൈന്യമിറങ്ങുന്നതിനോട് ഡ്രൂസ് വിഭാഗം ആദ്യഘട്ടത്തിൽ അനുകൂലമായിരുന്നുവെന്നോർക്കണം. ഇസ്‌റാഈലിന്റെ ഇടപെടലാണ് അവരെ കൂടുതൽ അക്രമാസക്തരാക്കിയത്. ജൂലാൻ കുന്നുമായി അതിർത്തി പങ്കിടുന്ന സുവൈദയിൽ സിറിയൻ സർക്കാറിന്റെ സ്വാധീനം കുറയ്ക്കാൻ ഇസ്‌റാഈൽ കരുക്കൾ നീക്കുകയാണ്. സിറിയയിൽ ദുർബലമായ ഒരു കേന്ദ്ര സർക്കാറിനെയാണ് ഇസ്‌റാഈൽ ആഗ്രഹിക്കുന്നത്. വെടിനിർത്തലിന് സർക്കാർ സൈന്യം തയ്യാറായിട്ടും ഇസ്‌റാഈൽ ബോംബാക്രമണം തുടർന്നത് അതുകൊണ്ടാണ്. ജൂതരാഷ്ട്രത്തിന്റെ ഈ അതിക്രമം അപലപിക്കാൻ യു എസോ യൂറോപ്യൻ യൂനിയനോ തയ്യാറായിട്ടില്ല.
സത്യത്തിൽ എല്ലാ ഡ്രൂസ് വിശ്വാസികളും ഇസ്‌റാഈൽ ഇടപെടലിനെ പിന്തുണക്കുന്നവരല്ല. ശർആ സർക്കാറിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ട് ഡ്രൂസ് നേതാക്കൾ. ഐ എസ് ഭീകരരിൽ നിന്നുള്ള സംരക്ഷണത്തിന് സർക്കാറിന്റെ സഹായം അനിവാര്യമെന്നും സമുദായ നേതാക്കൾ കരുതുന്നു. കുളം കലക്കി നേട്ടം കൊയ്യാനുള്ള സയണിസ്റ്റ് ശ്രമം അവർ മനസ്സിലാക്കുന്നുമുണ്ട്.
അശ്ശർആ സർക്കാർ രാജ്യത്ത് സുസ്ഥിരതയും സമാധാനവും കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. എന്തെല്ലാം ആശങ്കകൾ ചൂണ്ടിക്കാട്ടാമെങ്കിലും സിറിയക്കാരുടെ പ്രതീക്ഷയും ആത്മവിശ്വാസവുമുയർത്താൻ സർക്കാറിന് സാധിച്ചിട്ടുണ്ട്.
പല രാജ്യങ്ങളിലായി അഭയാർഥികളായി അലയുന്ന സിറിയൻ ജനത സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാമെന്ന പ്രത്യാശയിലാണ്. യൂറോപ്യൻ യൂനിയൻ, യു എസ്, തുർക്കിയ തുടങ്ങിയവയെല്ലാം പുതിയ ഭരണസംവിധാനത്തോട് സഹകരിക്കുന്നത് ഈ പ്രതീക്ഷക്ക് ചിറക് നൽകുന്നുണ്ട്. ഐ എസുമായും അൽ ഖാഇദയുമായും സഹകരിച്ച തന്റെ പഴയ കാലത്തെ പൂർണമായി വകഞ്ഞു മാറ്റി, അന്നത്തെ തന്റെ സ്ഥാനപ്പേരായ അബൂ മുഹമ്മദ് ജൂലാനിയെന്ന നാമം തന്നെ ഉപേക്ഷിച്ചാണ് അശ്ശർആ ഭാരിച്ച ദൗത്യം തുടങ്ങിയിരിക്കുന്നത്. ഇസ്‌റാഈലുമായി ഏറ്റുമുട്ടലിനില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനിടയിലെ സംയമനമായി വ്യാഖ്യാനിക്കാമെങ്കിലും അത് അവസരമാക്കുകയാണ് ജൂത രാഷ്ട്രം.
