Connect with us

articles

കടന്പകൾ കടക്കുമോ വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്?

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി, ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ, കൂടുതല്‍ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ വെടിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കുന്നതാണ് ബില്ല്. മനുഷ്യ- വന്യജീവി സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് ഇടത് സംഘടനകളില്‍ നിന്നടക്കം വ്യാപക ആവശ്യമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഭേദഗതിക്ക് തയ്യാറായത്.

Published

|

Last Updated

നിലവിലെ കേരള നിയമസഭാ സമ്മേളനത്തിന്റെ പ്രധാന അജന്‍ഡകളിലൊന്നാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ല്. ജനവാസ മേഖലയില്‍ വന്യജീവികള്‍ ഇറങ്ങി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ശാശ്വത പരിഹാരം തേടി കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗം കരട് ബില്ലിന് അംഗീകാരം നല്‍കിയത്. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി വരുത്തി ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ, കൂടുതല്‍ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ വെടിവെച്ച് കൊല്ലാന്‍ അനുവാദം നല്‍കുന്നതാണ് ബില്ല്. മനുഷ്യ- വന്യജീവി സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്ന് ഇടത് സംഘടനകളില്‍ നിന്നടക്കം വ്യാപക ആവശ്യമുയര്‍ന്നതോടെയാണ് സര്‍ക്കാര്‍ ഭേദഗതിക്ക് തയ്യാറായത്. തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ മലയോര ജനതയെ ഒപ്പം നിര്‍ത്തുകയെന്ന ലക്ഷ്യം കൂടി സര്‍ക്കാറിനുണ്ട്.

വനസംരക്ഷണ നിയമപ്രകാരം നാട്ടിലെത്തുന്ന വന്യമൃഗങ്ങളെ കൊല്ലുന്നത് അത്ര എളുപ്പമല്ല. കേന്ദ്ര സര്‍ക്കാറും നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും പുറപ്പെടുവിച്ച, ജനവാസ മേഖലകളില്‍ എത്തുന്ന വന്യജീവികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിംഗ് പ്രൊസീജിയര്‍ (എസ് പി) മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഷെഡ്യൂള്‍ ഒന്നിലെ കടുവയോ പുലിയോ ആണ് നാട്ടില്‍ ഇറങ്ങുന്നതെങ്കില്‍ “ആറംഗ സമിതി’ രൂപവത്കരിക്കണം. ക്യാമറകള്‍ സ്ഥാപിച്ച് അതിലെ ചിത്രങ്ങള്‍ പരിശോധിച്ച് ദേശീയ റിപ്പോസിറ്ററിയിലെ ഫോട്ടോകളുമായി താരതമ്യം ചെയ്ത് കടുവയാണോ പുലിയാണോ എന്നത് തിരിച്ചറിയണം. ഈ മൃഗങ്ങള്‍ കന്നുകാലികളെ ആക്രമിച്ചിട്ടുണ്ടോ, ഗുരുതരമായ ഏറ്റുമുട്ടല്‍ നടന്നിട്ടുണ്ടോയെന്നതടക്കം സമിതി വിദഗ്ധ പഠനം നടത്തി കണ്ടെത്തിയതിനു ശേഷം പിടികൂടാന്‍ കെണിയൊരുക്കലാണ് രീതി. കെണിയില്‍ വീണില്ലെങ്കില്‍ മാത്രമാണ് മയക്കുവെടി വെക്കാന്‍ അനുമതിയുള്ളത്. ഇങ്ങനെ നീളുന്ന കേന്ദ്ര നിയമത്തിലെ സങ്കീര്‍ണതകളെ ലഘൂകരിക്കുന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭേദഗതി.

അതേസമയം, ഈ നിയമത്തിലെ തന്നെ സെക്്ഷന്‍ 11 പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട വന്യമൃഗങ്ങളായ ആന, കടുവ, പുലി, മാന്‍, കുരങ്ങ്, മയില്‍ തുടങ്ങിയവ മനുഷ്യജീവന് ഹാനികരമാണെന്നോ ഗുരുതര രോഗമുള്ളതാണെന്നോ അംഗവൈകല്യം ഉള്ളതാണെന്നോ ബോധ്യപ്പെട്ടാല്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൊല്ലാന്‍ അനുവാദം നല്‍കുന്നുണ്ട്. അതിന് ഇക്കാലമത്രയും വനംവകുപ്പ് തയ്യാറായില്ലെന്നത് മറ്റൊരു കാര്യം.
വന്യജീവികളുടെ സാന്നിധ്യം മനുഷ്യരുടെ താത്പര്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെയാണ് പൊതുവെ മനുഷ്യ- വന്യജീവി സംഘര്‍ഷം എന്ന് വിളിക്കുന്നത്.

