Ongoing News
ഹസ്തദാന വിവാദം: പൈക്രോഫ്റ്റിനെ മാറ്റില്ല; പാക് ഭീഷണിയില്‍ അനിശ്ചിതത്വം
മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കണമെന്ന പാക് ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി.

ദുബൈ | ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ ഹസ്തദാനം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദം സങ്കീര്‍ണമാകുന്നു. വിഷയത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കണമെന്ന പാക് ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളി. ഇന്ത്യന്‍ താരങ്ങളുമായി ഹസ്തദാനം നിഷേധിക്കപ്പെട്ടതില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി സി ബി) നല്‍കിയ പരാതിയാണ് തള്ളപ്പെട്ടത്.
പൈക്രോഫ്റ്റിനെ ടൂര്‍ണമെന്റ് പാനലില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പി സി ബി മുന്നറിയിപ്പ് നല്‍കിയിരുന്നു. പൈക്രോഫ്റ്റിനെ ഒഴിവാക്കില്ലെന്ന കാര്യം സ്ഥിരീകരിച്ചു കൊണ്ടുള്ള മറുപടി കഴിഞ്ഞ അര്‍ധരാത്രി പി സി ബിക്ക് നല്‍കിയതായി ഐ സി സി വൃത്തത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പരാതി തള്ളപ്പെട്ട സാഹചര്യത്തില്‍ പി സി ബി മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ-പാക് മത്സരത്തിന്റെ ടോസിനിടെയായിരുന്നു സംഭവം. പാക് നായകന്‍ സല്‍മാന്‍ അലി ആഗയും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തമ്മിലുള്ള ഹസ്തദാനം ഒഴിവാക്കപ്പെടുകയായിരുന്നു. പൈക്രോഫ്റ്റാണ് ഹസ്തദാനത്തില്‍ നിന്ന് സല്‍മാനെ തടഞ്ഞതെന്നാണ് പി സി ബിയുടെ ആരോപണം. പ്രതിഷേധത്തിന്റെ ഭാഗമായി പ്രസന്റേഷന്‍ ചടങ്ങ് പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ബഹിഷ്‌കരിച്ചിരുന്നു.
ക്രിക്കറ്റിന്റെ സ്പിരിറ്റുമായി ബന്ധപ്പെട്ട ഐ സി സിയുടെ പെരുമാറ്റച്ചട്ടവും എം സി സി നിയമങ്ങളും ലംഘിച്ച മാച്ച് റഫറിയെ അടിയന്തരമായി നീക്കണമെന്ന് പി സി ബി ആവശ്യപ്പെട്ടതായി നഖ്വി എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച ശേഷം തനിക്കൊപ്പം ബാറ്റ് ചെയ്തിരുന്ന ശിവം ദുബെക്ക് മാത്രം കൈകൊടുത്ത് സൂര്യകുമാര്‍ യാദവ് മൈതാനത്തു നിന്ന് പോയതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പാക് താരങ്ങള്‍ക്ക് മുഖം കൊടുക്കാതെയായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് ഇരകളായവര്‍ക്കും സൈനികര്‍ക്കും ഐക്യദാര്‍ഢ്യം നല്‍കുന്നതുമായാണ് സൂര്യകുമാര്‍ യാദവ് സംഭവവികാസങ്ങളെ ബന്ധിപ്പിച്ചത്. ധീരത കാണിച്ച സായുധ സൈന്യത്തിന് വിജയം സമര്‍പ്പിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യന്‍ നായകന്‍ പറഞ്ഞു.