Articles
ജാഫര്‍: സ്നേഹവും കരുതലും നല്‍കിയ പച്ചമനുഷ്യന്‍
ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഒരു മനുഷ്യന്റെ ചിരി മാഞ്ഞുപോകുമ്പോള്‍, സൗഹൃദത്തിന്റെ ഊഷ്മളത അകന്നു പോകുമ്പോള്‍ നമ്മളറിയാതെ ഉള്ളം നുറുങ്ങും. സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം എന്ന പ്രിയ സുഹൃത്തിന്റെ ആകസ്മിക വിയോഗം, അത്തരത്തില്‍ ഒരു ഞെട്ടലും ഉലച്ചിലുമാണ് ഞങ്ങളിലുണ്ടാക്കുന്നത്.

ഓരോ മരണവും അവശേഷിപ്പിക്കുന്നത് വല്ലാത്തൊരു ശൂന്യതയാണ്. ഉറ്റവരുടെ ഹൃദയങ്ങളില്‍ നോവ് പടര്‍ത്തിയല്ലാതെ ആരും കടന്നുപോകുന്നില്ല. മരണത്തിന്റെ മാലാഖ വന്ന് വിളിച്ചാല്‍ ‘നോ’ പറയാന്‍ നമ്മള്‍ മനുഷ്യര്‍ അശക്തര്‍. എല്ലാ വേര്‍പാടുകളും ഹൃദയം നുറുക്കുന്നതാണെങ്കിലും ചില വേര്‍പാടുകള്‍ നമ്മളെ വല്ലാതെ ഉലച്ചു കളയും. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് ഒരു മനുഷ്യന്റെ ചിരി മാഞ്ഞുപോകുമ്പോള്‍, സൗഹൃദത്തിന്റെ ഊഷ്മളത അകന്നു പോകുമ്പോള്‍ നമ്മളറിയാതെ ഉള്ളം നുറുങ്ങും. സിറാജ് സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം എന്ന പ്രിയ സുഹൃത്തിന്റെ ആകസ്മിക വിയോഗം, അത്തരത്തില്‍ ഒരു ഞെട്ടലും ഉലച്ചിലുമാണ് ഞങ്ങളിലുണ്ടാക്കുന്നത്.
ജാഫര്‍ അബ്ദുര്‍റഹീം, ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് പുഞ്ചിരി നിറഞ്ഞ ഓര്‍മയാകും എന്നും. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിച്ച ജാഫര്‍, എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. സത്യസന്ധതയും വിനയവും സ്‌നേഹവും മനസ്സില്‍ നിറച്ച യുവ മാധ്യമപ്രവര്‍ത്തകന്‍. നിഷ്‌കളങ്കമായ ആ ചിരിയും സ്‌നേഹത്തോടെയുള്ള പെരുമാറ്റവും ആരിലേക്കും ജാഫറിനെ എളുപ്പത്തില്‍ അടുപ്പിക്കും. ഒരാളോട് പോലും ആ മനുഷ്യന്‍ കയര്‍ത്തു സംസാരിച്ചിട്ടുണ്ടാവില്ല. ആര് സഹായം ചോദിച്ചാലും വിളിപ്പുറത്തുണ്ടാകും ജാഫര്‍. കടം ചോദിച്ചാല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇല്ലെന്ന് പറയില്ല അവന്‍. തന്നാലാകുന്നത് നല്‍കും. വാങ്ങിയ ആള്‍ തിരിച്ചുതന്നെങ്കില്‍ തിരിച്ചു വാങ്ങും, ഇല്ലെങ്കില്‍ ജാഫര്‍ അത് ചോദിക്കില്ല. അയാള്‍ തന്നെ വീണ്ടും ചോദിച്ചാല്‍ പഴയ കണക്ക് ഓര്‍മിപ്പിക്കാതെ വീണ്ടും എടുത്തു നല്‍കുന്ന പച്ചയായ മനുഷ്യസ്‌നേഹി. അവന്റെ ഫേസ്ബുക്ക് ഇന്‍ട്രോയില്‍ അവന്‍ തന്നെ അവനെ പരിചയപ്പെടുത്തുന്നത് എത്രമേല്‍ അര്‍ഥവത്താണ് എന്ന് പലപ്പോഴും ഓര്‍ത്തുപോയിട്ടുണ്ട് – ‘പിണങ്ങിയും ഇണങ്ങിയും പ്രപഞ്ചത്തെ സ്‌നേഹിച്ച്, ലോകരെ വിശ്വസിച്ച്, സ്നേഹവും കരുതലും നല്‍കുന്നവന്‍’ – അക്ഷരം പ്രതി സത്യം, അതുതന്നെയായിരുന്നു ജാഫര്‍.
