Connect with us

Articles

വി എസ് എന്ന ജനപക്ഷ നേതാവ്

രവധിയായ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടല്‍ വഴി രൂപപ്പെട്ടതാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. അതില്‍ പുരാതനവും നവീനവുമായ മാറ്റങ്ങളുടെ ഭാഗമായ നേതാവാണ് വി എസ്. വി എസ് കേരള രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം നിറഞ്ഞു നില്‍ക്കുക തന്റെ ജനപക്ഷ നിലപാട് കൊണ്ട് തന്നെയായിരിക്കും.

Published

|

Last Updated

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വി എസ് അച്യുതാനന്ദന് പകരം വി എസ് മാത്രമാണ്. അതിന് പല കാരണങ്ങളുണ്ട്. നിരവധിയായ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടല്‍ വഴി രൂപപ്പെട്ടതാണ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം. അതില്‍ പുരാതനവും നവീനവുമായ മാറ്റങ്ങളുടെ ഭാഗമായ നേതാവാണ് വി എസ്. 1923 ഒക്ടോബര്‍ 20ന് ആലപ്പുഴ പുന്നപ്ര വെന്തലത്തറ ശങ്കരന്റെയും അക്കാമയുടെയും നാല് മക്കളില്‍ രണ്ടാമനായി പിറന്ന വി എസിന്റെ ജീവിതം മുഴുനീളം ജനപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. അതില്‍ നിര്‍ണായക അടയാളമായി ചരിത്രത്തില്‍ ഇടം പിടിച്ചതാണ് പുന്നപ്ര വയലാര്‍ സമരം.

വി എസ് പാര്‍ലിമെന്ററി രാഷ്ട്രീയത്തിലെ കറകളഞ്ഞ കമ്മ്യൂണിസ്റ്റും അടിത്തട്ടു മനുഷ്യരെ ചേര്‍ത്തുപിടിച്ച നേതാവുമാകുന്നത് അധികാരത്തിന്റെ പിന്‍ബലത്തിലല്ല. അധികാരത്തില്‍ നിന്ന് പുറത്തു പോകുമ്പോള്‍ അപ്രത്യക്ഷനാകുന്ന, അപ്രസക്തനാകുന്ന നേതാവല്ല ഒരിക്കലും വി എസ്. അതിന് പല കാരണങ്ങളുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും അതില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ കമ്മ്യൂണിസ്റ്റ് ആശയധാരയിലും വി എസ് ഒരു ശക്തിയായി നിലനില്‍ക്കുന്നത് നിലപാടുകൊണ്ട് തന്നെയാണ്. ജനാധിപത്യത്തില്‍ ഏറ്റവും പെട്ടെന്ന് നേതാക്കളെ ബാധിക്കുന്ന അഴിമതിയും അവസരവാദവും സ്വജനപക്ഷപാതവും പല നേതാക്കളുടെയും ജീവചരിത്രത്തെ കളങ്കപ്പെടുത്തിയതിന്റെ തെളിവുകള്‍ നമുക്ക് മുമ്പിലുണ്ട്. അത്തരമൊരു യാഥാര്‍ഥ്യത്തിന് മുമ്പിലാണ് നൂറ്റിരണ്ടാമത്തെ വയസ്സില്‍ വിട പറയുമ്പോഴും വി എസ് പൂര്‍ണ രാഷ്ട്രീയ മനുഷ്യനാകുന്നത്.

രാഷ്ട്രീയം അങ്ങേയറ്റം വാണിജ്യവത്കരിക്കപ്പെടുകയും ജനസേവനം വ്യക്തിതാത്പര്യത്തിന്റെ ഭാഗമായി മാറുകയും ചെയ്ത കാലത്ത് വി എസിനെ കുറിച്ചുള്ള വിലയിരുത്തലിന് ഏറെ പ്രാധാന്യമുണ്ട്. 82ാം വയസ്സില്‍ മുഖ്യമന്ത്രിയായ വി എസ് എന്തുകൊണ്ട് ആ സ്ഥാനത്ത് എത്താന്‍ ഇത്രമാത്രം വൈകി എന്നതിന് പൊതുസമൂഹമല്ല ഉത്തരം പറയേണ്ടത്. അതേസമയം, മുഖ്യമന്ത്രിപദവി ഇല്ലാതിരുന്നിട്ടും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വി എസ് സ്വീകരിച്ച നിലപാട്, അധികാരമില്ലെങ്കിലും ഒരു രാഷ്ട്രീയ മനുഷ്യന് തനിക്ക് മുമ്പിലെ അനീതിക്കെതിരെ പോരാടാന്‍ കഴിയും എന്നതിന്റെ തെളിവ് കൂടിയാണ്.

