National
മരടിന് സമാനം നോയിഡയിലും ഫ്‌ളാറ്റ് കെട്ടിടം പൊളിക്കുന്നു; സൂപ്പര്‍ടെക്ക് ഇരട്ടക്കെട്ടിടം ഇന്ന് സ്‌ഫോടനത്തിലൂടെ തകര്‍ക്കും
3,700 കിലോ സ്‌ഫോടക വസ്തുക്കളുപയോഗിച്ചാണ് 100 മീറ്ററോളം ഉയരമുള്ള ഫ്‌ളാറ്റ് തകര്‍ക്കുന്നത്. ഉച്ചക്ക് രണ്ടരയോടെ സ്‌ഫോടനം നടത്തും. ഒമ്പത് സെക്കന്‍ഡുകൊണ്ട് കെട്ടിടം പൂര്‍ണമായി നിലംപൊത്തും.

ന്യൂഡല്‍ഹി | കേരളത്തിലെ മരടിന് സമാനമായി ഡല്‍ഹിയിലെ നോയിഡയിലും ഫ്‌ളാറ്റ് കെട്ടിടം പൊളിക്കുന്നു. ഇവിടുത്തെ സൂപ്പര്‍ടെക്ക് ഇരട്ടക്കെട്ടിടങ്ങള്‍ ഇന്ന് നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും. ഉച്ചക്ക് രണ്ടരയോടെ സ്‌ഫോടനം നടത്തും. ഒമ്പത് സെക്കന്‍ഡുകൊണ്ട് കെട്ടിടം പൂര്‍ണമായി നിലംപൊത്തും. 900 ത്തില്‍ അധികം ഫ്‌ളാറ്റുകളുള്ള 40 നില ഇരട്ട കെട്ടിട സമുച്ചയമാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് പൊളിക്കുന്നത്. ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേക്ക് സമീപം നോയിഡയിലെ സെക്ടര്‍ 93ല്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിട സമുച്ചയത്തിന് 7.5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. 3,700 കിലോ സ്‌ഫോടക വസ്തുക്കളുപയോഗിച്ചാണ് 100 മീറ്ററോളം ഉയരമുള്ള ഫ്‌ളാറ്റ് തകര്‍ക്കുന്നത്. ഇന്ത്യയില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇത്. മരടിലെ കെട്ടിടങ്ങള്‍ തകര്‍ത്ത കമ്പനികള്‍ തന്നെയാണ് ഇവിടെയും സ്‌ഫോടനം നടത്തുന്നത്. മരടില്‍ നാല് ഫ്‌ളാറ്റ് കെട്ടിടങ്ങളായിരുന്നു പൊളിച്ചുനീക്കിയത്.
നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് ഹൈവേക്ക് സമീപത്തായാണ് ഇരട്ട ഫ്‌ളാറ്റ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന് മുന്നോടിയായി പ്രദേശത്ത് കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശവാസികളോട് ഇവിടെ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് വരെ എക്‌സ്പ്രസ് ഹൈവേയുടെ ഒരു ഭാഗം അടച്ചിടും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ആംബുലന്‍സുകളും അഗ്‌നിശമനസേനയും ജാഗ്രതയോടെ നിലയുറപ്പിക്കും. കെട്ടിടം പൊളിക്കുന്ന സാഹചര്യത്തില്‍ നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ അരമണിക്കൂര്‍ വാഹന ഗതാഗതം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് ഡ്രോണ്‍ കാമറ ഉപയോഗവും നിരോധിച്ചിരിക്കുകയാണ്.
2010ലെ ഉത്തര്‍പ്രദേശ് അപ്പാര്‍ട്ട്‌മെന്റ് നിയമം ലംഘിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് ഇത് പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ഉത്തരവിട്ടത്. നിക്ഷേപകര്‍ക്കും ഫ്‌ളാറ്റ് വാങ്ങിയവര്‍ക്കും 2022 ജനുവരി 17 നകം 12 ശതമാനം പലിശ സഹിതം പണം തിരികെ നല്‍കാന്‍ ഉടമകളായ സൂപ്പര്‍ടെക് കമ്പനിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പൊളിച്ചു നീക്കലിന്റെ ചെലവും സൂപ്പര്‍ടെക്ക് വഹിക്കണം.