2021ലെ ഫോറസ്റ്റ് സര്‍വേ പ്രകാരം സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ മുപ്പത് ശതമാനത്തോളം വനങ്ങളാണ്. വനാവരണം കൂടി പരിഗണിച്ചാലത് അമ്പത്തഞ്ച് ശതമാനത്തോളം വരും. വനമേഖലയുടെ അതിര്‍ത്തികളില്‍ ഏകദേശം 725 ആദിവാസി സെറ്റില്‍മെന്റുകളും വലിയൊരളവോളം മറ്റുള്ള ജനവിഭാഗങ്ങളും താമസിക്കുന്നുണ്ട്. ആയതിനാല്‍ വനാതിര്‍ത്തികളില്‍ വന്യജീവി സംഘര്‍ഷം സര്‍വസാധാരണയാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2019നും 2024നും ഇടയില്‍ മാത്രം സംസ്ഥാനത്ത് 486 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2023-24ല്‍ മാത്രം 94 പേര്‍ കൊല്ലപ്പെട്ടു.

വന്യജീവി ആക്രമണം കാരണം 2024-25 കാലയളവില്‍ മാത്രം സംസ്ഥാനത്ത് എമ്പതിനായിരത്തിലേറെ കൃഷിനാശം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ വനമേഖലക്ക് ഉള്‍ക്കൊള്ളാവുന്നതിനപ്പുറം വന്യജീവികളുള്ളതിനാല്‍ അവയുടെ വര്‍ധനവ് നിയന്ത്രിക്കുക മാത്രമാണ് പരിഹാരം. വന്യജീവികളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വനമേഖലകളിലേക്കുള്ള മനുഷ്യരുടെ തുടര്‍ച്ചയായ കടന്നുകയറ്റം സംഘര്‍ഷത്തിന്റെ പ്രധാന കാരണമാണ്.

ആനകളടക്കമുള്ള പല വന്യജീവികളെയും മനുഷ്യവാസസ്ഥലത്തേക്ക് ആകര്‍ഷിക്കുന്നതില്‍ നമ്മുടെ കാര്‍ഷിക രീതിക്ക് കൂടി വലിയ പങ്കുണ്ട്. അവയുടെ ഇഷ്ട ഭക്ഷണങ്ങളായ വാഴ, മറ്റു ഫലവൃക്ഷങ്ങള്‍, കരിമ്പ്, പച്ചക്കറികള്‍, എണ്ണപ്പന തുടങ്ങിയ വിളകള്‍ അവരുടെ ശല്യം വര്‍ധിക്കാന്‍ ഇടവരുത്തും. വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും വന്യജീവികളെ വേട്ടയാടുന്നത് നിലച്ചതുമാണ് സ്ഥിതി ഗുരുതരമാക്കിയത്. 1980ന് ശേഷം ഇന്ത്യയില്‍ ആനകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍. ആനവേട്ട പൂര്‍ണമായും നിലച്ചാല്‍ അവയുടെ സംഖ്യ തീര്‍ച്ചയായും സ്‌ഫോടനാത്മകമാകുമെന്നുറപ്പാണ്. കാട്ടുപന്നികള്‍ ആദിവാസി സമൂഹങ്ങളുടെ ഭക്ഷണമാണ്. അവരുടെ അനുഷ്ഠാനങ്ങളിലും പാട്ടുകളിലും പന്നിവേട്ട ഒരു സാംസ്‌കാരിക അടയാളമായി സ്ഥാനംപിടിച്ചിട്ടുണ്ട്. പ്രകൃതിവിഭവമെന്ന നിലയില്‍ ഭക്ഷണത്തിനായി നായാടുമ്പോള്‍ തന്നെ അവയെ സംരക്ഷിക്കുക എന്നതായിരുന്നു പാരമ്പര്യരീതി.