2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവായിരിക്കെ വി എസ് നടത്തിയ രാഷ്ട്രീയ ഇടപെടല്‍ കേരളത്തില്‍ ഉണ്ടാക്കിയ രാഷ്ട്രീയ സജീവത ആരും മറന്നു കാണില്ല. ഇതര സംസ്ഥാന ലോട്ടറി നിരോധനവുമായി ബന്ധപ്പെട്ട് വി എസ് നടത്തിയ പോരാട്ടവും 2002ല്‍ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതരായ മനുഷ്യര്‍ക്ക് വേണ്ടി നിയമസഭയില്‍ ശക്തിയുക്തം വാദിച്ചതും ജനപക്ഷത്ത് നിന്നു കൊണ്ടുള്ള മികച്ച ഇടപെടലുകളായിരുന്നു. പിന്നീട് 2007ല്‍ മുഖ്യമന്ത്രിയായിരിക്കെ ഭൂമികൈയേറ്റത്തിനെതിരെ സ്വീകരിച്ച നിലപാടുകള്‍, ഭൂമിക്കു മേല്‍ കുത്തകകളും ഒരു വിഭാഗം രാഷ്ട്രീയ നേതൃത്വവും വെച്ചുപുലര്‍ത്തിയ അധീശത്വത്തെ തുറന്നു കാട്ടുന്നതായിരുന്നു. എന്നാല്‍ ഇതൊക്കെ വ്യവസ്ഥിതിക്കുള്ളില്‍ മൂലധന രാഷ്ട്രീയം ശക്തിപ്പെടുമ്പോള്‍ രൂപപ്പെടുന്നതാണെന്ന തിരിച്ചറിവ് വി എസിന് ഉണ്ടായിരുന്നു. ആ മൂലധന രാഷ്ട്രീയത്തോട് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഉണ്ടാകുന്ന അപ്രിയകരമായ അടുപ്പത്തെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് നിശിതമായി വിമര്‍ശിക്കുമ്പോള്‍ അതേ പാര്‍ട്ടിക്ക് വി എസ് അപ്രിയനായി. അതേ സമയം പൊതുസമൂഹത്തില്‍ ജനപക്ഷ നേതാവായി ശക്തിപ്പെടുകയും ചെയ്തു. എന്തുകൊണ്ട് പാര്‍ട്ടിക്ക് പുറത്ത് അങ്ങനെയൊരു അംഗീകാരം കിട്ടി എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാവുന്ന ഉത്തരമേയുള്ളൂ. അടിസ്ഥാനവര്‍ഗ മനുഷ്യരോടുള്ള സമീപനം. 1967 മുതല്‍ 1990 വരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ വിവാദം സൃഷ്ടിച്ച കിളിരൂര്‍ കേസും ഐസ്‌ക്രീം പെണ്‍വാണിഭ കേസും വി എസിന്റെ പോരാട്ടം കൊണ്ട് മാത്രം മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. സൂര്യനെല്ലി, മതികെട്ടാന്‍ മല കൈയേറ്റം, 1992ലെ ആദിവാസികളുടെ പട്ടിണി മരണവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പോരാട്ടം… ഇതില്‍ പലതും സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിനുള്ളില്‍ വിവാദങ്ങളായവയാണ്. അതു വഴി വി എസ് സ്വന്തം പാര്‍ട്ടിക്ക് ഭാരമായി മാറിയതും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും വിസ്മരിക്കാനാകില്ല. വി എസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുമെന്ന് വരെ പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്ന് കൊണ്ടുതന്നെ ജീവിതാവസാനം വരെ ഒരു കമ്മ്യൂണിസ്റ്റായി ജീവിക്കാന്‍ കഴിഞ്ഞു എന്നതാണ് വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ വ്യക്തിത്വം. അവിടെ ഒരു അധികാര ഇടപെടലിനും വി എസിനെ വിലക്ക് വാങ്ങാന്‍ കഴിഞ്ഞില്ല.

