National
ധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍; ഒരു അസ്ഥികൂടവും കണ്ടെത്തി
ഇന്ന് കണ്ടെടുത്തത് രണ്ട് തലയോട്ടികള്‍. ഏഴ് തലയോട്ടികളാണ് രണ്ടു ദിവസത്തെ തിരച്ചിലിനിടെ ഇതുവരെ കണ്ടെടുത്തത്. ഏഴ് വര്‍ഷം മുമ്പ് കാണാതായ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.

മംഗളൂരു | ധര്‍മസ്ഥലയില്‍ വീണ്ടും തലയോട്ടികള്‍ കണ്ടെത്തി. ബംഗ്ലെഗുഡ വനത്തില്‍ നിന്നാണ് ഇന്ന് രണ്ട് തലയോട്ടികള്‍ ലഭിച്ചത്. ഒരു അസ്ഥികൂടവും ലഭിച്ചു. ഏഴ് തലയോട്ടികളാണ് രണ്ടു ദിവസത്തെ തിരച്ചിലിനിടെ ഇതുവരെ കണ്ടെടുത്തത്. ഏഴ് വര്‍ഷം മുമ്പ് കാണാതായ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.
സാരി, മരക്കൊമ്പില്‍ കെട്ടിയ നിലയിലുള്ള കയര്‍ എന്നിവയും കണ്ടെടുത്തു. മൂന്ന് മണിക്കൂറോളമാണ് ഇന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) തിരച്ചില്‍ നടത്തിയത്. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരും.
കഴിഞ്ഞ ദിവസം ബംഗ്ലെഗുഡെ വനമേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. ഇത് മനുഷ്യരുടേതാണോ എന്നറിയാന്‍ കൂടുതല്‍ പരിശോധനക്കായി അയക്കുമെന്ന് എസ് ഐ ടി അറിയിച്ചിരുന്നു. 1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ നൂറോളം പേരുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുള്ളതായി മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യ വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.