ഈ രീതിയിലാണ് കഴിഞ്ഞകാലങ്ങളില്‍ വന്യജീവികളുടെ സംഖ്യ സന്തുലിതമായി നിലനിര്‍ത്തിപ്പോന്നത്. കാട്ടുപന്നി പോലെയുള്ള ചെറു ക്ഷുദ്രജീവികളെ സ്വയംരക്ഷക്കായി നേരിടാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയുമെങ്കിലും ആന, കടുവ, പുലി തുടങ്ങിയ വന്യജീവികളെ നേരിടുന്നതിന് വനം വകുപ്പ് തന്നെ രംഗത്തിറങ്ങുക അനിവാര്യമാണ്.

വന്യജീവി സംഘര്‍ഷങ്ങള്‍ കുറക്കുന്നതിനും അപകടനില തരണം ചെയ്യുന്നതിനും സ്വീകരിക്കാവുന്ന നിരവധി നടപടികളുണ്ട്. വന്യജീവികളുടെ പ്രവേശനം തടയുന്ന സോളാര്‍ വേലികള്‍, ജൈവ വേലികള്‍, കിടങ്ങുകള്‍ തുടങ്ങിയവ സ്ഥാപിക്കുക, കാവല്‍, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍, വികര്‍ഷണ തന്ത്രങ്ങള്‍ (സൈറണുകള്‍, ലൈറ്റുകള്‍, ഡ്രോണുകള്‍, റേഡിയോ കോളര്‍), മൃഗങ്ങളെ സ്ഥലം മാറ്റല്‍, സ്ഥലം മാറേണ്ടി വരുന്ന ആളുകള്‍ക്കുള്ള നഷ്ടപരിഹാരം അല്ലെങ്കില്‍ ഇന്‍ഷ്വറന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വനവിസ്തൃതി കുറയുന്നത് കൊണ്ടും മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ടും ഭക്ഷണത്തിനായി കാട് വിട്ടിറങ്ങുന്ന വന്യ ജീവികള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്ന തരത്തില്‍ സ്വാദിഷ്ടവും പോഷകഗുണമുള്ളതുമായ ഭക്ഷണം കാട്ടിനുള്ളിലോ ബഫര്‍ സോണിലോ ഉറപ്പാക്കിയാല്‍ വലിയൊരളവോളം വന്യജീവി സംഘര്‍ഷം കുറക്കാനാവും. മുമ്പ് ആനകളുടെ ഇഷ്ട ഭക്ഷണമായ മുളയുടെ ഇലകള്‍ കാട്ടില്‍ ലഭ്യമാകാതിരുന്നപ്പോള്‍ വനം വകുപ്പ് വനസങ്കേതങ്ങള്‍ക്കുള്ളില്‍ നെല്ല്, കരിമ്പ് മുതലായവ കൃഷി ചെയ്തിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം പ്രയോഗിച്ച് വിജയിച്ച വന്യജീവി പരിപാലന വ്യവസ്ഥ ഗ്രാമ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയാല്‍ കൂടുതല്‍ ഫലപ്രദമാകും.

കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് എത്രത്തോളം കഴിയുമെന്നതില്‍ ഇപ്പോഴും ആശങ്ക അവശേഷിക്കുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കൂടി അധികാരമുള്ള കണ്‍കറന്റ ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഭേദഗതി വരുത്താനാകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഷ്യം. കേന്ദ്ര നിയമമായതിനാല്‍ ഭേദഗതി വരുത്താന്‍ രാഷ്ട്രപതിയുടെ അംഗീകാരം കൂടി വേണമെന്നതും കേന്ദ്ര നോമിനിയായ ഗവര്‍ണര്‍ ഒപ്പിടുമോയെന്നതും ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. അനിശ്ചിതമായി നീളാവുന്ന ഈ കാലയളവിനിടയിലെ വന്യജീവി ആക്രമണങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും വലിയ ചോദ്യചിഹ്നമാണ്.

ഭേദഗതി നിലവില്‍വന്നാല്‍ മലയോര ജില്ലകള്‍ക്കടക്കം വലിയൊരാശ്വാസമാകുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും വന്യജീവികളെ മൊത്തമായി കൊലപ്പെടുത്തുന്നത് പ്രാദേശിക ആവാസ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുകയും ഇത് അപ്രതീക്ഷിതമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥയേക്കാള്‍ ഹ്രസ്വകാല സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന അസ്ഥിരവും വേണ്ടത്ര നിയന്ത്രണങ്ങളുമില്ലാത്ത ഇടപെടലുകള്‍ക്ക് ഭേദഗതി വഴിയൊരുക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Latest