2006ല്‍ മനോരമ പത്രത്തിന്റെ ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ പരിപാടിയില്‍ ആദരവ് സ്വീകരിച്ചുകൊണ്ട് വി എസ് നടത്തിയ പ്രസംഗം കേരളം മറന്നിട്ടില്ല. തന്നെ ആദരിക്കാന്‍ ചേര്‍ന്ന അതേ വേദിയില്‍ വെച്ച് മനോരമ തന്റെ പാര്‍ട്ടിക്ക് എതിരെ നടത്തുന്ന വിമര്‍ശനത്തെയും അതിനോടുള്ള വിയോജിപ്പിനെയും തുറന്നുപറഞ്ഞു. അതുവഴി ഒരുതരത്തിലും തന്നെ പ്രീതിപ്പെടുത്തിക്കൊണ്ട് തന്റെ നിലപാട് ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയില്ല എന്നൊരു സന്ദേശം കൂടി പ്രഖ്യാപിക്കുന്നുണ്ട് വി എസ്. ഈ നിലപാട് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെ പലപ്പോഴായി വി എസ് നടത്തിയിട്ടുണ്ട്.

കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യാനുള്ള വി എസിന്റെ തീരുമാനം അന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിലക്കിയതായിരുന്നു. എന്നിട്ടും വി എസ് സമരഭൂമിയിലേക്ക് യാത്ര പുറപ്പെട്ടു. അവിടെ എത്തുന്നതിനു മുമ്പ് പോലീസ് തടഞ്ഞുവെങ്കിലും ആ യാത്ര വഴി വി എസ് ജനങ്ങളോട് പറഞ്ഞത്, അധികാര രാഷ്ട്രീയത്തേക്കാള്‍ താന്‍ നിലയുറപ്പിച്ച ശരിയുടെ പക്ഷത്ത് ചേര്‍ന്ന് മുന്നോട്ട് പോകുമെന്നാണ്. 2012ലെ ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സമയത്ത് ചന്ദ്രശേഖരന്റെ വീട്ടില്‍ എത്തി ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന ഫോട്ടോ ഇന്നും കേരളം മറന്നിട്ടില്ല.

വി എസിന്റെ രാഷ്ട്രീയ ജീവിതത്തെ ഇനിയുള്ള കാലം കേരളം എങ്ങനെയാണ് ചര്‍ച്ച ചെയ്യുക. 1963ല്‍ സി പി എം എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപവത്കരിച്ചതിനു ശേഷം 2020 വരെ സജീവമായി പ്രവര്‍ത്തിച്ച നേതാവാണ് വി എസ്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ ഒരു കമ്മ്യൂണിസ്റ്റായിരിക്കെ അധികാരത്തിന്റെ അമിതാഭിമുഖ്യത്തില്‍ വീണു പോകാത്ത വിരലിലെണ്ണാവുന്ന ഒരു നേതാവ് കൂടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. പലപ്പോഴും ഏതെങ്കിലും നേതാവ് മരിക്കുമ്പോള്‍ അത് ആ പാര്‍ട്ടിയുടെ, പ്രസ്ഥാനത്തിന്റെ നഷ്ടമായാണ് വിലയിരുത്തുക. എന്നാല്‍ വി എസിന്റെ ഇന്നേവരെയുള്ള ജീവിതത്തെ പഠിക്കുന്ന ഒരു രാഷ്ട്രീയ വിദ്യാര്‍ഥിക്ക്, വി എസിനെ വ്യവസ്ഥാപിത രാഷ്ട്രീയ അധികാര കോളങ്ങളില്‍ നിന്ന് പുറത്തുചാടി ജീവിച്ച ധീരനായ കമ്മ്യൂണിസ്റ്റായിട്ടാണ് വായിച്ചെടുക്കാന്‍ കഴിയുക. അധികാര രാഷ്ട്രീയത്തിന്റെ ഉള്‍പ്പിരിവുകളെ പാര്‍ലിമെന്ററി അധികാരത്തിനുള്ളില്‍ നിന്നുകൊണ്ട് നിരീക്ഷിക്കാന്‍ വി എസിന് കഴിഞ്ഞു. 2006ല്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട നിലപാടും അതുണ്ടാക്കിയ വിവാദങ്ങളും മാത്രം മതി വി എസിന്റെ അധികാര സ്ഥാനത്തെ രേഖപ്പെടുത്താന്‍. ആ അര്‍ഥത്തില്‍ വി എസ് കേരള രാഷ്ട്രീയത്തില്‍ ഇനിയുള്ള കാലം നിറഞ്ഞു നില്‍ക്കുക തന്റെ ജനപക്ഷ നിലപാട് കൊണ്ട് തന്നെയായിരിക്കും.

 

Latest