1974ലെ ഉടമ്പടി പ്രകാരം സിറിയക്കും ഇസ്‌റാഈലിനുമിടയിൽ നിലവിൽവന്ന ബഫർ സോൺ പൂർണമായി ഇസ്‌റാഈലിന്റെ അധീനതയിലാക്കിയിരിക്കുന്നു. അസദ് സർക്കാറിന്റെ സൈനിക സംവിധാനങ്ങളിലേക്ക് നിരന്തരം വ്യോമാക്രമണം നടത്തിയ ഇസ്‌റാഈൽ ഇവ 80 ശതമാനത്തിലധികം തകർത്തുവെന്നാണ് അവകാശപ്പെടുന്നത്. അധിനിവിഷ്ട ജൂലാൻ കുന്നുകളിൽ സമ്പൂർണ ആധിപത്യമുറപ്പിച്ചു. അസദിന്റെ ആയുധങ്ങൾ തീവ്രവാദികളുടെ കൈയിൽ എത്താതിരിക്കാനാണത്രേ ജൂതരാഷ്ട്രത്തിന്റെ ആക്രമണം. യഥാർഥ ലക്ഷ്യം സിറിയയെ നിരായുധമാക്കുകയാണ്. തങ്ങളുടെ വരുതിയിൽ നിൽക്കുന്ന ദുർബല പ്രദേശമായി സിറിയ മാറണം. ഫലസ്തീൻ അധിനിവേശത്തിലടക്കം ഇസ്‌റാഈലിനെ സായുധമായി വെല്ലുവിളിക്കുന്ന ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണ ലഭിക്കുന്നത് സിറിയ വഴിയാണ്. ആ സിറിയയിൽ കാലുറപ്പിക്കുന്നിതിലൂടെ ഈ കൂട്ടുകെട്ട് തകർക്കുകയാണ് ജൂത രാഷ്ട്രം ചെയ്യുന്നത്.
അതിർത്തിത്തർക്കം നിലനിൽക്കുകയും 1967ലെ യുദ്ധത്തിൽ പിടിച്ചടക്കുകയും ചെയ്ത ജൂലാൻ കുന്നുകളിൽ ജൂത കുടുംബങ്ങളെ പാർപ്പിക്കാനുള്ള പദ്ധതിയിലേക്ക് നെതന്യാഹു സർക്കാർ നീങ്ങിക്കഴിഞ്ഞു. ട്രംപ് നേരത്തേ അധികാരത്തിലിരുന്നപ്പോൾ തന്നെ ഈ നീക്കത്തിന് കളമൊരുങ്ങിയതാണ്. അന്ന് പക്ഷേ, അസദിന് റഷ്യയുടെ രക്ഷാകർതൃത്വം കൂടി ഉണ്ടായിരുന്നതിനാൽ നടന്നില്ല. അസദ് വീഴുകയും സിറിയ പരിവർത്തന ഭരണസംവിധാനത്തിന്റെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഈ പദ്ധതികളെല്ലാം അതിവേഗം നടപ്പാക്കുകയാണ് ഇസ്‌റാഈൽ. മേഖലയിലെ ഏറ്റവും ഉയരമുള്ള മൗണ്ട് ഹെർമോണിൽ 2025 അവസാനം വരെ ഇസ്‌റാഈൽ സൈന്യം നിലയുറപ്പിക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് നെതന്യാഹു.
അതീവ തന്ത്രപ്രധാനമാണ് മൗണ്ട് ഹെർമോൺ. സയണിസ്റ്റ് അതിർത്തി വ്യാപന സ്വപ്നത്തിൽ സിറിയ കൂടിയുണ്ടെന്ന് മനസ്സിലാക്കുമ്പോഴാണ് ഈ നീക്കങ്ങളുടെ ഭീകരത ബോധ്യപ്പെടുക. യഥാർഥ ദേശീയ ഭരണകൂടമായി സിറിയൻ സർക്കാർ മാറിക്കൊണ്ട് മാത്രമേ ഈ അധിനിവേശ നീക്കത്തെ ചെറുക്കാനാകൂ. കുർദ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്, സിറിയൻ നാഷനൽ ആർമിയെന്ന പേരിൽ തുർക്കിയയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘം, അൽ ഖാഇദയുമായി ബന്ധം സ്ഥാപിച്ച പഴയ ഗ്രൂപ്പുകളുടെ പുതിയ രൂപങ്ങൾ, എച്ച് ടി എസിനോട് സഹകരിക്കാത്ത നിരവധി തീവ്ര സലഫീ, ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകൾ. അസദിനെ പിന്തുണച്ചിരുന്ന ശിയാ ഗ്രൂപ്പുകൾ. ഡ്രൂസ് വിഭാഗം. എല്ലാവരെയും ദേശീയധാരയിൽ ലയിപ്പിക്കുകയെന്നതാണ് യഥാർഥ പരിഹാരം.