ജോലിയോട് പുലര്‍ത്തിയ ആത്മാര്‍ത്ഥതയും സമര്‍പ്പണവുമാണ് ജാഫറിനെ വേറിട്ടു നിര്‍ത്തുന്ന മറ്റൊരു ഘടകം. ചെറിയ പ്രായത്തില്‍ തന്നെ മലപ്പുറം, കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലെ സിറാജ് ബ്യൂറോകളില്‍ സേവനമനുഷ്ടിച്ച ജാഫറിന്റെ സംഭാവനകള്‍ ചെറുതല്ല. ഏത് വാര്‍ത്തയും ജാഫറിന് വഴങ്ങും. മുസ്‌ലിം പൊളിറ്റിക്‌സും സംഘടനാ വിശേഷങ്ങളുമാണെങ്കില്‍ പേനയുടെ മഷി തീരുംവരെ എഴുതാന്‍മാത്രം വിവരവും ചരിത്രബോധവുമുണ്ടായിരുന്നു അവന്. കോഴിക്കോട് സെന്‍ട്രല്‍ ഡെസ്‌കില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, സിറാജ് ലൈവിന് വേണ്ടിയും ജാഫര്‍ വാര്‍ത്തകള്‍ എഴുതിയിരുന്നു. അന്താരാഷ്ട്രമാവട്ടെ, ദേശീയമാവട്ടെ, പ്രാദേശികമാവട്ടെ, ഏത് വാര്‍ത്ത ഏല്‍പ്പിച്ചാലും ഒരു ചെറുചിരിയോടെ ജാഫര്‍ അത് ഏറ്റെടുക്കും. ഭംഗിയായി എഴുതും. വായനയോടും എഴുത്തിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് ആ വളര്‍ച്ചയുടെ രഹസ്യം.
അന്ന്, സെപ്തംബര്‍ 13ന് ശനിയാഴ്ച പുലര്‍ച്ചെ ഡെസ്‌കിലെ ഡ്യൂട്ടി കഴിഞ്ഞ് സമീപത്തെ സിറാജ് ക്വാര്‍ട്ടേഴ്‌സിലേക്ക് ഉറങ്ങാന്‍ പോയതാണ് ജാഫര്‍. പതിവുപോലെ കൈയില്‍ ഒരു ബാഗും പിടിച്ച് സെക്യൂരിറ്റിയോട് സലാം പറഞ്ഞ്, സുഹൃത്ത് അസീസിന്റെ തോളില്‍ കൈയ്യിട്ട് സിറാജിന്റെ ഗെയ്റ്റിറങ്ങിയതാണ് അവന്‍. വയനാട് – കോഴിക്കോട് റോഡിന്റെ ഫുട്പാത്തിലൂടെ സുസ്‌മേരവദനനായി നടന്നുനീങ്ങുന്ന ജാഫറിന്റെ ദൃശ്യം സിസിടിവി വീഡിയോയില്‍ കാണാം. നടത്തത്തിനിടയില്‍ ഒന്ന് നിന്ന് അസീസിനോട് ‘നമുക്കൊരു കട്ടനടിച്ചാലോ’ എന്ന് ജാഫര്‍ ചോദിച്ചത് അസീസ് ഓര്‍ക്കുന്നുണ്ട്. പറഞ്ഞുമുഴുമിപ്പിക്കുന്നതിന് മുമ്പേ, ചീറിപ്പാഞ്ഞുവന്ന ഒരു കാര്‍ അവനെ ഇടിച്ചുവീഴത്തി സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ കൂടി ഇടിച്ച് സിറാജിന്റെ ഗെയ്റ്റിന് മുന്നില്‍ എത്തിച്ചു. പിന്നെ, അഞ്ച് ദിവസം മരണത്തോട് മല്ലടിച്ച് ജാഫര്‍ പിടിച്ചുനിന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജാഫറിന്റെ ശ്വാസം നിലച്ചു. ഇന്നാലില്ലാഹ്… അന്ന് 2019 ആഗസ്റ്റ് മൂന്നിന്റെ പുലര്‍ക്കാലത്ത് തിരുവനന്തപുരം വെള്ളയമ്പലത്ത് വെച്ച് ഞങ്ങളുടെ പ്രിയങ്കരനായിരുന്ന കെ എം ബഷീറിനെ, കുടിച്ച് മദോന്മത്താനായ ഒരു ഐ എ എസ് ഉദ്യോഗസ്ഥന്‍ കാറിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ നീറ്റലുണങ്ങും മുമ്പ് അതുപോലൊരു സാഹചര്യത്തില്‍ ജാഫറിനെയും ഞങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു.
അറിവുകള്‍ പങ്കുവെച്ചും, ചിരികള്‍ കൈമാറിയും, പ്രതിസന്ധികളില്‍ താങ്ങും തണലുമായി നിന്ന ആ നല്ല മനുഷ്യന്‍ എന്നും ഓര്‍മ്മിക്കപ്പെടും. നാല് മാസം ഗര്‍ഭിണിയായ പ്രിയതമയെ തനിച്ചാക്കി കടന്നുപോയ ജാഫര്‍, കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂലയിലെ നാട്ടുകാര്‍ക്കും, കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും തീര തീരാനഷ്ടം അവശേഷിപ്പിച്ചാണ് കടന്നുപോയത്. ഒരു നല്ല മനുഷ്യനെ നഷ്ടപ്പെട്ടതിന്റെ വേദന, ആ വേര്‍പാട് നല്‍കിയ ശൂന്യത, അതൊന്നും വാക്കുകള്‍ക്ക് വിവരിക്കാന്‍ കഴിയില്ല.
ജാഫര്‍ നമ്മോടൊപ്പം ഇനിയില്ല എന്നത് വിശ്വസിക്കാന്‍ മനസ്സ് മടിക്കുന്നു. ഓര്‍മ്മകളില്‍ എന്നും ജീവിക്കുന്ന ആ നല്ല മനുഷ്യന്, കണ്ണീരോടെ യാത്രാമൊഴി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞങ്ങള്‍ സിറാജിലെ സഹപ്രവര്‍ത്തകരും മാനേജ്‌മെന്റും സുഹൃത്തുക്കളും പങ്കുചേരുന്നു. ജാഫറിന്റെ പരലോക ജീവിതം പടച്ചവന്‍ വെളിച്ചമുള്ളതാക്കട്ടെ എന്ന പ്രാര്‍ഥന മാത്രം…