Kuwait
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കും; അടിയന്തര സാഹചര്യങ്ങളില്‍ അതിവേഗ ഇടപെടല്‍ നടപ്പാക്കും: ശൈഖ് ഫഹദ് അല്‍ യൂസുഫ്
വിവിധ സുരക്ഷാ മേഖലകള്‍ക്കിടയില്‍ ഏകോപനം നടത്തുവാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.

കുവൈത്ത് സിറ്റി | കുവൈത്തിലെ ഏത് അടിയന്തര സാഹര്യങ്ങളിലും അതിവേഗം പ്രതികരിക്കാനും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുവൈത്തിലെ സുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാരുമായും സുരക്ഷാ മേധാവികളുമായും നടത്തിയ ചര്‍ച്ചായോഗത്തിലാണ് മന്ത്രി ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സുരക്ഷാ മേഖലകള്‍ക്കിടയില്‍ ഏകോപനം നടത്തുവാനും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതിനും രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു. രാജ്യത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂളുകള്‍, സുപ്രധാന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫീല്‍ഡ് സുരക്ഷാ സാന്നിധ്യം ശക്തമാക്കാനും തിരക്കേറിയ ഇടങ്ങളില്‍ ഗതാഗതം സുഗമമാക്കാനും ശ്രമിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജീവന്‍ അപകടത്തിലാക്കും വിധവും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതുമായ നിയമ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിലും ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രാലയത്തിലെ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ അദ്വാനി, പൊതു സുരക്ഷാ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഹമീദ് അല്‍ ദവ്വാസ് എന്നിവരുള്‍പ്പെടെ മറ്റു നിരവധി മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഇബ്രാഹിം വെണ്ണിയോട്