National
വിവാദ വ്യവസായി ലളിത് മോഡിയുടെ സഹോദരൻ സമീർ മോഡി ബലാത്സംഗ കേസിൽ അറസ്റ്റിൽ
പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനിയായ മോഡി കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് സമീർ മോഡി.

ന്യൂഡൽഹി | മുൻ ഐപിഎൽ ചെയർമാനും വിവാദ വ്യവസായിയുമായ ലളിത് മോഡിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീർ മോഡി ബലാത്സംഗക്കേസിൽ അറസ്റ്റിൽ. ഡൽഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അഞ്ച് ദിവസം മുൻപ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഡൽഹി പോലീസ് അറിയിച്ചു. നേരത്തെയാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനിയായ മോഡി കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് സമീർ മോഡി.
കഴിഞ്ഞ വർഷം അമ്മ ബീന മോഡിയുമായുള്ള സ്വത്ത് തർക്കത്തെ തുടർന്നും സമീർ വാർത്തകളിൽ ഇടം നേടിയിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് അമ്മയിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി 2024 ജൂണിൽ ഡൽഹി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. 2019-ൽ കുടുംബനാഥൻ കെ.കെ. മോഡിയുടെ മരണശേഷം 11,000 കോടി രൂപയുടെ സ്വത്ത് തർക്കത്തെ തുടർന്നാണ് ഈ പ്രശ്നങ്ങൾ ഉടലെടുത്തത്.